റൂണിയും ദ്രോഗ്ബയും മുഴുവന്‍ കരിയറില്‍ നേടിയ ഗോളുകള്‍ അദ്ദേഹം 30 വയസിനുള്ളില്‍ നേടി; ഇതിഹാസത്തെ പ്രശംസിച്ച് ആരാധകര്‍
Football
റൂണിയും ദ്രോഗ്ബയും മുഴുവന്‍ കരിയറില്‍ നേടിയ ഗോളുകള്‍ അദ്ദേഹം 30 വയസിനുള്ളില്‍ നേടി; ഇതിഹാസത്തെ പ്രശംസിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th November 2023, 4:05 pm

ഫുട്‌ബോളില്‍ കരിയറില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ താരമാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ബൂട്ടുകെട്ടുന്ന കാലഘട്ടത്തിലാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. യുണൈറ്റഡിലെ താരത്തിന്റെ അവസാന നാളുകളില്‍ റോണോ ഫോം ഔട്ടായെന്നും പ്രായമായമെന്നും പരിഹാസങ്ങളുണ്ടായിരുന്നു.

പരിശീലകന്‍ എറിക് ടെന്‍ ഹാഗ് മത്സരങ്ങളില്‍ താരത്തിന്റെ അവസരങ്ങള്‍ കുറച്ചതും പതിവായി ബെഞ്ചിലിരുത്താനാരംഭിച്ചതും റോണോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി പിരിയാന്‍ പ്രേരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് ക്രിസ്റ്റ്യാനോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറി.

സൗദി മണ്ണിലെത്തിയ താരം തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. താരത്തിന്റെ പ്രകടന മികവില്‍ അല്‍ നസറിന് ചരിത്രത്തിലാദ്യമായി ലീഗ് കിരീടം ഉയര്‍ത്താന്‍ സാധിച്ചിരുന്നു. സൗദിയില്‍ റോണോ മികച്ച് മുന്നേറുമ്പോള്‍ യൂറോപ്യന്‍ ക്ലബ്ബുകളിലടക്കം താരം നേടിയ ഗോളുകളുടെ കണക്കുകളെ ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ പ്രശംസിക്കുകയാണ് ആരാധകര്‍.

മുന്‍ കളിക്കാരനും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റോണോയുടെ സഹതാരവുമായിരുന്ന വെയ്ന്‍ റൂണി, ചെല്‍സി ഇതിഹാസം ദിദിയര്‍ ദ്രോഗ്ബ എന്നിവരുമായി താരതമ്യം ചെയ്തുകൊണ്ടാണ് ക്രിസ്റ്റ്യാനോയെ ആരാധകര്‍ പ്രശംസിച്ചത്.

30 വയസിനുള്ളില്‍ ക്രിസ്റ്റ്യാനോ 400 ഗോളുകള്‍ അക്കൗണ്ടിലാക്കിയപ്പോള്‍ റൂണി കരിയറിലുടനീളം 764 മത്സരങ്ങളില്‍ നിന്ന് 313 ഗോളുകളാണ് നേടിയത്. അതേസമയം, 351 ഗോളുകളാണ് ദ്രോഗ്ബയുടെ സമ്പാദ്യം.

അതേസമയം, സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ക്രിസ്റ്റ്യാനോ കാഴ്ചവെച്ചത്. അല്‍ ഖലീജിന്റെ ഹോം ഗ്രൗണ്ടായ അല്‍ അവാല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 26ാം മിനിട്ടിലായിരുന്നു ക്രിസ്റ്റ്യനോ റൊണാള്‍ഡോ ഗോള്‍ നേടിയത്. പെനാല്‍ട്ടി ബോക്സിന് പുറത്ത് നിന്നും റോണോ ഒരു കിടിലന്‍ ബുള്ളറ്റ് ഷോട്ട് പായിക്കുകയായിരുന്നു.

സൂപ്പര്‍ താരത്തിന്റെ തകര്‍പ്പന്‍ ഷോട്ടില്‍ അല്‍ ഖലീജ് ഗോള്‍കീപ്പര്‍ക്ക് ഒരു അവസരവും നല്‍കിയില്ല. സൗദി ലീഗില്‍ ഈ സീസണിലെ റൊണാള്‍ഡോയുടെ 12 ഗോള്‍ ആയിരുന്നു ഇത്. ജയത്തോടെ സൗദി ലീഗില്‍ 12 മത്സരങ്ങളില്‍ നിന്നും ഒന്‍പത് വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമടക്കം 28 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ നവംബര്‍ ഏഴിന് അല്‍ ദുഹൈലിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.

Content Highlights: Cristiano Ronaldo scored as many goals as Rooney and Drogba in their entire careers under the age of 30; Fans praise the legend