ക്യൂബയെ പിന്തുണച്ചും അമേരിക്കയെ വിമര്‍ശിച്ചും സി.പി.ഐ.എമ്മും സി.പി.ഐയും
national news
ക്യൂബയെ പിന്തുണച്ചും അമേരിക്കയെ വിമര്‍ശിച്ചും സി.പി.ഐ.എമ്മും സി.പി.ഐയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th July 2021, 11:27 am

ന്യൂദല്‍ഹി: അറുപത് വര്‍ഷത്തിലേറയായി ക്യൂബയ്ക്ക് മേല്‍ ചുമത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് സി.പി.ഐ.എമ്മും സി.പി.ഐയും.

ക്യൂബന്‍ സര്‍ക്കാരിനോടും ജനങ്ങളോടും ഇരുപാര്‍ട്ടികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ക്യൂബയ്ക്ക് മേല്‍ എര്‍പ്പെടുത്തിയ ഉപരോധം മനുഷ്യത്വരഹിതവും കുറ്റകരവുമാണെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

അമേരിക്കയുടെ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച പ്രശ്‌നങ്ങളാണ് ക്യൂബ നേരിടുന്നതെന്നും ഈ സാഹചര്യത്തില്‍ ഒരു വിഭാഗം തെരുവില്‍ പ്രതിഷേധിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ക്യൂബന്‍ സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയാണെന്നും എന്നാല്‍ പ്രതിഷേധക്കാരെ പിന്തുണച്ച് അമേരിക്ക മുതലെടുപ്പ് നടത്തുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

സോഷ്യലിസ്റ്റ് ക്യൂബയെ അസ്ഥിരപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ക്യൂബന്‍ സര്‍ക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ അമേരിക്ക സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.

ക്യൂബയുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക നടത്തുന്ന ഇടപെടലിനെ സി.പി.ഐ.എമ്മും സി.പി.ഐയും അപലപിച്ചു.

അതേസമയം, ക്യൂബയില്‍വന്‍ പ്രതിഷേധം തുടരുകയാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ക്യൂബ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കും കൊറോണ വൈറസ് കേസുകളുടെ റെക്കോഡ് വര്‍ദ്ധനവിനുമിടയിലാണ് പ്രതിഷേധം.

കൊവിഡിനെ ചെറുക്കുന്നതിനായി വാക്‌സിന്‍ പോലുള്ള അടിസ്ഥാന വസ്തുക്കളുടെ ലഭ്യത കുറവ്, പൗരസ്വാതന്ത്ര്യം തടയല്‍, കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാരിന്റെ വീഴ്ച എന്നിങ്ങനെയുള്ള കാരണങ്ങള്‍ ആരോപിച്ചാണ് പ്രതിഷേധം.

പ്രസിഡന്റ് മിഗുവല്‍ ഡയസ് – കാനല്‍ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് ഞായറാഴ്ച തെരുവിലിറങ്ങിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Cuba protest, CPIM and CPI supports Cuba and criticize America