ബെംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യയുടെ പരിപാടിയിൽ പങ്കെടുത്ത
12 പേർക്ക് തിക്കും തിരക്കിലുംപെട്ട് ദേഹാസ്വാസ്ഥ്യം. സ്റ്റേഡിയത്തിൽ ഉൾകൊള്ളാവുന്നതിലുമധികം പേർ പരിപാടിയിൽ പങ്കെടുത്തതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണ കന്നഡയിലെ പുറ്റൂരിലാണ് അപകടം ഉണ്ടായത്.
ദീപാവലിയോടനുബന്ധിച്ച് പുറ്റൂർ എം.എൽ എ അശോക് റായിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് പ്ലേറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച ‘അശോക ജനമന 2025’ എന്ന പരിപാടിയിലാണ് സംഭവം.
നിശ്ചയിച്ച സമയത്തേക്കാൾ വൈകിയാണ് പരിപാടി ആരംഭിച്ചതും ഉച്ചഭക്ഷണവും സമ്മാനങ്ങളും വിതരണം ചെയ്യാൻ വൈകിയതുമാണ് അപകടമുണ്ടാകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
‘ഉച്ചഭക്ഷണവും മറ്റും വിതരണം ചെയ്യുന്ന സ്ഥലത്തേക്ക് ആളുകൾ ഇരച്ചുകയറി. തിക്കിലും തിരക്കിലുംപെട്ട് നിർജ്ജലീകരണം മൂലം ആളുകൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അതിൽ മൂന്ന് സ്ത്രീകൾക്ക് ഐവി ഫ്ലൂയിഡുകൾ നൽകി മറ്റുള്ളവരെ ഡിസ്ചാർജ് ചെയ്തു,’ പോലീസ് പറഞ്ഞു.
സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്നതിലുമധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തെന്നും സ്ത്രീകളും കുട്ടികൾക്കും ശ്വാസം മുട്ടൽ അനുഭവപ്പെടുകയും കുടിവെള്ള സൗകര്യമുണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ.
Content Highlight: Crowded event attended by Siddaramaiah; 12 people fall ill