തന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം; സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് വിനായകന്‍
Kerala News
തന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം; സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് വിനായകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th March 2022, 8:25 pm

ഒരുത്തീ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ നടന്‍ വിനായകന്റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം. തന്റെ പോസ്റ്റിന് കീഴെ വന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു വിനായകന്‍ തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെ കുറിച്ച് പറയുന്നത്.

തന്റെ അമ്മയ്ക്ക് നേരെ നടത്തിയ അസഭ്യ വര്‍ഷത്തിന്റ സ്‌ക്രീന്‍ഷോട്ടാണ് വിനായകന്‍ പങ്കുവെച്ചിട്ടുള്ളത്. ഇതിന് പുറമെ വിനായകന്റെ വീട്ടുകാരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്.

നേരത്തെ വിനായകനെതിരെ വിമര്‍ശനവുമായെത്തിയ നടന്‍ ഹരീഷ് പേരടിയും അദ്ദേഹത്തിന്റെ കുടുംബത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ് പങ്കുവെച്ചത്.

വിനായകനെതിരെ രംഗത്തുവന്ന എം.എസ്.എഫിന്റെ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയും, താരത്തിന്റെ കുടുംബത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയായിരുന്നു പുറത്തിറക്കിയത്.

ഇവര്‍ക്ക് പുറമെ സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വിനായകനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കലാ-സാംസ്‌കാരിക-മാധ്യമ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ വിനായകനെതിരെ രംഗത്തുവന്നിരുന്നു.

തന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയുള്ള വിവാദങ്ങള്‍ പുകയുന്നതിനിടെ നടന്‍ വിനായകനും രംഗത്തെത്തിയിരുന്നു.

പഞ്ചപാണ്ഡവര്‍ക്കൊപ്പമുള്ള പാഞ്ചാലിയുടെ ചിത്രം പങ്കുവെച്ചായിരുന്നു വിനായകന്‍ രംഗത്തെത്തിയത്. ചിത്രത്തിന് ഒരു ക്യാപ്ഷനും നല്‍കാതെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും പങ്കെടുത്ത പ്രെസ് മീറ്റില്‍ ഇരുവരുടെയും നിശബ്ദതക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. മീ ടൂവിനെ കുറിച്ചും തന്റെ സെക്സ് ലൈഫിനെ കുറിച്ചുമൊക്കെയായിരുന്നു വിനായകന്‍ പറഞ്ഞത്.

തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്‌സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്‌സ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്നാണ്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.

ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ എന്താണ് മീ ടൂ എന്ന്,’ എന്നായിരുന്നു വിനായകന്റെ ചോദ്യം.

മീ ടൂ എന്നു പറയുന്നതിന്റെ ബേസിക് തോട്ട് എന്താണെന്നും, പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും വ്യാഖ്യാനമെന്താണെന്നും വിനായകന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു.

 

Content Highlight: Cyber Attack Against Vinayakan’s Family