തിരുവനന്തപുരത്ത് ബി.ജെ.പിക്ക് മേയറിനെ നല്‍കിയതിന്റെ ക്രെഡിറ്റ് സി.പി.ഐ.എമ്മിന്; മറ്റാര്‍ക്കും നല്‍കേണ്ട: കെ.സി. വേണുഗോപാല്‍
Kerala
തിരുവനന്തപുരത്ത് ബി.ജെ.പിക്ക് മേയറിനെ നല്‍കിയതിന്റെ ക്രെഡിറ്റ് സി.പി.ഐ.എമ്മിന്; മറ്റാര്‍ക്കും നല്‍കേണ്ട: കെ.സി. വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th December 2025, 1:41 pm

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ ബി.ജെ.പി ഭരണം നേടിയതിന്റെ ക്രെഡിറ്റ് സി.പി.ഐ.എമ്മിന് അവകാശപ്പെട്ടതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ആ ക്രെഡിറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാന നഗരിയില്‍ സെക്രട്ടറിയേറ്റ് നിലനില്‍ക്കുന്ന കോര്‍പ്പറേഷനില്‍ ഉണ്ടായ തിരിച്ചടിക്ക് സി.പി.ഐ.എം മറുപടി നല്‍കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കും എന്നതിന്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. കേരളത്തിലെ ജനങ്ങള്‍ വിവേകത്തോടുകൂടി വോട്ട് ചെയ്യുന്നവരാണ്. പ്രാദേശിക പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടാകും. എന്നാല്‍ അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല.

കേരളത്തില്‍ നടന്നത് രാഷ്ട്രീയ വോട്ടെടുപ്പാണ്. പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലുമെല്ലാം സര്‍ക്കാരിന് എതിരായി ജനങ്ങള്‍ ചിന്തിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് യു.ഡി.എഫ് തൂത്തുവാരും. ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസും യു.ഡി.എഫും മുന്നോട്ട് പോവുകയും വിജയം നേടുകയും ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വോട്ടെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളെയും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. വികൃതമായ സ്വന്തം മുഖം കണ്ണാടിയില്‍ നോക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും കിട്ടിയ തിരിച്ചടിയാണ് ഈ ഫലമെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞ ഓരോ വാക്കുകളും യു.ഡി.എഫിന് നേട്ടമായി ഭവിച്ചെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം വാര്‍ഡിലെ യു.ഡി.എഫിന്റെ പരാജയത്തെ കെ.സി. വേണുഗോപാല്‍ നിസ്സാരവത്കരിച്ചു. ആ വാര്‍ഡില്‍ എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി വിജയിക്കാറുണ്ട്. ആലപ്പുഴയില്‍ ഇത്തവണ യു.ഡി.എഫിന് വലിയ വിജയമാണുണ്ടായത്. അതുമാത്രം കണക്കാക്കിയാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ കേരളത്തില്‍ മുഴുവനായി യു.ഡി.എഫ് കുതിച്ചുചാട്ടമാണ് ഉണ്ടായതെന്ന് കെ. മുരളീധരന്‍ പ്രതികരിച്ചു. നഗരസഭകളില്‍ എല്‍.ഡി.എഫിന് ലീഡ് ചെയ്യാന്‍ സാധ്യതയുള്ള ഒരേയൊരു കോര്‍പ്പറേഷന്‍ കോഴിക്കോടായിരുന്നു. അവിടെയും ഫലം മാറി മറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight:  Credit for giving Mayor post to BJP in Thiruvananthapuram goes to CPI(M): KC Venugopal