പശുക്കടത്ത് ആരോപണം; ഒഡീഷയിൽ ദളിത് പുരുഷന്മാർക്ക് നേരെ ക്രൂരത, മർദിച്ച് ഓടയിലെ വെള്ളം കുടിപ്പിച്ചു
national news
പശുക്കടത്ത് ആരോപണം; ഒഡീഷയിൽ ദളിത് പുരുഷന്മാർക്ക് നേരെ ക്രൂരത, മർദിച്ച് ഓടയിലെ വെള്ളം കുടിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th June 2025, 8:52 am

ഭുവനേശ്വർ: ഒഡീഷയിൽ പശുക്കടത്ത് ആരോപിച്ച് ദളിത് പുരുഷന്മാരുടെ തല മുണ്ഡനം ചെയ്യുകയും മർദിക്കുകയും നിർബന്ധിച്ച് ഓടയിലെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഖരിഗുമ്മ ഗ്രാമത്തിലാണ് സംഭവം.

മകളുടെ വിവാഹത്തിന് സ്ത്രീധനമായി നൽകാൻ ഒരു പശുവിനെയും രണ്ട് കിടാവിനെയും വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ തീവ്രഹിന്ദുത്വവാദികൾ അവരെ ആക്രമിച്ച് 30,000 രൂപ ആവശ്യപ്പെടുകയായിരുന്നു.

പണം നൽകാൻ കഴിയില്ലെന്ന് പുരുഷന്മാർ പറഞ്ഞപ്പോൾ, ജനക്കൂട്ടം അവരെ മർദിക്കുകയും ബലമായി തല മൊട്ടയടിക്കുകയും മണ്ണിൽ ഇഴയാൻ നിർബന്ധിക്കുകയും മലിനജലം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ബുലു നായക് (52), ബാബുൽ നായക് (43) എന്നിവരാണ് ക്രൂര ആക്രമണത്തിനിരയായത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വായിൽ പുല്ല് കടിച്ച് പിടിച്ച്, മുണ്ഡനം ചെയ്ത് ഇഴഞ്ഞു നീങ്ങുന്ന രണ്ട് പുരുഷന്മാരുടെ വീഡിയോ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പണം നൽകില്ലെന്ന് പരാജത്തിന് പിന്നാലെ പശുക്കടത്ത് ആരോപിച്ച് ഇവരെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തുടർന്ന് അക്രമികൾ അവരെ ക്രൂരമായി ആക്രമിച്ചു. അവരെ മർദിക്കുകയും, തല ഭാഗികമായി മുണ്ഡനം ചെയ്യുകയും ചെയ്തു. തുടർന്ന് ഖരിഗുമ്മ എന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള ജഹാദയിലേക്ക് ഇഴഞ്ഞു നീങ്ങാൻ അവരെ നിർബന്ധിക്കുകയും ചെയ്തു. കൂടാതെ, പൊതുജനങ്ങളുടെ മുന്നിൽ വെച്ച്, പുല്ല് തിന്നാനും മലിനമായ വെള്ളം കുടിക്കാനും നിർബന്ധിച്ചു.

അക്രമികളിൽ നിന്നും രക്ഷപ്പെട്ട ഇവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് ഇവരെ ചികിത്സക്കായി ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തിൽ നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സംഭവം മനുഷ്യത്വരഹിതമാണെന്ന് മാത്രമല്ല, പുതിയ കാലത്ത് ജാതി ഒരു പ്രശ്നമല്ലെന്ന് പറയുന്നവർക്ക് ഇതൊരു കണ്ണാടിയാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ‘ദളിതരുടെ അന്തസിനെ ചവിട്ടിമെതിക്കുന്ന ഓരോ സംഭവവും ബാബാ സാഹിബിന്റെ ഭരണഘടനയ്‌ക്കെതിരായ ആക്രമണവും സമത്വത്തിനും നീതിക്കും മനുഷ്യത്വത്തിനും എതിരായ ഗൂഢാലോചനയുമാണ്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഒഡീഷയിൽ എസ്‌.സി, എസ്.ടി, സ്ത്രീകൾ എന്നിവർക്കെതിരായ അതിക്രമങ്ങൾ ആശങ്കാജനകമായ രീതിയിൽ വർധിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും കഠിനമായി ശിക്ഷിക്കുകയും വേണം. രാജ്യം മനുസ്മൃതിയല്ല, ഭരണഘടന അനുസരിച്ചായിരിക്കും ഭരിക്കുക,’ അദ്ദേഹംപറഞ്ഞു.

 

Content Highlight: Dalit men tonsured, forced to crawl over cow smuggling allegations in Odisha