ന്യൂദൽഹി: ഫലസ്തീന്‍ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിജിറ്റൽ സൈലൻസ് പ്രതിഷേധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് സി.പി.ഐ.എം. ‘ഡിജിറ്റല്‍ സൈലന്‍സ് ഫോര്‍ ഗസ’ ക്യാമ്പയിനിലൂടെ ഒരാഴ്ചത്തേക്ക് അതത് ഇടങ്ങളിലെ പ്രാദേശിക സമയം രാത്രി ഒമ്പതിനും ഒമ്പതരയ്ക്കുമിടയില്‍ 30 മിനിറ്റ് മൊബൈല്‍ ഫോണ്‍ ഓഫാക്കി വെച്ച് പ്രതിഷേധം നടത്തുമെന്ന ആഗോള പ്രതിഷേധത്തെ പിന്തുണക്കണമെന്നാണ് സി.പി.ഐ.എം പോളിറ്റ് ബ്യുറോ ആവശ്യപ്പെടുന്നത്.
രാജ്യമെമ്പാടുമുള്ള ജനങ്ങൾ ഈ ഡിജിറ്റൽ പ്രതിരോധത്തിൽ സജീവമായി പങ്കെടുക്കാൻ സിപിഐ എം അഭ്യർത്ഥിക്കുന്നുവെന്ന് പാർട്ടി പറഞ്ഞു.
‘രാജ്യമെമ്പാടുമുള്ള ജനങ്ങളോട് ഈ ഡിജിറ്റൽ പ്രതിരോധത്തിൽ സജീവമായി പങ്കെടുക്കാൻ സി.പി.ഐ.എം അഭ്യർത്ഥിക്കുന്നു. പ്രതിഷേധ സമയത്ത് നിങ്ങളുടെ മൊബൈൽ ഫോണുകൾ ഓഫാക്കുക, ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യുകയോ ലൈക്ക് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്യരുത്.
ആഗോള ‘സൈലൻസ് ഫോർ ഗാസ’ കാമ്പയിനിൽ പങ്കുചേരുന്നതിലൂടെ, സി.പി.ഐ.എം ഫലസ്തീൻ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നു. ഇസ്രഈൽ അഴിച്ചുവിട്ട ക്രൂരവും വംശഹത്യപരവുമായ ആക്രമണത്തിനെതിരെ നിലകൊള്ളുന്നു. ഈ കൂട്ടായ നിശബ്ദത യുദ്ധക്കുറ്റകൃത്യങ്ങൾക്കെതിരായ ശബ്ദങ്ങൾ നിശബ്ദമാക്കപ്പെടില്ലെന്ന ശക്തമായ പ്രസ്താവനയാകട്ടെ,’ പാർട്ടി പറഞ്ഞു.
അധിനിവേശത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വംശഹത്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് എന്ന തലക്കെട്ടോടെ ഐക്യരാഷ്ട്രസഭ അടുത്തിടെ പുറത്തിറങ്ങിയ ഒരു റിപ്പോർട്ട് ഉദ്ധരിച്ച സി.പി.ഐ.എം, ഗസയിൽ ഇസ്രഈൽ നടത്തുന്ന ആക്രമണത്തിൽ വിവിധ ബഹുരാഷ്ട്ര കമ്പനികൾ എങ്ങനെ പങ്കാളികളാണെന്ന് വിശദമായി പറഞ്ഞു.
ഈ കോർപ്പറേറ്റുകളുടെ പങ്ക് തുറന്നുകാട്ടപ്പെടണം, അവർ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാക്കപ്പെടണമെന്ന് പാർട്ടി കൂട്ടിച്ചേർത്തു.
‘നിശ്ചിത സമയത്ത് ദിവസവും അര മണിക്കൂർ മൊബൈൽ ഫോണുകൾ ഓഫാക്കുന്നത് ചെറുതും എന്നാൽ ശക്തവുമായ ഒരു പ്രവൃത്തിയാണ്. ഇസ്രഈലിന്റെ വംശഹത്യയ്ക്കും വർണവിവേചനത്തിനും ധനസഹായം നൽകുന്ന മുതലാളിത്തത്തിനെതിരായ ഒരു സമരം,’ പാർട്ടി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു ഗസയ്ക്ക് വേണ്ടി ‘ഡിജിറ്റല്‍ സൈലന്‍സ് ഫോര്‍ ഗസ’ ക്യാമ്പയിൻ ആരംഭിച്ചത്. അതത് ഇടങ്ങളിലെ പ്രാദേശിക സമയം രാത്രി ഒമ്പതിനും ഒമ്പതരയ്ക്കുമിടയില്‍ 30 മിനിറ്റ് മൊബൈല്‍ ഫോണ്‍ ഓഫാക്കി വെച്ചായിരിക്കും പ്രതിഷേധം.
‘നമുക്കെല്ലാവര്‍ക്കും ചെയ്യാനാകുന്ന ഏറ്റവും ചെറിയൊരു പ്രതികരണമാണിത്. ഇന്റര്‍നെറ്റില്ല. സിഗ്നല്‍ ഇല്ല. ശബ്ദമില്ല. ഈ തടവറയ്ക്കപ്പുറം മറ്റൊരു ലോകമില്ലാത്ത മനുഷ്യര്‍ക്കായി…. നമ്മുടെയെല്ലാം ഫോണുകളില്‍ ഇന്ന് രാത്രി ഒമ്പത് മണിയുടെ അലാറം സെറ്റ് ചെയ്തുവെക്കാം. ആ മനുഷ്യര്‍ക്ക് വേണ്ടി,’ ക്യാമ്പയിന് ആഹ്വാനം ചെയ്തുകൊണ്ട് ഗസയില്‍ നിന്ന് ഡോ. എസ്സീദീന്‍ എഴുതി.