ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; മാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങിനെതിരെ വിമർശനം
Kerala News
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; മാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങിനെതിരെ വിമർശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th November 2023, 12:22 pm

കൊല്ലം: കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതിക്കെതിരെ വ്യാപക വിമർശനം. പൊലീസ് അന്വേഷണത്തിന്റെ ഗതി ലൈവിലൂടെ അറിയിക്കുന്നത് തട്ടിപ്പുസംഘത്തിന് രക്ഷപ്പെടാൻ സഹായമാകുമെന്ന വിമർശനമാണ് ഉയരുന്നത്.

നാലാംഗ സംഘം തട്ടിക്കൊണ്ടുപോയ അഭിഗേലിന്റെ അമ്മയെ സംഘം ഫോണിൽ ബന്ധപ്പെടുമ്പോൾ മാധ്യമങ്ങൾ അത് ലൈവായി സംപ്രേക്ഷണം ചെയ്യുകയും ഫോണിൽ സംസാരിക്കുന്നതിന് പോലും തടസം സൃഷ്ടിച്ചുകൊണ്ട് വീടിന്റെ പരിസരത്ത് തിക്കിത്തിരക്കുകയുമായിരുന്നു.

മോചന ദ്രവ്യമായി സംഘം ആവശ്യപ്പെട്ട പത്ത് ലക്ഷം രൂപ നൽകാൻ തയ്യാറാണെന്ന് പറയാൻ മാതാപിതാക്കളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. രഹസ്യമാക്കി വെക്കേണ്ട ഈ കാര്യം ‘സ്ഥിരീകരിച്ച വിവരമാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് ഒരു റിപ്പോർട്ടർ ലൈവിൽ പറഞ്ഞത്‌.

പ്രതികളുടെ മൊബൈൽ ടവർ പൊലീസ് പരിശോധിക്കുന്ന കാര്യവും ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്ന കാര്യവും ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

പൊലീസ് അന്വേഷണം നടക്കുന്നത് ഏത് ഭാഗത്താണെന്നത് ഉൾപ്പെടെയുള്ള അപ്ഡേറ്റുകൾ എല്ലാ ചാനലുകളും പുറത്തുവിടുന്നുണ്ട്. തട്ടിക്കൊണ്ട് പോയത് പണത്തിന് വേണ്ടി മാത്രമാണോ മറ്റെന്തെങ്കിലും കാര്യമുണ്ടോ തുടങ്ങിയ  ഊഹാപോഹങ്ങളിലും മാധ്യമങ്ങൾ എത്തുന്നുണ്ട്.
ഇത് പ്രതികളിലേക്ക് എത്താനുള്ള പൊലീസിന്റെ അന്വേഷണത്തിന് തുരങ്കം വയ്ക്കുന്നതാണ് എന്നാണ് വിമർശനം.

കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും പൊലീസ്‌ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്.

കുട്ടിയെ നഷ്ടപ്പെട്ട നടുക്കത്തിൽ നിൽക്കുന്ന ബന്ധുക്കളോട് അനുചിതമായ ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമങ്ങൾക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

”അവരുടെ സംസാരത്തിൽ എന്തെങ്കിലും ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നോ? അതായത് നിങ്ങൾ വന്നിട്ടില്ലെങ്കിൽ കുട്ടിയെ വക വരുത്തിക്കളയുമെന്ന്..”

തട്ടിക്കൊണ്ടു പോകപ്പെട്ട ഒരു കുട്ടിയുടെ ബന്ധുക്കളോട് അവരുടെ വീട്ടിൽ വച്ചാണ് ഈ ത…യില്ലാഴിക ചോദിക്കുന്നത്.

മനുഷ്യരിൽ താഴെയുള്ള ഏതൊക്കെയോ രൂപങ്ങൾ മാധ്യമപ്രവർത്തകരുടെ വേഷം കെട്ടി നടക്കുന്നുണ്ട്. പൊലീസോ നാട്ടുകാരോ ഇടപെടണം,’ എന്നായിരുന്നു മാധ്യമപ്രവർത്തകനായ കെ.ജെ. ജേക്കബ് ഫേസ്ബുക്കിൽ കുറിച്ചത്.

കുട്ടിയുടെ വീട്ടിൽ കയറി കുഞ്ഞിന്റെ ജീവനും വീട്ടുകാരുടെ പ്രൈവസിയും വെച്ച് ലൈവ് നടത്തുന്നതിനെതിരെ അഭിഭാഷകൻ ഹരീഷ് വാസുദേവനും രംഗത്തെത്തിയിരുന്നു.

അന്വേഷണത്തിനിടയിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

Content Highlight: Criticism against Media in Kollam Child abduction case