കുട്ടിത്തമുള്ള മുഖവും വെച്ച് സീരിയസ് റോള്‍ ചെയ്യുന്നത് മാച്ചാവുന്നില്ല, ബേബി ഗേളിന് പിന്നാലെ മോളിവുഡ് ടൈംസിലും സംഗീതിന് വിമര്‍ശനം
Malayalam Cinema
കുട്ടിത്തമുള്ള മുഖവും വെച്ച് സീരിയസ് റോള്‍ ചെയ്യുന്നത് മാച്ചാവുന്നില്ല, ബേബി ഗേളിന് പിന്നാലെ മോളിവുഡ് ടൈംസിലും സംഗീതിന് വിമര്‍ശനം
അമര്‍നാഥ് എം.
Tuesday, 7th July 2026, 7:43 pm

എഡിറ്ററായി തിളങ്ങുമ്പോള്‍ തന്റെ ക്യാമറക്ക് മുന്നിലേക്ക് എത്തി സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയ വ്യക്തിയാണ് സംഗീത് പ്രതാപ്. വിനീത് ശ്രീനിവാസനൊരുക്കിയ ഹൃദയത്തിലെ കലിപ്പന്‍ സീനിയറായാണ് സംഗീത് ക്യാമറക്ക് മുന്നിലെത്തിയത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു സംഗീതിന് നേടിക്കൊടുത്ത റീച്ച് ചെറുതല്ല.

പിന്നീട് നിരവധി സിനിമകളില്‍ സംഗീത് ഭാഗമായിട്ടുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള ഹൃദയപൂര്‍വ്വത്തിലും മാത്യു തോമസിന്റെ ബ്രൊമാന്‍സിലും സംഗീത് കൈയടി നേടി. ചെയ്ത കഥാപാത്രങ്ങളില്‍ അമല്‍ ഡേവിസിന്റെ ഷെയ്ഡ് കടന്നുവന്നിരുന്നു. സംഗീത് ട്രാക്ക് മാറ്റി ചെയ്ത സിനിമകളിലൊന്നായ മോളിവുഡ് ടൈംസാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ പ്രധാന ചര്‍ച്ച.

സംഗീത് പ്രതാപ് Photo: Jio Hotstar

നസ്‌ലെന്‍ നായകനായ ചിത്രത്തില്‍ അര്‍ജുന്‍ ഹരിദാസെന്ന നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിച്ചത്. നായകനായ വിനീത് മാധവന്റെ ശൈലി അടിച്ചുമാറ്റി ആദ്യ സിനിമയൊരുക്കുകയും വലിയൊരു ഫാന്‍ ബേസ് നേടുകയും ചെയ്ത അര്‍ജുന്‍ ഹരിദാസ്, വിനീതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതുമെല്ലാം മോളിവുഡ് ടൈംസില്‍ കാണിച്ചിട്ടുണ്ട്.

ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് മോളിവുഡ് ടൈംസിലെ അര്‍ജുന്‍ ഹരിദാസ്. എന്നാല്‍ സംഗീതിന് ഈ കഥാപാത്രം ഒട്ടും ചേരുന്നില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെയാണ് സിനിമയിലെ ഈ കഥാപാത്രം ചര്‍ച്ചയായത്.

സംഗീത് പ്രതാപ് Photo: Screen grab/ Magic frames

സംഗീത് പ്രതാപിന്റെ കുട്ടിത്തമുള്ള മുഖവും വെച്ച് വില്ലന്‍ വേഷം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ചില കമന്റുകള്‍. ഷോര്‍ട് ഫിലിം ചെയ്യുന്ന സീനുകളെല്ലാം ഗംഭീരമായിരുന്നെന്നും എന്നാല്‍ പിന്നീട് വില്ലത്തരം ആരംഭിച്ചപ്പോള്‍ കഥാപാത്രവുമായി ചേര്‍ന്ന് പോകാനാകില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. മലയാളസിനിമ മൊത്തം അര്‍ജുന്‍ ഹരിദാസിന്റെ പിന്നാലെയാണെന്ന് കാണിക്കുന്ന സീനുകളും ദഹിച്ചില്ലെന്ന് ചിലര്‍ കമന്റ് പങ്കുവെച്ചു.

മോളിവുഡ് ടൈംസിന് മുമ്പ് സംഗീത് അഭിനയിച്ച ബേബി ഗേളിലെ കഥാപാത്രവും ഇത്തരത്തിലൊന്നാണെന്നും കമന്റുകളില്‍ ചൂണ്ടിക്കാണിക്കുന്നു. സീരിയസ് റോളുകള്‍ സംഗീതിന് പറ്റില്ലെന്നും ലിജോയുടെ പെര്‍ഫോമന്‍സിനെ വരെ ഇത് ബാധിച്ചെന്നുമാണ് കമന്റുകള്‍. എന്നാല്‍ സംഗീതിന്റേത് കയ്യടക്കമുള്ള പെര്‍ഫോമന്‍സാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Criticisms on Sangeeth Prathap’s character in Mollywood Times

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം