മെസിയൊ റോണോയോ ആരാണ് ഗോട്ട്? തുറന്ന് പറഞ്ഞ് നൈജീരിയന്‍ ഗായകന്‍
Football
മെസിയൊ റോണോയോ ആരാണ് ഗോട്ട്? തുറന്ന് പറഞ്ഞ് നൈജീരിയന്‍ ഗായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th November 2023, 2:00 pm

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോലയണല്‍ മെസിയാണോ ഫുട്‌ബോളിലെ ഗോട്ട് എന്നുള്ള ചര്‍ച്ചകള്‍ എല്ലാ കാലത്തും സജീവമായി നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് നൈജീരിയന്‍ ഗായകനായ ഡേവിഡോ.

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് ഡേവിഡോ തെരഞ്ഞെടുത്തത്.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വളരെ അച്ചടക്കമുള്ളവനാണ്. ഞാനും വളരെയധികം അച്ചടക്കമുള്ള ഒരാളാണ്. നിങ്ങള്‍ക്കറിയാമോ അത്തരത്തിലുള്ള ആളുകള്‍ വിജയം നേടും. എനിക്ക് മെസിയെയും റൊണാള്‍ഡോയെയും രണ്ടുപേരെയും ഇഷ്ടമാണ്. എന്നാല്‍ വ്യക്തിപരമായി ഞാന്‍ ഒരു റൊണാള്‍ഡോ ആരാധകനാണ്,’ ഡേവിഡോ ഡെയ്ലി പോസ്റ്റ് നൈജീരിയ വഴി പറഞ്ഞു.

അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ നേടിയ റൊണാള്‍ഡോ യൂറോപ്പിലെ എല്ലാ നേട്ടങ്ങളും സ്വന്തം പേരിലാക്കിയതാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളില്‍ കളിച്ച റോണോ അവിസ്മരണീയമായ കരിയര്‍ ആണ് കെട്ടിപടുത്തുയര്‍ത്തിയത്.

അഞ്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് പ്രീമിയര്‍ ലീഗ്, മൂന്ന് ലാ ലിഗയും, രണ്ട് സീരി എയും എല്ലം റൊണാള്‍ഡോയുടെ പേരിലുള്ള നേട്ടങ്ങളാണ്.

നിലവില്‍ സൗദി ക്ലബ്ബ് അല്‍ നസറിന്റെ താരമാണ് റൊണാള്‍ഡോ. സൗദി ക്ലബ്ബിനൊപ്പം മിന്നും ഫോമിലാണ് ഈ 38കാരന്‍ കളിക്കുന്നത്. ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളും ഏഴ് അസിസ്റ്റുമാണ് റോണോയുടെ അക്കൗണ്ടിലുള്ളത്.

അതേസമയം ലയണല്‍ മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓര്‍ തിളക്കത്തിലാണ് നില്‍ക്കുന്നത്. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയോടൊപ്പം അവിസ്മരണീയമായ കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തിയ മെസി പിന്നീട് ഫ്രഞ്ച് ടീമായ പാരീസ് സെയ്ന്റ് ജെര്‍മെനിലും കളിച്ചു.


നിലവില്‍ മെജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. ഇന്റര്‍ മയാമിക്കായി അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മെസിക്ക് സാധിച്ചു. മയാമിക്കായി 12 ഗോളുകളും അഞ്ച് അസിസ്റ്റുമാണ് മെസി സ്വന്തമാക്കിയത്.

Content Highlight: Nigerian singer Davido reveals Cristaino Ronaldo is the goat in football.