ഇന്ത്യ-പാകിസ്ഥാന്‍ മാച്ചില്‍ ഇങ്ങേരോ 😲😲 പണിപാളിയെന്ന് ഒരുകൂട്ടം, വെറും അന്ധവിശ്വാസമെന്ന് മറ്റൊരുകൂട്ടര്‍
icc world cup
ഇന്ത്യ-പാകിസ്ഥാന്‍ മാച്ചില്‍ ഇങ്ങേരോ 😲😲 പണിപാളിയെന്ന് ഒരുകൂട്ടം, വെറും അന്ധവിശ്വാസമെന്ന് മറ്റൊരുകൂട്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th September 2023, 9:14 am

2023 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള അമ്പയര്‍മാരെ തീരുമാനിച്ചു. റിച്ചാര്‍ഡ് ഇല്ലിങ്‌വെര്‍ത്, മാരിയസ് എറാസ്മസ് എന്നിവരാണ് ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍. റിച്ചാര്‍ഡ് കെറ്റില്‍ബെറോയാണ് ടി.വി അമ്പയര്‍. മാച്ച് റഫറിയായി ആന്‍ഡ്രൂ പൈക്രോഫ്റ്റിനെയാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോകകപ്പിലാണ് ഇരുടീമുകളും അവസാനമായി ഏകദിനം കളിച്ചത്. അന്ന് ഇന്ത്യ പാകിസ്ഥാനെ ഡക്ക്‌വര്‍ത്-ലൂയീസ്-സ്റ്റേണ്‍ നിയമത്തിലൂടെ 89 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരത്തില്‍ ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡിനൊപ്പം 2023ലെ മത്സരം നിയന്ത്രിക്കുന്ന എറാസ്മസുമായിരുന്നു ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍.

2022 ടി-20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ മത്സരവും എറാസ്മസ് ഒഫീഷ്യേറ്റ് ചെയ്തിരുന്നു. അവസാന പന്ത് വരെ ആവേശം നിലനിന്ന മത്സരത്തില്‍ അശ്വിന്റെ സിംഗിളിലൂടെ ഇന്ത്യ വിജയത്തിലേക്ക് നടന്നുകയറിയപ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റിന് പിറകിലുണ്ടായിരുന്നത് എറാസ്മസായിരുന്നു.

 

ഈ മത്സരത്തിന് പിന്നാലെ അദ്ദേഹത്തിന് വലിയ തോതിലുള്ള വിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു. വിരാട് കോഹ്‌ലിക്കെതിരെയുള്ള നോ ബോള്‍ അപ്പീലില്‍ ഇന്ത്യക്ക് അനുകൂലമായി വിധിയെഴുതിയതോടെയാണ് എറാസ്മസിനെതിരെ പാകിസ്ഥാന്‍ ആരാധകര്‍ രംഗത്തെത്തിയത്.

എറാസ്മസ് ലോകകപ്പ് മത്സരം നിയന്ത്രിക്കുന്നതില്‍ ആരാധകര്‍ ആവേശത്തിലാണെങ്കിലും ടി.വി അമ്പയറായി റിച്ചാര്‍ഡ് കെറ്റില്‍ബെറോയുടെ പേര് കണ്ടതോടെ ആരാധകര്‍ വീണ്ടും നിരാശയിലാണ്. റിച്ചാര്‍ഡ് കെറ്റില്‍ബെറോ നിയന്ത്രിച്ച നോക്കൗട്ട് മത്സരങ്ങളിലെല്ലാം തോല്‍വി വഴങ്ങേണ്ടി വന്നതോടെയാണ് കെറ്റില്‍ബെറോക്ക് ഇന്ത്യന്‍ ആരാധകരുടെ മനസില്‍ വില്ലന്‍ പരിവേഷം ലഭിച്ചത്.

2014 ടി-20 ലോകകപ്പിന്റെ ഫൈനലിലും 2015 ലോകകപ്പിലും 2016 ടി-20 ലോകകപ്പിന്റെ സെമി ഫൈനലിലും 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും 2019 ലോകകപ്പ് സെമി ഫൈനലിലും 2021, 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുമെല്ലാം ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ അമ്പയറുടെ റോളില്‍ കെറ്റില്‍ബെറോ ഉണ്ടായിരുന്നു എന്നതാണ് ആരാധകരുടെ നിരാശക്ക് കാരണം.

 

ഇന്ത്യയുടെ കെറ്റില്‍ബെറോ ശാപം ഇത്തവണയും ആവര്‍ത്തിക്കുമോ എന്ന് ചില ആരാധകര്‍ ആശങ്കപ്പെടുമ്പോള്‍ ഇതെല്ലാം വെറും അന്ധവിശ്വാസമാണെന്നാണ് മറ്റുചില ആരാധകര്‍ പറയുന്നത്.

ഇതിന് പുറമെ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഓപ്പണിങ് മാച്ച് നിയന്ത്രിക്കുന്നതും കെറ്റില്‍ബെറോ തന്നെയാണ്. കെറ്റില്‍ബെറോക്കൊപ്പം ക്രിസ് ഗെഫാനിയും ഓണ്‍ഫീല്‍ഡ് അമ്പയറുടെ റോളിലെത്തും. ക്രിസ് ബ്രൗണ്‍ തേര്‍ഡ് അമ്പയറായെത്തുമ്പോള്‍ റിച്ചി റിച്ചാര്‍ഡ്‌സണാണ് മാച്ച് റഫറി.

 

ഒക്ടോബര്‍ എട്ടിനാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസീസിനെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്.

ഒക്ടോബര്‍ 14നാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് വേദി.

 

 

Content highlight: ICC Announced umpires for all World Cup matches, Richard Kettleborough will officiate India vs Pakistan match