സത്യന്‍ അന്തിക്കാടിന്റെ 'സന്ദേശത്തില്‍' അവരുടെ തനിസ്വഭാവം കാണിച്ചിരുന്നല്ലോ; തന്റെ പേരില്‍ പ്രചരിക്കുന്നത് സൈബര്‍ സഖാക്കള്‍ ഉണ്ടാക്കിയ വ്യാജ സ്‌ക്രീന്‍ ഷോട്ടെന്നും വി.ഡി സതീശന്‍
Kerala News
സത്യന്‍ അന്തിക്കാടിന്റെ 'സന്ദേശത്തില്‍' അവരുടെ തനിസ്വഭാവം കാണിച്ചിരുന്നല്ലോ; തന്റെ പേരില്‍ പ്രചരിക്കുന്നത് സൈബര്‍ സഖാക്കള്‍ ഉണ്ടാക്കിയ വ്യാജ സ്‌ക്രീന്‍ ഷോട്ടെന്നും വി.ഡി സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th May 2020, 9:25 am

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ അസഭ്യമായ തരത്തില്‍ കമന്റ് ചെയ്തു എന്ന ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് നേതാവും പറവൂര്‍ എം.എല്‍.എയുമായ വി.ഡി സതീശന്‍ രംഗത്ത്.

സി.പി. ഐ.എമ്മിന്റെ സൈബര്‍ സഖാക്കള്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കി പ്രചരിപ്പിക്കുകയാണെന്നും തന്നെ അപമാനിക്കാന്‍ വേണ്ടി ഇത്തരം വാക്കുകള്‍ തന്റെ പേരില്‍ എഴുതേണ്ടി വരുന്നത് തന്നെ എന്തൊരു അപമാനമാണെന്നും സതീശന്‍ പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

കോണ്‍ഗ്രസിനെയും സി.പി.ഐ.എമ്മിനെയും കേന്ദ്രബിന്ദു ആക്കി ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത  സത്യന്‍ അന്തിക്കാടിന്റെ സിനിമയായ സന്ദേശത്തില്‍ സി.പി.ഐ.എമ്മിന്റെ തനി സ്വഭാവം വരച്ചു കാട്ടിയിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നടന്നിരിക്കുന്നത് സൈബര്‍ കുറ്റകൃത്യം ആയതുകൊണ്ടു തന്നെ അതിനുള്ള നിയമ നടപടി സ്വീകരിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

INSPൽ ജനസമ്മതിയുള്ള നല്ല ചില ചെറുപ്പക്കാരുണ്ട്. അവരെ ഏതെങ്കിലും പെണ്ണ് കേസിൽ പെടുത്തി നാറ്റിക്കണം. സന്ദേശം എന്ന സിനിമയിലെ ഡയലോഗ് ആണ്. കോൺഗ്രസിനെയും സി.പി.എമ്മിനെയും കേന്ദ്രബിന്ദു ആക്കി ഇരുപതു വർഷങ്ങൾക്കു മുൻപ് സത്യൻ അന്തിക്കാട് തന്നെ ഇവരുടെ തനിസ്വഭാവം വരച്ചു കാട്ടിയിരുന്നു. ഇന്നത്തെ സൈബർ സഖാക്കൾ അത് വ്യാജ സ്‌ക്രീൻ ഷോട്ട് ഉണ്ടാക്കി നാറ്റിക്കുക എന്നതും കൂടി ചേർത്തിരിക്കുകയാണ്.

ഞാൻ കമന്റ് ചെയ്തു എന്ന രീതിയിൽ കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതിക്കൊണ്ട് ഒരു സ്‌ക്രീൻ ഷോട്ട് ആണ് അവസാനത്തേത്. എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതി വച്ചിരിക്കുന്നത്. നിങ്ങൾക്ക് എന്നെ അപമാനിക്കാൻ ഇത്തരം വാക്കുകൾ എന്റെ പേരിൽ എഴുതേണ്ടി വരുന്നു എന്നത് തന്നെ എന്തൊരപമാനമാണ്. ആശയങ്ങൾ ഇല്ലാതെയാവുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുക. ഇത് സൈബർ മേഖലയിലെ അക്രമമാണ്. നിങ്ങളുടെയൊക്കെ മുതിർന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നിൽ ഞാൻ ഡിബേറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ല. അതിനുള്ള ശക്തമായ ആശയവും വസ്തുതകളും വച്ചാണ് ഞാൻ സംസാരിക്കാറുള്ളത്. ആ ആശയത്തിന്റെ ദൃഢതയുള്ളതു കൊണ്ട് തന്നെയാണ് ഇന്ന് വരെ നിങ്ങൾ എത്ര വലകൾ വിരിച്ചിട്ടും അതിൽ കുരുങ്ങാൻ എന്നെ കിട്ടാത്തത്. അപ്പോൾ നിങ്ങൾ ശീലിച്ച ആ എതിർപ്പാർട്ടിയിൽ പെട്ട രാഷ്ട്രീയ പ്രവർത്തകരെ അപമാനിക്കാൻ കഥകൾ മെനയുന്ന രാഷ്ട്രീയം തുടരുക. നിങ്ങളെക്കുറിച്ച് എനിക്ക് സഹതാപമുണ്ട്. പക്ഷെ ഇതൊരു സൈബർ കുറ്റകൃത്യം ആയത് കൊണ്ട് അതിനുള്ള നിയമനടപടികൾ സ്വീകരിക്കും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക