സ്പിരിറ്റ് കേസില്‍ പ്രതിയായ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
kERALA NEWS
സ്പിരിറ്റ് കേസില്‍ പ്രതിയായ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
ന്യൂസ് ഡെസ്‌ക്
Thursday, 2nd May 2019, 5:17 pm

പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ സ്പിരിറ്റ് കടത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പെരുമാട്ടി സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമായ അനിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനാണ് അടിയന്തര ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചത്.

കാറില്‍ കടത്താന്‍ ശ്രമിച്ച 525 ലിറ്റര്‍ സ്പിരിറ്റ് തത്തമംഗലത്തിന് സമീപത്ത് നിന്ന് ബുധനാഴ്ച എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടിയിരുന്നു. സ്പിരിറ്റുമായെത്തിയ കാര്‍ ഓടിച്ചിരുന്നത് അനിലായിരുന്നു.

എക്സൈസിന്റെ പിടിയില്‍നിന്നു കുതറിയോടിയ അനില്‍ അയാളുടെ തന്നെ ചുവപ്പ് നിറമുള്ള മറ്റൊരു കാറില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു. അനിലിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എക്‌സൈസ് സംഘം അറിയിച്ചിരുന്നു.

ഒട്ടേറെ പൊലീസ് കേസുകളില്‍ പ്രതിയാണ് അനില്‍. വ്യാജകള്ള് തയ്യാറാക്കുന്നതിലും അനിലിനു പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജെ.ഡി.എസ് പ്രവര്‍ത്തകരെ വെട്ടിയതുള്‍പ്പെടെയുള്ള കേസുകളിലാണ് അനില്‍ നേരത്തേ പ്രതിയായിട്ടുള്ളത്.