'മൊതലാളിയെ ഇംപ്രസ് ചെയ്യിക്കാനാകും'; സിന്ധു സൂര്യകുമാരിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനം
Kerala News
'മൊതലാളിയെ ഇംപ്രസ് ചെയ്യിക്കാനാകും'; സിന്ധു സൂര്യകുമാരിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th October 2022, 4:34 pm

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍  സോഷ്യല്‍ മീഡിയയില്‍ രാഹുല്‍  ഗാന്ധിയുടെ ഫോട്ടോ പങ്കുവെച്ച പോസ്റ്റിനെതിരെ വിമര്‍ശനം.

ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗന്ധിയുടെ താടി വളര്‍ത്തിയ ചിത്രം (ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന ആരോപണവും ഉണ്ട്) കാസ്റ്റ് എവെ എന്ന ഹോളിവുഡ് ചിത്രത്തില്‍ ടോം ഹാങ്ക്‌സ് അവതരിപ്പിച്ച കഥാപാത്രത്തോട് താരതമ്യപ്പെടുത്തിയാണ് സിന്ധുവിന്റെ പോസ്റ്റ്.

‘ഇപ്പോള്‍ ചായ കാച്ചിയാല്‍ കൊയപ്പമാകുമോ’ എന്നാണ് സിന്ധു ഈ പോസ്റ്റിന് ക്യാപ്ഷനായി നല്‍കിയത്. തന്റെ സഹപ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകരെ മെന്‍ഷന്‍ ചെയ്താണ് സിന്ധു പോസ്റ്റ് പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം എ.ഐ.സി.സി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സിന്ധു സൂര്യകുമാറിന്റെ പോസ്റ്റ്.

എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഒരാളുടെ രൂപത്തെ ഒക്കെ വളരെ മോശം ആയി ട്രോളുന്നതിനോട് യോജിപ്പില്ല എന്നാണ് സാമൂഹിക പ്രവര്‍ത്തക സിന്‍സി അനില്‍ ഇതിന് കമന്റായി മറുപടി നല്‍കിയത്.

രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതനായ ഒരു നേതാവല്ല രാഹുല്‍ ഗാന്ധി, എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ സിന്ധു സൂര്യകുമാര്‍ നടത്തിയത് ശുദ്ധ തോന്ന്യവാസമാണെന്നാണ് ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കര ഫേസ്ബുക്കില്‍ എഴുതിയത്. രണ്ടായിത്തി അഞ്ഞൂറിലധികം റിയാക്ഷന്‍ കിട്ടിയ ഈ പോസ്റ്റില്‍ 2200ല്‍ കൂടുതല്‍ ആഗ്രി റിയക്ഷനാണ് ലഭിച്ചിട്ടുള്ളത്.

‘മൊതലാളിയെ ഇംപ്രസ് ചെയ്യിക്കാനാകും, അസഹിഷ്ണുത നല്ലതല്ല, മോശം പോസ്റ്റ് ദയവായി പിന്‍വലിക്കൂ, ചാനലൊക്കെ വിട്ട് ചായ കാച്ചലായോ.

രാഹുല്‍ കഴിക്കുന്ന ഭക്ഷണം മാത്രമല്ല, അദ്ദേഹത്തിന്റെ മുഖത്ത് വളരുന്ന രോമം പോലും ആര്‍.എസ്.എസ് സ്‌പോണ്‍സേഡ് ‘മുഖ്യധാരാ’ മാധ്യമങ്ങളിലെ കൂലിപ്പണിക്കാരെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് രാഹുലിനോടുള്ള ഇഷ്ടം കൂടിവരുന്നത്,’ എന്നൊക്കെയാണ് പോസ്റ്റിനെതിരെ ഉയരുന്ന മറ്റ് വിമര്‍ശനങ്ങള്‍.

ആതേസമയം, രാഹുല്‍ ഗാന്ധിയുടെ താടിയെച്ചൊല്ലി സംഘപരിവര്‍ കേന്ദ്രങ്ങള്‍ വിദ്വേഷം പ്രചരണം നടത്തുന്നത് ആള്‍ട്ട് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈര്‍ ഫാക്ട് ചെക്കിലൂടെ തുറന്നുകാണിച്ചു.

ഉള്ളതിലും കൂടുതല്‍ താടിയുള്ളതായിട്ടാണ് ഭാരത് ജോഡോ യാത്രക്കിടെയുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ആന്ധ്രാപ്രദേശിലാണ് നിലവില്‍ ജോഡോ യാത്ര പര്യടനം നടക്കുന്നത്. ഇതിനകം മൂന്ന് സംസ്ഥാനങ്ങളാണ് പദയാത്ര പിന്നിട്ടത്.

കഴിഞ്ഞ മാസം ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ പദയാത്ര നാല് ദിവസം തിമഴ്നാട്ടിലും 19 ദിവസം കേരളത്തിലും സഞ്ചരിച്ചു. കര്‍ണാടകയില്‍ 21 ദിവസം പിന്നിട്ടാണ് ആന്ധ്രാപ്രദേശിലേക്ക് യാത്ര പ്രവേശിച്ചത്.