‘Eat Cricket, Sleep Cricket, Drink Coca-Cola’ 1996 ലോകകപ്പ് കാലത്ത് ക്രിക്കറ്റിന്റെ കച്ചവടവല്‍ക്കരണത്തിന് തുടക്കം കുറിച്ച പ്രശസ്തമായ ഒരു പരസ്യവാചകമാണിത്. അവിടെ നിന്നും ഐ.പി.എല്‍ കാലഘട്ടത്തിലേക്ക് എത്തുമ്പോള്‍ ക്രിക്കറ്റ് പൂര്‍ണ്ണമായും ഒരു വ്യവസായമായി മാറിക്കഴിഞ്ഞു.
രാജ്യത്ത് വീണ്ടുമൊരു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കൂടി അരങ്ങേറിയിരിക്കുകയാണ്. പ്രതിവര്‍ഷം 5,000 കോടി മുതല്‍ 7,000 കോടി രൂപ വരെ ഐ.പി.എല്ലിനായി ചെലവാകുന്നുണ്ടെന്നാണ് ബി.സി.സി.ഐ. കണക്കുകള്‍ വ്യക്തമാക്കുന്നത്. പച്ചവിരിച്ച പുല്‍മൈതാനങ്ങളെ വിപണിയുടെ കാര്‍ണിവലാക്കി മാറ്റി മൂലധന നിക്ഷേപകര്‍ അഴിഞ്ഞാടുമ്പോള്‍, ക്രിക്കറ്റ് അതിന്റെ കായിക മനോഹാരിത കൈവിട്ട് കേവലം ‘പണച്ചാക്കുകളുടെ’ കളിപ്പാവയായി മാറിയിരിക്കുന്നു എന്നതാണ് നഗ്‌നമായ യാഥാര്‍ത്ഥ്യം.
ബ്രിട്ടീഷ് കോളനികളില്‍ നിന്ന് കോര്‍പ്പറേറ്റ് കൂടാരങ്ങളിലേക്ക്
പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ഗ്രാമീണ ബാലന്മാര്‍ കളിച്ചുതുടങ്ങിയ വിനോദമായിരുന്നു ക്രിക്കറ്റ്. പില്‍ക്കാലത്ത് ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഈ കളി ലോകമെമ്പാടും പ്രചരിച്ചത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് ക്രിക്കറ്റിനെ ഇന്നത്തെ ആവേശകരമായ വാണിജ്യരൂപത്തിലേക്ക് ചുരുക്കിയത് ഡിജിറ്റല്‍ ലോകത്തിന്റെ വളര്‍ച്ചയാണ്. മുതലാളിത്തം കായിക മേഖലയെ എങ്ങനെയെല്ലാം വിലയ്ക്കുവാങ്ങുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഐ.പി.എല്‍.
കുടിവെള്ളം ഊറ്റിക്കുടിക്കുന്ന പച്ചപ്പുകള്‍: ഐ.പി.എല്ലും പരിസ്ഥിതി നാശവും
കാണികളെ ആവേശം കൊള്ളിക്കാനെന്ന വ്യാജേന പ്രകൃതിസമ്പന്നമായ ഇടങ്ങളില്‍ കോണ്‍ക്രീറ്റ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നത് പരിസ്ഥിതിക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. ശ്രീലങ്കയിലെ മഹീന്ദ്ര രാജപക്‌സെ സ്റ്റേഡിയം ഇതിനൊരു ഉദാഹരണമാണ്. കാട്ടാനകളുടെ വിഹാരകേന്ദ്രമായിരുന്ന പ്രദേശം നശിപ്പിച്ചുണ്ടാക്കിയ ഈ സ്റ്റേഡിയത്തിന് സമീപം ആനകളുടെ ആക്രമണത്തില്‍ രണ്ട് ജീവനുകള്‍ പൊലിഞ്ഞു. ഭോപ്പാലിലാകട്ടെ, എഴുനൂറിലധികം മരങ്ങള്‍ മുറിച്ചും പ്രശസ്തമായ ഭോജ് തണ്ണീര്‍ത്തടം നശിപ്പിച്ചുമാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. കേരളത്തിലെ ഇടക്കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി നടന്ന ശ്രമങ്ങളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.
ക്രിക്കറ്റ് പിച്ചുകള്‍ നനയ്ക്കാന്‍ മാത്രം പ്രതിദിനം 7,500 ലിറ്റര്‍ മുതല്‍ 50,000 ലിറ്റര്‍ വരെ വെള്ളം ആവശ്യമാണെന്ന് പഠനങ്ങള്‍ പറയുന്നു. 2016-ല്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഏഴ് ഐ.പി.എല്‍. മത്സരങ്ങള്‍ക്കായി മാത്രം ഒഴുക്കിക്കളഞ്ഞത് 40 ലക്ഷം ലിറ്റര്‍ വെള്ളമാണ്. നീതി ആയോഗിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍ വെറും നാല് ശതമാനം ശുദ്ധജലം മാത്രമാണുള്ളത്. 16 കോടിയിലധികം മനുഷ്യര്‍ കുടിവെള്ളമില്ലാതെ വലയുന്ന ഒരു രാജ്യത്താണ് വിനോദത്തിനായി ഇത്രയേറെ ജലം പാഴാക്കുന്നത്. കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് മുന്‍പില്‍ ഭരണകൂടങ്ങള്‍ ഇത്തരം ജലചൂഷണങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയാണ്.
ഐ.പി.എല്‍. സംപ്രേഷണം ചെയ്യുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ പ്രേക്ഷകരില്‍ 70 ശതമാനവും യുവാക്കളാണ്. ഐ.എല്‍.ഒ (ILO) പുറത്തുവിട്ട 2024-ലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലാത്തവരില്‍ 83 ശതമാനവും യുവാക്കളാണ്. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന യുവതലമുറയെ ഇത്തരം വിനോദങ്ങളില്‍ തളച്ചിട്ട് അവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അധികാരികളും ഈ ‘കാര്‍ണിവലിനെ’ കൂട്ടുപിടിക്കുന്നു. ജീവിതം വഴിമുട്ടി നില്‍ക്കുന്ന യുവതയെ ബ്രെയിന്‍വാഷ് ചെയ്യാനുള്ള ഡിജിറ്റല്‍ മയക്കുമരുന്നായി ഐ.പി.എല്‍. മാറുന്നു.
ഡാറ്റാ ചൂഷണത്തിന്റെ മഹാമേളയും കോര്‍പ്പറേറ്റ് അഴിമതികളും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ന് കോര്‍പ്പറേറ്റ് ശക്തികളുടെ നിത്യ വ്യവഹാര ഭൂമിയാണ്. അമേരിക്കന്‍ കുത്തക ഭീമന്മാരായ ബ്ലാക്ക് സ്റ്റോണ്‍ അടക്കം ഇതില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. കോടിക്കണക്കിന് രൂപ ചെലവാക്കി ജിയോ, ടാറ്റ തുടങ്ങിയ വന്‍കിട കമ്പനികള്‍ ജേഴ്സി സ്‌പോണ്‍സര്‍ ചെയ്യുന്നത് പരിശോധിക്കുമ്പോള്‍ ഐ.പി.എല്‍. എങ്ങനെ ഒരു കോര്‍പ്പറേറ്റ് ബിസിനസ് മോഡലായി മാറിയെന്ന് വ്യക്തമാകും. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, 2025-2026 വര്‍ഷത്തെ സ്‌പോര്‍ട്‌സ് ഇക്കോണമി 2 ബില്യണ്‍ ഡോളര്‍ കടക്കാന്‍ ഐ.പി.എല്‍. സഹായിച്ചിട്ടുണ്ട്.
ഐ.പി.എല്‍. സംഘാടകരായ ബി.സി.സി.ഐ. സംപ്രേഷണാവകാശം വഴി റിലയന്‍സ് അടക്കമുള്ള കമ്പനികളില്‍ നിന്ന് ഭീമമായ തുകയാണ് ഈടാക്കുന്നത്. ജിയോ സിനിമയും ഹോട്ട് സ്റ്റാറും സൗജന്യമായി കളി കാണിക്കുമ്പോള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ (ഉമമേ) ചോര്‍ത്തി ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന ഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ട്. കുത്തക ഭീമന്‍മാര്‍ നടത്തിയ അഴിമതികളുടെ ഒരു നീണ്ട കഥ തന്നെ ഐ.പി.എല്ലിനു പറയാനുണ്ട്. സംപ്രേഷണാവകാശ മേഖലയില്‍ അഴിമതി കാണിച്ച് രാജ്യം വിട്ട ലളിത് മോദി ഈ യാഥാര്‍ത്ഥ്യത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. ഒത്തുകളി വിവാദത്തിന്റെ പേരില്‍ വിലക്ക് നേരിടേണ്ടി വന്ന രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്സും ഐ.പി.എല്ലിലെ അഴിമതിക്കഥകളുടെ ആഴം തുറന്നു കാട്ടുന്നു.
ഐ.പി.എല്ലിന്റെ മറവില്‍ ‘ഡ്രീം ഇലവന്‍’, ‘മൈ ഇലവന്‍ സര്‍ക്കിള്‍’ തുടങ്ങിയ ആപ്പുകള്‍ വഴി വ്യാപകമായ ഓണ്‍ലൈന്‍ ചൂതാട്ടമാണ് ഇന്ന് നടക്കുന്നത്. കോടികള്‍ കിട്ടുമെന്ന വ്യാമോഹത്തില്‍ പെട്ട് പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. മൈ ഇലവന്‍ സര്‍ക്കിളില്‍ അഞ്ചു കോടിയും ഡ്രീം ഇലവനില്‍ 22 കോടിയിലധികം പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതയാണ് ഇത് സാധാരണക്കാര്‍ക്കിടയില്‍ ഉണ്ടാക്കുന്നത്.
ഇതിനുപുറമെ, കളിയിലെ തോല്‍വി പലപ്പോഴും വ്യക്തിപരമായ വൈരാഗ്യങ്ങളിലേക്കും വിഷാദത്തിലേക്കും നയിക്കുന്നു. അമിതമായ ആരാധന പലപ്പോഴും സംഘട്ടനങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും വരെ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ രോഹിത് ശര്‍മ്മ പുറത്തായപ്പോള്‍, അതിനെ പരിഹസിച്ചയാളെ മരക്കഷ്ണം കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ സംഭവം ഈ ഫാന്‍ ഫൈറ്റുകളുടെ ഭയാനകത തുറന്നു കാണിക്കുന്നു.
ഐ.പി.എല്‍. രാജ്യത്ത് കുറഞ്ഞ അളവില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും, രാജ്യത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മറച്ചുവെക്കുന്ന വെറുമൊരു കോര്‍പ്പറേറ്റ് ഉല്‍പ്പന്നമായി അത് പൂര്‍ണ്ണമായും മാറിക്കഴിഞ്ഞു. പരിസ്ഥിതി നാശത്തിനും ജലചൂഷണത്തിനും ചൂതാട്ടത്തിനും ഐ.പി.എല്‍. വഴിയൊരുക്കുന്നുണ്ട്. അതിനാല്‍, പുല്‍മൈതാനങ്ങളിലെ ഈ വിപണി തന്ത്രത്തെ തിരിച്ചറിയാന്‍ നാം ഇനിയും വൈകിക്കൂടാ.
Content Highlight: Cricket Swallowed by Corporate Carnivals: The Hidden Facts of the IPL