പാലക്കാട്ട് വയലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടേത്‌
crime news
പാലക്കാട്ട് വയലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടേത്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2023, 9:48 am

പാലക്കാട്ട് വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേത്‌

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു.

കൊടുമ്പ് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിന് സമീപത്തുനിന്നാണ് കുഴിച്ചിട്ട നിലയിൽ ഒരു കാൽ കണ്ടെത്തിയത്. നേരത്തെ പ്രദേശത്ത് രണ്ടുപേരെ കാണാതായെന്ന് പാലക്കാട് കസബ പോലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ഒരു മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു മൃതദേഹം കൂടെയുണ്ടെന്ന സംശയത്തിലേക്ക് പോലീസ് എത്തിയത്.

രണ്ട് ദിവസം മുമ്പ് കാണാതായ സജീഷ്, ഷിജിത് എന്നിവരുടെ മൃതദേഹങ്ങൾ തന്നെയാണ് പുറത്തെടുത്തതെന്ന് സ്ഥിരീകരിച്ചു. ഒന്നിനുമുകളിൽ ഒന്നായിട്ടായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. പുറത്തെടുത്ത മൃതദേഹങ്ങൾ പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടം നടപടികൾക്കായി കൊണ്ടുപോകും. ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

തിങ്കളാഴ്ച പുലർച്ചെ മുതലാണ് ഇരുവരെയും കാണാതായത്. നാൽവർ സംഘം വയലിന്റെ രണ്ട് ദിശകളിലേക്കായി ഓടുന്ന ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറകളിൽ നിന്ന് ലഭിച്ചിരുന്നു.

രണ്ട് യുവാക്കളും വയലിലൂടെ ഓടുമ്പോൾ പന്നിക്ക് വെച്ച വൈദ്യുതി കെണിയിൽ കുടുങ്ങുകയായിരുന്നുവെന്നും സ്ഥലമുടമ വന്നപ്പോൾ മൃതദേഹങ്ങൾ കാണുകയും കുഴിച്ചുമൂടുകയും ചെയ്തുവെന്നാണ് പൊലീസ് നൽകുന്ന വിവരം. നാൽവർ സംഘത്തിലെ മറ്റ് രണ്ട്പേർ പോലീസ് പിടിയിൽവെച്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വയലിൽ പരിശോധന നടത്തിയതും മണ്ണ് മാറിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട് കുഴിച്ചുനോക്കുകയും ചെയ്തത്.

സ്ഥലമുടമയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Content Highlight: Dead bodies found from barren field in Palakkad; confirmed to be the missing youth