ന്യൂദല്‍ഹി: പി.എം ശ്രീയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ.
ഇന്നുനടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയെ കുറിച്ചുള്ള പ്രതീക്ഷയും അദ്ദേഹം പങ്കിട്ടു.
പി.എം ശ്രീയില്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് മുന്നണിയിലുണ്ടായ അസ്വാരസ്യങ്ങള്‍ ഇതോടെ അവസാനിച്ചെന്ന സൂചനയാണ് ഡി. രാജ നല്‍കിയത്.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനായത് സര്‍ക്കാരിനും ആശ്വാസമാവുകയാണ്.
നേരത്തെ, സി.പി.ഐയുടെ കടുത്ത എതിര്‍പ്പ് വകവെയ്ക്കാതെ സി.പി.ഐ.എം നേതൃത്വത്തില്‍ പി.എം ശ്രീയില്‍ ഒപ്പുവെച്ചത് വലിയ വിവാദമായിരുന്നു. സി.പി.ഐ പരസ്യമായി എതിര്‍പ്പ് അറിയിക്കുകയും ചെയ്തു.
ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനായി നാല് സി.പി.ഐ മന്ത്രിമാരും സെക്രട്ടറിയേറ്റില്‍ എത്തിയതോടെ മുന്നണിയിലെ ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്.