ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനിഖ സുരേന്ദ്രൻ. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച നടി ഇന്ന് മലയാളത്തിന് പുറമേ മറ്റുഭാഷകളിലും സജീവമാണ്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ ചലച്ചിത്രലോകത്തിലേക്ക് കടന്നുവന്നത്.
യെന്നൈ അറിന്താല്‍, വിശ്വാസം എന്നീ ചിത്രങ്ങളില്‍ അജിത്തിന്റെ മകളായി അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ ബുട്ട ബൊമ്മ എന്ന സിനിമയിലാണ് ആദ്യമായി അനിഖ നായികയായി അഭിനയിച്ചത് പിന്നീട് തമിഴിൽ ക്വീൻ എന്ന സീരീസിലും അഭിനയിച്ചു. ഇപ്പോൾ തന്നെക്കുറിച്ചുള്ള വിമർശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അനിഖ.
നയൻതാരയെ അനുകരിക്കുന്നതാണ് ഒരു വിമർശനമെന്നും എന്നാൽ അത് ഏത് രീതിയിലാണെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും അനിഖ പറയുന്നു.
ഇംഗ്ലിഷ് കൂടുതലുപയോഗിക്കുന്നുവെന്നതാണ് മറ്റൊരു വിമർശനമെന്നും എന്നാൽ താൻ പഠിച്ചത് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണെന്നും കൂട്ടുകാരോടും മറ്റും താൻ ഇംഗ്ലീഷിലാണ് സംസാരിക്കുന്നതെന്നും നടി പറഞ്ഞു.
അതുകൊണ്ടാണ് മലയാളം സംസാരിക്കുമ്പോൾ ഇംഗ്ലീഷ് വരുന്നതെന്നും അല്ലാതെയത് ജാഡയല്ലെന്നും അവർ കൂട്ടിച്ചേർത്തു. വനിതയയോട് സംസാരിക്കുകയായിരുന്നു നടി.
‘നയൻതാരയെ അനുകരിക്കുന്നു എന്നതാണ് ഒരു വിമർശനം. ഏതു രീതിയിലാണ് നയൻതാരയെ അനുകരിക്കുന്നത് എന്ന് എനിക്കു മനസിലായിട്ടേയില്ല. കാഴ്ചയിൽ അൽപം സാമ്യം ഉണ്ട് എന്ന് ചിലർ പറയാറുണ്ട്.
ബേസ് വോയ്‌സിൽ സംസാരിക്കുന്നതിനാലാണിത് പറയുന്നതെങ്കിൽ എന്റെ ശബ്ദം ഇങ്ങനെയാണ്. ഈ ശബ്ദത്തിലല്ലേ എനിക്കു സംസാരിക്കാൻ കഴിയൂ.
സംസാരിക്കുമ്പോൾ ഇംഗ്ലീഷ് വാക്കുകൾ കൂടുതലുപയോഗിക്കുന്നു എന്നാണു മറ്റൊരു വിമർശനം. ആറാം ക്ലാസ് വരെ ഞാൻ എറണാകുളത്ത് ചോയ്‌സ് സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളിൽ ഇംഗ്ലീഷ് മാത്രമാണ് സംസാരിച്ചിരുന്നത്.
തമിഴിലും തെലുങ്കിലും അഭിനയിക്കാൻ പോകുമ്പോഴും കൂട്ടുകാരോടും ഇംഗ്ലീഷിലാണു കൂടുതൽ സമയവും സംസാരിക്കുന്നത്. അതുകൊണ്ട് മലയാളം സംസാരിക്കുമ്പോഴും ഇടയ്ക്ക് ഇംഗ്ലിഷ് കലർന്നു വരും. അല്ലാതെ ജാഡ കാണിക്കാനല്ല,’ അനിഖ പറയുന്നു.
Content Highlight: Criticism of imitating Nayanthara; I don’t understand in what way says Anikha Surendran