'ജാതിവെറി' ഡയലോഗ് കേട്ട് കയ്യടിച്ച എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും പൊതുബോധമല്ല ഇന്ന്; 'സവര്‍ണ പുനരുദ്ധാരണ യത്‌നങ്ങള്‍' പണ്ടത്തെപ്പോലെ ഏല്‍ക്കുന്നില്ല: ദീപ നിശാന്ത്
Kerala News
'ജാതിവെറി' ഡയലോഗ് കേട്ട് കയ്യടിച്ച എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും പൊതുബോധമല്ല ഇന്ന്; 'സവര്‍ണ പുനരുദ്ധാരണ യത്‌നങ്ങള്‍' പണ്ടത്തെപ്പോലെ ഏല്‍ക്കുന്നില്ല: ദീപ നിശാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th July 2022, 11:02 pm

കടുവ സിനിമയിലെ വിവാദമായ ഡയലോഗില്‍ പ്രതികരിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെ അപമാനിച്ച് കൊണ്ടുള്ള ഡയലോഗിനെ വിമര്‍ശിച്ചുകൊണ്ടാണ് ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

പൊതുസ്വീകാര്യതയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന, സമൂഹത്തെ ശക്തമായി സ്വാധീനിക്കാനുള്ള ശേഷിയുള്ള കലയാണ് സിനിമ എന്നിരിക്കെ തീര്‍ത്തും പ്രതിലോമകരമായ ഡയലോഗുകള്‍ നായകപക്ഷത്ത് നിന്നുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പോസ്റ്റില്‍ ദീപ നിശാന്ത് പറഞ്ഞു.

കടുവ സിനിമക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതും അഭിനന്ദനീയവുമാണെന്നും അഞ്ച് വര്‍ഷം മുമ്പാണെങ്കില്‍ ആ സീനും ഡയലോഗും ചര്‍ച്ച പോലും ചെയ്യാതായേനെ എന്നും സംവിധായകനോ നടനോ മാപ്പും പറയുമായിരുന്നില്ലെന്നും അവര്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

സവര്‍ണ പുനരുദ്ധാരണ യത്‌നങ്ങള്‍’ പണ്ടത്തെപ്പോലെയൊന്നും ഏല്‍ക്കുന്നില്ല. മനുഷ്യരുടെ അതിജീവനപ്പോരാട്ടത്തെ നിര്‍വീര്യമാക്കുന്ന ഡയലോഗുകള്‍ക്ക് തിയേറ്ററുകളില്‍ പഴയ കയ്യടി ലഭിക്കുന്നില്ല എന്നതും ആഹ്ലാദകരമാണ്. കടുവയിലെ ആ ഡയലോഗ് കേട്ട് ഞാന്‍ കണ്ട തിയേറ്ററില്‍ ഒരു കയ്യടി പോലും ഉണ്ടായില്ല. അത് പ്രതീക്ഷ പകരുന്ന ഒരനുഭവം തന്നെയാണെന്നും അവര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പൊതുസ്വീകാര്യതയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കലയാണ് സിനിമ. സമൂഹത്തെ ശക്തമായി സ്വാധീനിക്കാനുള്ള ശേഷി സിനിമക്കുണ്ട് എന്നിരിക്കെ തീര്‍ത്തും പ്രതിലോമകരമായ ഡയലോഗുകള്‍ നായകപക്ഷത്ത് നിന്നുണ്ടാകുന്നത് (മുഖ്യധാരാ സിനിമ ഇപ്പോഴും നായകകേന്ദ്രീകൃതം തന്നെയാണല്ലോ) ദൗര്‍ഭാഗ്യകരമാണ്.

പക്ഷേ കാലങ്ങളായി സിനിമയും സീരിയലുകളും കോമഡി ഷോകളും ചെയ്തുകൊണ്ടിരിക്കുന്നത് അതുതന്നെയാണ്. അതിന് വലിയ സ്വീകാര്യതയും കയ്യടിയും ലഭിക്കുകയും ചെയ്യാറുണ്ട്.

പക്ഷെ പതിയെയാണെങ്കിലും കാലം മാറുന്നുണ്ട്. ‘കടുവ’ സിനിമക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളും ചര്‍ച്ചകളും പ്രതീക്ഷ നല്‍കുന്നതാണ്. വെറും അഞ്ചുകൊല്ലം മുമ്പാണെങ്കില്‍ ആ വിഷ്വലും ഡയലോഗും ചര്‍ച്ച പോലും ചെയ്യാതെ അങ്ങനെ തന്നെ നിലനിര്‍ത്തിയേനെ. സംവിധായകനോ നടനോ മാപ്പും പറയുമായിരുന്നില്ല. മാപ്പ് വന്നത് കാലം മാറിയെന്ന തിരിച്ചറിവ് വന്നപ്പോള്‍ തന്നെയാണ്. അത് അഭിനന്ദനീയവുമാണ്.

”നിനക്കെന്നോടുള്ള വിദ്വേഷമെന്താണെന്നെനിക്കറിയാം. ‘കീഴ്ജാതിക്കാരന്റെ അപകര്‍ഷത!’ എന്ന ‘ജാതിവെറി’ ഡയലോഗ് കേട്ട് കയ്യടിച്ച എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും പൊതുബോധമല്ല ഇന്നുള്ളത്. ‘സവര്‍ണ പുനരുദ്ധാരണ യത്‌നങ്ങള്‍’ പണ്ടത്തെപ്പോലെയൊന്നും ഏല്‍ക്കുന്നില്ല. ‘സാമൂഹ്യാന്തസ്സ്’ എന്നത് ഇതുവരെ പൂര്‍ണാര്‍ത്ഥത്തില്‍ ലഭിച്ചിട്ടില്ലാത്ത മനുഷ്യരുടെ അതിജീവനപ്പോരാട്ടത്തെ നിര്‍വീര്യമാക്കിക്കളയുന്ന ഡയലോഗുകള്‍ക്ക് തിയേറ്ററുകളില്‍ പഴയ കയ്യടി ലഭിക്കുന്നില്ല എന്നതും ആഹ്ലാദകരമാണ്.

വ്യക്തിയെ അസാധാരണമായി സ്വാധീനിക്കാനുള്ള പ്രത്യക്ഷശേഷിയുള്ള ഒരു കലാരൂപമാണ് സിനിമ എന്നിരിക്കെ വാചകങ്ങളൊക്കെ കുറേക്കൂടി ശ്രദ്ധിക്കേണ്ടി വരും.

ചുറ്റുമുള്ള മനുഷ്യരെപ്പറ്റിയോര്‍ത്ത് സന്തോഷമുണ്ട്. ‘കടുവ’യിലെ ആ ഡയലോഗ് കേട്ട് ഞാന്‍ കണ്ട തിയേറ്ററില്‍ ഒരു കയ്യടി പോലും ഉണ്ടായില്ല. അത് പ്രതീക്ഷ പകരുന്ന ഒരനുഭവം തന്നെയാണ്.

Content Highlight: Deepa Nishanth’s post against the controversial dialogue in Kaduva movie