ചരിത്രത്തിൽ രണ്ടാമനായി റോണോ; ഒറ്റ ഗോളിൽ തൂക്കിയത് ഐതിഹാസിക നേട്ടം
Football
ചരിത്രത്തിൽ രണ്ടാമനായി റോണോ; ഒറ്റ ഗോളിൽ തൂക്കിയത് ഐതിഹാസിക നേട്ടം
സുദേവ് എ
Saturday, 29th August 2026, 12:28 pm

സൗദി പ്രൊ ലീഗില്‍ തുടർച്ചയായ നാലാം മത്സരവും വിജയിച്ചുകൊണ്ട് നിലവിലെ ചാമ്പ്യന്മാരായ അൽ നസർ കുതിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അല്‍ താവൂണ്‍ എഫ്.സിയെയാണ് അല്‍ നസര്‍ തകര്‍ത്തത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സൗദി വമ്പന്മാരുടെ ജയം.

മത്സരത്തില്‍ ഒരു ഗോളിന് പുറകില്‍ നിന്ന ശേഷമായിരുന്നു അല്‍ നസറിന്റെ തിരിച്ചുവരവ്. മത്സരം തുടങ്ങി 11ാം മിനിട്ടില്‍ ബസ്സാം മുഹമ്മദ് അല്‍ഹുറൈജിയുടെ ഗോളിലൂടെ അല്‍ താവൂണ്‍ ആണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ ആദ്യ പകുതിയിലെ ആഡ് ഓണ്‍ ടൈമില്‍ സാമു കോസ്റ്റയിലൂടെ അല്‍ നസര്‍ ഗോള്‍ തിരിച്ചടിച്ചു.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലൂടെയാണ് അല്‍ നസര്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 50ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്.

ഈ ഗോളിന് പിന്നാലെ അൽ നാസറിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും റൊണാൾഡോ കൈവരിച്ചു. 131 ഗോളുകളാണ് റൊണാൾഡോ സൗദി വമ്പൻമാർക്ക് വേണ്ടി അടിച്ചുകൂട്ടിയത്.

ഈ നേട്ടത്തിൽ മുഹമ്മദ് അൽ സഹ്ലവിക്കൊപ്പമാണ് റൊണാൾഡോയുള്ളത്. 259 ഗോളുകൾ നേടിയ മജീദ് അബ്ദുള്ളയാണ് അൽ നസറിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ. വരാനിരിക്കുന്ന മത്സരങ്ങളിൽ ഒരു ഗോൾ കൂടി എതിരാളികളുടെ വലയിലെത്തിച്ചാൽ ഈ നേട്ടത്തിൽ അൽ സഹ്ലവിയെ മറികടക്കാനും റൊണാൾഡോക്ക് സാധിക്കും.

നിലവില്‍ ഫുട്‌ബോളില്‍ റൊണാള്‍ഡോ 978 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. ഫുട്ബോളില്‍ ആയിരം ഗോളുകളെന്ന ചരിത്ര നേട്ടത്തിന്റെ അരികിലാണ് റൊണാള്‍ഡോ. 22 ഗോളുകള്‍ കൂടി എതിരാളികളുടെ വലയില്‍ എത്തിക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ ഈ ചരിത്ര നേട്ടം കൈവരിക്കാൻ സാധിക്കും.

റൊണാള്‍ഡോ തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് റയല്‍ മാഡ്രിഡിന് വേണ്ടിയാണ്. 450 തവണയാണ് പോര്‍ച്ചുഗീസ് ഇതിഹാസം റയല്‍ മാഡ്രിഡിന് വേണ്ടി ലക്ഷ്യം കണ്ടത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം രണ്ട് കാലഘട്ടങ്ങളിലായി കളത്തിലിറങ്ങിയ റൊണാള്‍ഡോ 145 ഗോളുകളും സ്വന്തമാക്കി. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനായി 101 ഗോളുകളും സ്പോര്‍ട്ടിങ്ങിന് വേണ്ടി അഞ്ച് ഗോളുകളും റൊണാള്‍ഡോ നേടി.

പോര്‍ച്ചുഗലിന് വേണ്ടി 146 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. സൗദി ക്ലബ്ബിന് വേണ്ടി 131 ഗോളുകളും നേടിയാണ് റൊണാള്‍ഡോ കുതിക്കുന്നത്. അടുത്തിടെ ഈ സീസണായിരിക്കും ഫുട്ബോളിലെ തന്റെ അവസാന വര്‍ഷമെന്ന് റൊണാള്‍ഡോ തുറന്നു പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തന്റെ അവസാന സീസണില്‍ റൊണാള്‍ഡോ ആയിരം ഗോളുകളെന്ന വലിയ നേട്ടത്തിലേക്ക് കാലെടുത്തുവെക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

 

Content Highlight: Cristiano Ronaldo create a huge record for Al Nassr

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.