സൗദി പ്രൊ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് അല്‍ നസര്‍. അല്‍ താവൂണ്‍ എഫ്.സിയെ തകര്‍ത്താണ് അല്‍ നസര്‍ സീസണിലെ തങ്ങളുടെ തുടര്‍ച്ചയായ നാലാം വിജയം കൈപ്പിടിയിലാക്കിയത്. റിയാദിലെ അല്‍ അവ്വല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സൗദി വമ്പന്മാരുടെ ജയം.
മത്സരത്തില്‍ ഒരു ഗോളിന് പുറകില്‍ നിന്ന ശേഷമായിരുന്നു അല്‍ നസറിന്റെ തിരിച്ചുവരവ്. മത്സരം തുടങ്ങി 11ാം മിനിട്ടില്‍ ബസ്സാം മുഹമ്മദ് അല്‍ഹുറൈജിയുടെ ഗോളിലൂടെ അല്‍ താവൂണ്‍ ആണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ ആദ്യ പകുതിയിലെ ആഡ് ഓണ്‍ ടൈമില്‍ അല്‍ നസര്‍ ഗോള്‍ തിരിച്ചടിച്ചു. സാമു കോസ്റ്റായാണ് ഗോള്‍ സ്‌കോറര്‍. ഒടുവില്‍ ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം സ്വന്തമാക്കി തുല്യത പാലിച്ചു.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലൂടെയാണ് അല്‍ നസര്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 50ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്.
Full time! 🙌💛
Samú Costa ⚽️
Cristiano Ronaldo ⚽️ pic.twitter.com/7tzi7FwSji— AlNassr FC (@AlNassrFC_EN) August 28, 2026
ഈ ഗോളോടെ ഒരു ചരിത്രനേട്ടവും പോര്‍ച്ചുഗീസ് ഇതിഹാസം തന്റെ പേരിലാക്കി മാറ്റി. സൗദി പ്രൊ ലീഗില്‍ അല്‍ നസറിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായാണ് റൊണാള്‍ഡോ മാറിയത്. 104 ഗോളുകളുമായാണ് റൊണാള്‍ഡോ ഒന്നാമനായത്. 103 ഗോളുകള്‍ നേടിയ മുഹമ്മദ് അല്‍ സഹ്‌ലവിയെ മറികടന്നാണ് റൊണാള്‍ഡോയുടെ നേട്ടം.
മത്സരത്തില്‍ നേടിയ ഒറ്റ ഗോളോടെ ഫുട്ബോളിലെ തന്റെ ഗോള്‍ നേട്ടം 978 ആക്കി ഉയര്‍ത്താനും റൊണാള്‍ഡോക്ക് സാധിച്ചു. നിലവില്‍ ഫുട്‌ബോളില്‍ ആയിരം ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്ക് റൊണാള്‍ഡോ കണ്ണുവെക്കുന്നത്. 22 ഗോളുകള്‍ കൂടി എതിരാളികളുടെ വലയില്‍ എത്തിക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ ഈ മാന്ത്രിക സംഖ്യയിലേക്ക് നടന്നുകയറാന്‍ സാധിക്കും.
റൊണാള്‍ഡോ തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് റയല്‍ മാഡ്രിഡിന് വേണ്ടിയാണ്. 450 തവണയാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിന് വേണ്ടി ലക്ഷ്യം കണ്ടത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം രണ്ട് കാലഘട്ടങ്ങളിലായി കളത്തിലിറങ്ങിയ റൊണാള്‍ഡോ 145 ഗോളുകളും സ്വന്തമാക്കി. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനായി 101 ഗോളുകളും സ്‌പോര്‍ട്ടിങ്ങിന് വേണ്ടി അഞ്ച് ഗോളുകളും റൊണാള്‍ഡോ നേടി. പോര്‍ച്ചുഗലിന് വേണ്ടി 146 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. സൗദി ക്ലബ്ബിന് വേണ്ടി 131 ഗോളുകളും നേടിയാണ് റൊണാള്‍ഡോ കുതിക്കുന്നത്.

അതേസമയം നിലവില്‍ സൗദി ലീഗ് പോയിന്റ് പട്ടികയില്‍ ആദ്യ നാല് മത്സരങ്ങളും വിജയിച്ച് 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും. സെപ്റ്റംബര്‍ അഞ്ചിന് അല്‍ ഇത്തിഹാദിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Content Highlight: Cristiano Ronaldo create a new record for Al Nassr
