ഇപ്പോഴത്തെ അജണ്ട പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ബാക്കിയെല്ലാം ആറാം തിയ്യതിക്ക് ശേഷം: രമേശ് ചെന്നിത്തല
Kerala News
ഇപ്പോഴത്തെ അജണ്ട പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ബാക്കിയെല്ലാം ആറാം തിയ്യതിക്ക് ശേഷം: രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st August 2023, 4:44 pm

തിരുവനന്തപുരം: തന്റെ മുന്നില്‍ ഇപ്പോഴുള്ള ലക്ഷ്യം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മറ്റ് കാര്യങ്ങള്‍ ആറാം തിയ്യതിക്ക് ശേഷം സംസാരിക്കാമെന്നും ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ പ്രവര്‍ത്തകനാണ് താനെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം അംഗങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പാണ്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് മത്സരിക്കുന്നത്. കഴിഞ്ഞ 14ാം തിയ്യതി മുതല്‍ ഇന്ന് വരെ ഒരു ദിവസം ഒഴിച്ച് എല്ലാ ദിവസവും ഞാന്‍ ഇവിടെയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ മുഖ്യ അജണ്ട.

ചാണ്ടി ഉമ്മന് ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ്. അതാണ് എന്റെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബാക്കി ഒരു വിഷയവും ഇപ്പോള്‍ എന്റെ മുന്നിലില്ല. തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പൂര്‍ണമായി ഞാനുണ്ടാകും. മറ്റ് കാര്യങ്ങളൊക്കെ ആറാം തിയ്യതി കഴിഞ്ഞിട്ട് സംസാരിക്കാം.

ഉപതെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ പ്രവര്‍ത്തകനാണ് ഞാന്‍. ആ പ്രവര്‍ത്തനവുമായി ഞാന്‍ മുന്നോട്ട് പോകും. മറ്റ് കാര്യങ്ങളൊക്കെ ആറാം തിയ്യതിക്ക് ശേഷം,’ അദ്ദേഹം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം അംഗങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ രമേശ് ചെന്നിത്തലക്ക് അതൃപ്തി ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. മാധ്യമങ്ങള്‍ അതൃപ്തിയുണ്ട് എന്ന തരത്തില്‍ പ്രചരണം നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ 39 അംഗ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്ന് കെ.സി. വേണുഗോപാലും എ.കെ. ആന്റണിയും ശശി തരൂരുമാണ് ഉള്‍പ്പെിട്ടുള്ളത്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉള്‍പ്പപ്പെടുത്തിയിട്ടുള്ളത്. അങ്ങനെ ആകെ അഞ്ച് പേരാണ് കേരളത്തില്‍ നിന്ന് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ്, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പ്രവര്‍ത്തക സമിതിയില്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇവര്‍ക്ക് പുറമേ 34 അംഗങ്ങളെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാനില്‍ ഇടഞ്ഞുനിന്ന സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയിലുണ്ട്.

CONTENT HIGHLIGHTS: Current agenda Pudupally by-election; All others after 6th date: Ramesh Chennithala