'യുദ്ധത്തിനിടയില്‍ പ്രസിഡന്റിന്റെയും ഭാര്യയുടെയും ഫോട്ടോഷൂട്ട്'; ഒലേന സെലന്‍സ്‌കയുടെ വോഗ് മാഗസിന്‍ കവര്‍ ഫോട്ടോക്കെതിരെ വിമര്‍ശനം
World News
'യുദ്ധത്തിനിടയില്‍ പ്രസിഡന്റിന്റെയും ഭാര്യയുടെയും ഫോട്ടോഷൂട്ട്'; ഒലേന സെലന്‍സ്‌കയുടെ വോഗ് മാഗസിന്‍ കവര്‍ ഫോട്ടോക്കെതിരെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th July 2022, 2:01 pm

കീവ്: ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ഭാര്യ ഒലേന സെലന്‍സ്‌ക വോഗ് മാഗസിനിന്റെ കവര്‍ മുഖമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമുയരുന്നു.

ധീരതയുടെ ഛായാചിത്രം (Portrait of Bravery) എന്ന ക്യാപ്ഷനോടെയാണ് ഒലേന സെലന്‍സ്‌കയെ വോഗ് തങ്ങളുടെ കവര്‍ മുഖമായി അവതരിപ്പിച്ചിരിക്കുന്നത്. വോഗിന്റെ ‘ഡിജിറ്റല്‍ കവര്‍ സ്റ്റാര്‍’ ആയും ഒലേന സെലന്‍സ്‌കയുടെ ഫോട്ടോ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രസിഡന്‍ഷ്യല്‍ ഓഫീസില്‍ ഇരിക്കുന്നതിന്റെയും പട്ടാളക്കാര്‍ക്കൊപ്പം നില്‍ക്കുന്നതിന്റെയുമൊക്കെ ഫോട്ടോകളാണ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഉക്രൈനിലെ യുദ്ധ സാഹചര്യത്തിലും പ്രസിഡന്റും പ്രഥമ വനിതയും ‘ഫാഷന്‍ ഫോട്ടോഷൂട്ടി’ല്‍ പങ്കെടുക്കുന്നു എന്ന രീതിയിലാണ് വിമര്‍ശനമുയരുന്നത്.

‘യുദ്ധ സമയത്ത് ഒന്നുകില്‍ നിങ്ങള്‍ ശത്രുവിനെ ഷൂട്ട് ചെയ്യുക, അല്ലെങ്കില്‍ വോഗിന്റെ ഷൂട്ടിന്റെ ഭാഗമാകുക,’

‘മുന്‍ഗണനകള്‍, യുദ്ധം തടയാന്‍ സെലന്‍സ്‌കി നടത്തുന്ന ‘ശ്രമങ്ങളെ’ ഉക്രൈനി സൈനികരും ജനങ്ങളും തീര്‍ച്ചയായും അഭിനന്ദിക്കും! ഒരു വോഗ് കവര്‍ തീര്‍ച്ചയായും സഹായിക്കും,’ എന്നിങ്ങനെയാണ് വോഗ് കവറിനെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ചില കമന്റുകള്‍.

അതേസമയം വോഗിനെയും ഒലേനയുടെ ഫോട്ടോഷൂട്ടിനെയും പ്രശംസിച്ചുകൊണ്ടും പ്രതികരണങ്ങള്‍ പുറത്തുവരുന്നുണ്ട്.

”ഉക്രൈനിലെ യുദ്ധം നിര്‍ണായകമായ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്തിന്റെ പ്രഥമ വനിത, മുന്‍നിര നയതന്ത്രജ്ഞയും രാജ്യത്തിന്റെ വൈകാരികതയുടെ മുഖവുമായ ഒലേന സെലന്‍സ്‌ക അതിലെ പ്രധാന പ്ലെയറായി മാറിയിരിക്കുകയാണ്,” വോഗ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.

View this post on Instagram

A post shared by Vogue (@voguemagazine)

ഇരുപത് വര്‍ഷം നീണ്ട തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ചും റഷ്യ ഉക്രൈനില്‍ ആക്രമണമാരംഭിച്ചതിനെത്തുടര്‍ന്ന് മക്കളുമായി പിരിഞ്ഞ് ജീവിക്കേണ്ടി വന്നതിനെക്കുറിച്ചുമൊക്കെയാണ് ഉക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയ വോഗ് ടീമിന് നല്‍കിയ അഭിമുഖത്തില്‍ സെലന്‍സ്‌കിയും ഭാര്യയും പറയുന്നത്.

ഒക്ടോബറില്‍ പുറത്തിറങ്ങുന്ന വോഗ് പതിപ്പിലായിരിക്കും അഭിമുഖത്തിന്റെ സമ്പൂര്‍ണരൂപം ഉണ്ടാവുക.

ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു റഷ്യ ഉക്രൈനില്‍ അധിനിവേശ ശ്രമങ്ങള്‍ ആരംഭിച്ചത്. യുദ്ധം 150 ദിവസം പിന്നിട്ടിരിക്കുകയാണ്.

Content Highlight: criticism arouse after Ukraine President Volodymyr Zelensky’s wife Olena Zelenska appear on Vogue Cover