എഡിറ്റര്‍
എഡിറ്റര്‍
‘എന്നിട്ടും സി.പി.ഐ.എം യു.എ.പി.എയെ തള്ളിപ്പറഞ്ഞില്ല..!’; സി.പി.ഐ.എം ഫാസിസ്റ്റ് ഭരണവ്യവസ്ഥയോടുള്ള കൂറ് ഉയര്‍ത്തിപ്പിടിക്കുകയാണെന്ന് സി.പി.ഐ.എം.എല്‍
എഡിറ്റര്‍
Sunday 3rd September 2017 9:32pm

 

കോഴിക്കോട്: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തിയ മോദി സര്‍ക്കാര്‍ നടപടിയെ തള്ളിപ്പറയാതെ, സി.പി.ഐ.എം കോര്‍പ്പറേറ്റ്-ഫാസിസ്റ്റ് ഭരണവ്യവസ്ഥയോടുള്ള കൂറ് ഉയര്‍ത്തിപ്പിടിക്കുകയാണെന്ന് സി.പി.ഐ.എം.എല്‍ പോളിറ്റ് ബ്യൂറോ അംഗം പി.ജെ ജെയിംസ്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സി.പി.ഐ.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പി. ജെ ജെയിംസ് പ്രതികരിച്ചത്. സിപി.ഐ.എം ബംഗാള്‍ ഘടകം യു.എ.പി.എയെ എതിര്‍ക്കുമ്പോള്‍ കേരളത്തില്‍ സാസ്‌കാരിക പ്രവര്‍ത്തകര്‍ക്കുനേരെ അത് പ്രയോഗിക്കുന്ന ഭരണമാണിവിടെയുള്ളതെന്നും ജെയിംസ് ഓര്‍മ്മപ്പെടുത്തുന്നു.


Also Read: കണ്ണന്താനത്തിന്റെ മന്ത്രിപദം: ഷംസീറും റിയാസുമൊക്കെ ടി.വി ചര്‍ച്ചകളിലെത്തുന്നതിനെ വര്‍ഗീയമായി ചിത്രീകരിച്ച ടി.ജി മോഹന്‍ദാസിന്റെ പഴയ ട്വീറ്റ് വൈറലാവുന്നു


മോദിയുടെ നോട്ടുനിരോധനത്തെ കേവലം സഹകരണബാങ്ക് പ്രശ്‌നമാക്കി ചുരുക്കിയതും ജി.എസ്.ടിയുടെ വക്കാലത്തേറ്റെടുത്തതും കോര്‍പ്പറേറ്റ് ഭരണത്തോടുള്ള കൂറ് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങള്‍ക്കുനേരെയും രാഷ്ട്രീയ എതിരാളികള്‍ക്കുനേരെയും അഫ്‌സപയും യു.എ.പി.എയും പ്രയോഗിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ നേതാവിനെതിരെ യു.എ.പി.എ ചുമത്തിയപ്പോള്‍ അതിനെ തള്ളിപ്പറയാതെ വ്യവസ്ഥാ സംരക്ഷണത്തിന്റെ ഭാരിച്ച ഉത്തരവാദിത്വം പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എന്നിട്ടും സി പി ഐ (എം) യു എ പി എ യെ തള്ളിപ്പറഞ്ഞില്ല!
സി പി ഐ (എം) ന്റെ കേരളത്തിലെ പ്രമുഖ നേതാവ് പി.ജയരാജനെതിരെ മോദി സര്‍ക്കാര്‍ യുഎപിഎ ചുമത്തിയിട്ടും അതിനെ തള്ളിപ്പറയാതെ, കോര്‍പ്പറേറ്റ് – ഫാസിസ്റ്റ് ഭരണവ്യവസ്ഥയോടുള്ള കൂറ് സി പി ഐ (എം) വീണ്ടും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് കേന്ദ്രം തനിക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നതെന്നു് ജയരാജന്‍ പറയുമ്പോള്‍, യു എ പി എ വ്യവസ്ഥകളുടെ ദുരുപയോഗം ഇക്കാര്യത്തില്‍ നടന്നതായാണ് സി പി ഐ (എം) പോളിറ്റ് ബ്യുറോയുടെ കണ്ടുപിടുത്തം.
തകര്‍ന്നു കൊണ്ടിരിക്കുന്ന സി പി ഐ (എം) ബംഗാള്‍ ഘടകം യുഎപിഎയെ എതിര്‍ക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍, കേരളത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കു മേല്‍ പോലും അതു പ്രയോഗിക്കാന്‍ ഇവിടുത്തെ ഭരണം ചതുരുപായങ്ങളും എടുത്തുപയോഗിച്ച കാര്യം നമ്മള്‍ മറന്നിട്ടില്ല. ഭീകരവാദ ഉമ്മാക്കി മറയാക്കി ജനങ്ങള്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും നേരെയാണ് അഫസ്പയും യുഎപിഎ യും വീണ്ടും വീണ്ടും പ്രയോഗിക്കുന്നതെന്ന് വ്യക്തമായിരിക്കെ, സ്വന്തം നേതാവിനെതിരെ യുഎപിഎ ഉപയോഗിച്ചിട്ടും അതിനെ തള്ളിപ്പറയാനാകാത്ത വിധം വ്യവസ്ഥാ സംരക്ഷണത്തിന്റെ ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ് പിണറായി ഭരണം ഏറ്റെടുത്തിരിക്കുന്നത്. മോദിയുടെ നോട്ടു നിരോധനത്തെ സംബന്ധിച്ച് ദിവസങ്ങളോളം നിലപാടെടുക്കാതെ നിന്ന് ക്രമേണ സഹകരണ ബാങ്ക് പ്രശ്‌നമാക്കി അതിനെ ചുരുക്കിയതും തുടക്കം മുതല്‍ ജിഎസ്ടിയുടെ വക്കാലത്തേറ്റെടുത്തതും മറ്റും വിശദീകരണമാവശ്യമില്ലാത്ത വിധം വ്യക്തമാണ്.

Advertisement