എഡിറ്റര്‍
എഡിറ്റര്‍
വിവാഹത്തിന് പോത്തിറച്ചി വിളമ്പാന്‍ അനുമതി തരണമെന്ന അപേക്ഷയുമായി ദാദ്രിയിലെ മുസ്‌ലിം കുടുംബം പൊലീസ് സ്റ്റേഷനില്‍
എഡിറ്റര്‍
Monday 17th April 2017 11:01am

 

ദാദ്രി: മകളുടെ വിവാഹത്തിന് പോത്തിറച്ചി നല്‍കാന്‍ അനുമതി തരണമെന്ന അപേക്ഷയുമായി ദാദ്രിയിലെ മുസ്‌ലിം കുടുംബം പൊലീസ് സ്റ്റേഷനില്‍. വിവാഹത്തിന് പോത്തിറച്ചി വിളമ്പണമെന്ന് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തങ്ങളുടെ വീട്ടിലെ പോത്തിനെ കൊല്ലുന്നതിന് അനുമതി തരണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


Also read ജീപ്പിനു മുന്‍പില്‍ കാശ്മീരി യുവാവിനെ കെട്ടിയിട്ട് മനുഷ്യകവചമൊരുക്കിയ നടപടിയില്‍ സൈന്യത്തിനെതിരെ എഫ്.ഐ.ആര്‍


 

കന്നുകാലികളെ കൊല്ലുന്നതിന്റെ പേരില്‍ വ്യാപക അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും അറവുശാലകള്‍ക്കെതിരെ യു.പി സര്‍ക്കാര്‍ കര്‍ശന നടപടികളും സ്വീകരിച്ച് വരുന്നതിനിടെയാണ് രജ്ജക് കോളനി നിവാസിയായ നാസര്‍ മൊഹമ്മദ് ചടങ്ങില്‍ ആഹാരം വിളമ്പാന്‍ അനുവദിക്കണമെന്ന് പൊലീസില്‍ അപേക്ഷിച്ചത്.

കന്നുകാലി സംരക്ഷണത്തിന്റെ പേരില്‍ ഗോ രക്ഷാദള്‍ പ്രവര്‍ത്തകര്‍ വ്യാപക ആക്രമണമാണ് സംസ്ഥാനത്ത് അഴിച്ചു വിടുന്നത്. 2015 സെപ്റ്റംബറില്‍ മൊഹമ്മദ് അഖ്‌ലാക്ക് എന്നയാളെ പശുവിറച്ചി പാകം ചെയ്‌തെന്ന് ആരോപിച്ച് തല്ലിക്കൊന്നതും ദാദ്രിയിലായിരുന്നു.

‘മകളുടെ വിവാഹത്തിനായ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. മീററ്റില്‍ നിന്ന് വരനോടൊപ്പം മുപ്പതോളം പേര്‍ ചടങ്ങുകള്‍ക്കായ് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന്’ നാസര്‍ പറയുന്നു. നാസറിന്റെ വീട്ടില്‍ പോത്തിനെ വളര്‍ത്തുന്നുണ്ടെന്നും ചടങ്ങുകള്‍ക്കായ് അതിനെ ഉപയോഗിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും നാസറിന്റെ അയല്‍ക്കാരന്‍ സാക്ഷ്യപ്പെടുത്തി.

അപേക്ഷയുമായ് പൊലീസ് സ്റ്റേഷനില്‍ തങ്ങള്‍ പോയെന്നും എന്നാല്‍ ഇന്‍സ്‌പെക്ടറെ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും കുടുംബാഗം വ്യക്തമാക്കി. ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ ഈ മേഖലയില്‍ സജീവമാണെന്നും പൊലീസിന്റെ അനുമതി കത്ത് ലഭിച്ചാല്‍ മാത്രമേ തങ്ങള്‍ പോത്തിനെ കശാപ്പു ചെയ്യുകയുള്ളുവെന്നും കുടുംബം പറയുന്നു.

മാംസാഹാരം വിളമ്പുന്നതിന് ജനങ്ങള്‍ക്ക് സ്വാതന്ത്രമുണ്ടെന്നും എന്നാല്‍ 1995ലെ യു.പി പശുഹത്യ നിയമത്തിന് വിധേയമായെ ഇത് നടക്കുകയുള്ളെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിഷയത്തില്‍ അനുമതി ലഭിക്കുന്നതിനായ് ദാദ്രി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ കാണാനൊരുങ്ങുകയാണ് നാസറും കുടുംബവും.

Advertisement