ഷാജഹാന്‍ വധം; കൊലപാതകത്തിന് ഉപയോഗിച്ച വാളുകള്‍ കണ്ടെത്തി, പ്രതികളിലൊരാളുടെ രാഖി പൊട്ടിച്ചതും കൊലയ്ക്ക് കാരണമെന്ന് പൊലീസ്
Kerala News
ഷാജഹാന്‍ വധം; കൊലപാതകത്തിന് ഉപയോഗിച്ച വാളുകള്‍ കണ്ടെത്തി, പ്രതികളിലൊരാളുടെ രാഖി പൊട്ടിച്ചതും കൊലയ്ക്ക് കാരണമെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th August 2022, 9:53 pm

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കോരയാര്‍പ്പുഴയുടെ സമീപത്തുള്ള പാടത്ത് നിന്നാണ് മൂന്ന് വാളുകള്‍ കണ്ടെടുത്തത്. വാളിന്റെ പിടിയില്‍ ഉള്‍പ്പെടെ പല ഭാഗങ്ങളിലും രക്തക്കറ കണ്ടെത്തി. ഷാജഹാനെ കൊലപ്പെടുത്തിയ സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുത്തു.

കൊലയ്ക്ക് മുമ്പ് ആയുധം സൂക്ഷിച്ച പ്രതി സുജീഷിന്റെ വീട്, കൊലയ്ക്കുശേഷം ആയുധം ഒളിപ്പിച്ച സ്ഥലം, പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മലമ്പുഴയിലെ കവ എന്നിവിടങ്ങളിലാണ് ഡി.വൈ.എസ്.പി വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയത്. ആയുധം നശിപ്പിക്കാന്‍ ശ്രമിച്ചതായും തെളിഞ്ഞു.

ഷാജഹാന്റെ വീടിനുസമീപം പ്രതികളെ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ വലിയ പ്രതിഷേധവുമായി എത്തി. വന്‍ പൊലീസ് സംഘത്തിന്റെ സുരക്ഷയിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.

അതേസമയം, കേസില്‍ പ്രതികളായ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയില്‍ നേരിട്ട് പങ്കുള്ള നവീന്‍, ശബരീഷ്, സുജീഷ്, അനീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഷാജഹാനുമായി പ്രതികള്‍ക്കുണ്ടായിരുന്ന വ്യക്തിവിരോധവും പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് പറഞ്ഞു.

എട്ട് പേരെയാണ് കേസില്‍ ആദ്യം പ്രതിചേര്‍ത്തിരുന്നതെങ്കിലും കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വൈകാതെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ആര്‍.വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.

ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറി ആയതിലുള്ള പകയും, പ്രതികളിലൊരാളുടെ രാഖി പൊട്ടിച്ചതും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് മലമ്പുഴ കുന്നങ്കോട് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി 9.30ന് കുന്നങ്കാട് ഷാജഹാന്റെ വീടിനടുത്തുള്ള കടക്ക് പരിസരത്തായിരുന്നു സംഭവം.

സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. കാലിനും തലക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlight: CPIM Worker Shajahan Murder case; Investigation updates