എഡിറ്റര്‍
എഡിറ്റര്‍
ചെങ്ങറസമരഭൂമി സംഘര്‍ഷാവസ്ഥസൃഷ്ടിച്ച് പിടിച്ചെടുക്കാന്‍ സി.പി.ഐ.എം ശ്രമിക്കുന്നതായി ഡി.എച്ച്.ആര്‍.എം
എഡിറ്റര്‍
Friday 29th September 2017 11:45pm

പത്തനംതിട്ട: ചെങ്ങറ സമരസമിതിയുടെ അനുവാദം ഇല്ലാതെ അയ്യായിരിത്തോളം വരുന്ന സി.പി.ഐ.എം പ്രവര്‍ത്തകര്‍ നാളെ ചെങ്ങറസമരഭൂമിയിലേക്ക് മാര്‍ച്ച് നടത്തുന്നുവെന്ന് ഡി.എച്ച്.ആര്‍.എം. ചെങ്ങറ സമരഭൂമി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് പിടിച്ചെടുക്കാന്‍ സി.പി.ഐ.എം ശ്രമിക്കുന്നതയാണ് ഡി.എച്ച്.ആര്‍.എം ആരോപിക്കുന്നത്.

2007 ആഗസ്റ്റ് 23-ാം തീയതി സാധുജനവിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ തുടങ്ങിവെച്ച ഭൂസമരം ഇന്നേക്ക് 10 വര്‍ഷം പിന്നിടുകയും സമരം തുടങ്ങിയ ദിവസം മുതല്‍ ആ സമരത്തെ അടിച്ചുതകര്‍ക്കാന്‍ പോലീസിനെ ഉപയോഗിച്ചും ഹാരിസണ്‍ ഗുണ്ടകളെ ഉപയോഗിച്ചും മനുഷ്യത്വരഹിതമായ രീതിയില്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ശ്രമിച്ചത് ലോക ജനത അറിഞ്ഞതാണ്. കൂടാതെ ആഹാരവും വെള്ളവും വൈദ്യസഹായവും നിഷേധിച്ചുകൊണ്ട് സമരക്കാരെ അതികഠിനമായി ബുദ്ധിമുട്ടിച്ചുവെന്നും ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രസ്താവനയില്‍ പറയുന്നു.

സമരക്കാരെ സംരക്ഷിക്കാനോ അവര്‍ക്ക് സംരക്ഷണം കൊടുക്കുന്നതിനോ അന്നത്തെ എല്‍.ഡി.എഫ്.ഗവണ്‍മെന്റ് സന്മനസ്സുകാണിക്കാതെ സമരഭൂമിയില്‍ ഉള്ളവര്‍ മാവോയിസ്റ്റുകള്‍ ആണെന്നും മോഷ്ടാക്കള്‍ ആണെന്നും ചിത്രീകരിച്ച് കള്ളകേസ്സുകളില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയാണ് ഉണ്ടായത്. ഈ കൊടും പീഢനങ്ങളെയെല്ലാം അതിജീവിച്ച് സമരക്കാര്‍ അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിച്ച് സമരഭൂമി കൃഷിഭൂയാക്കി മാറ്റുകയും ഇന്ന് നൂറ്കണക്കിന് ആള്‍ക്കാര്‍ക്ക് കഴിക്കാനുള്ള കാര്‍ഷിക വിളകള്‍ അവിടെ ഉത്പാദിപ്പിക്കുകയും സ്വസ്ഥമായ നിത്യജീവിതത്തിലേക്ക അവര്‍ പാകപ്പെടുകയും ചെയ്തു. എന്നാല്‍ ഏതാനം നാളുകള്‍ക്ക് മുമ്പ് സമരനേതാവായ ളാഹാ ഗോപാലന്‍ സമരമുഖത്തുനിന്നും പിന്മാറിയതോടെ നേതൃത്വത്തിന്റെ അഭാവം മുതലെടുത്തുകൊണ്ട് സി.പി.ഐ.എം പാര്‍ട്ടിയുടെ ചാരനെ ഭൂരഹിതന്‍ എന്നവ്യാജേന സമരഭൂമിയില്‍ കടത്തിവിടുകയും ഏകദേശം ഒന്നര വര്‍ഷം കൊണ്ട് മുപ്പതോളം വരുന്ന കുടുംബങ്ങളെ അവരുടെ വരുതിയില്‍ കൊണ്ട് വരികയും ചെയ്തതായി ഡി.എച്ച്.ആര്‍.എം പറയുന്നു.


Also Read: ‘ഞങ്ങളുടെ നാടും നിങ്ങളുടെ നാടും ആകാശവും ഭൂമിയും പോലെ വ്യത്യസ്തമാണ്…’; കേരളം സന്ദര്‍ശിക്കാനെത്തിയ ഝാര്‍ഖണ്ഡിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു


‘സമരഭൂമിക്കുള്ളില്‍ ഉണ്ടായിരുന്ന ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങള്‍പോലും ക്രിമിനല്‍ വല്‍ക്കരിച്ച് കാണിക്കാന്‍ ശ്രമിക്കുകയും സമരഭൂമിക്കുള്ളില്‍ പത്ത് വര്‍ഷം കൊണ്ട് തുടര്‍ന്ന് വന്നിരുന്നുകൊണ്ടിരുന്ന സംരക്ഷണ സുരക്ഷാനിയമങ്ങള്‍ ലംഘിക്കുകയും സമരസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാതെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സമരഭൂമിക്കുള്ളില്‍ ശക്തമാക്കാന്‍ ശ്രമിച്ചതോടെ സമരനേതൃത്വങ്ങള്‍ അതിനെ എതിര്‍ക്കുകയും തടയുകയും ചെയ്തു. ഈ വിഷയങ്ങള്‍ ചെന്നെത്തിയത് ഇരുകൂട്ടരും പരസ്പ്പരം അക്രമാസക്തരാകുന്ന നിലയിലേക്കായിരുന്നു. പാര്‍ട്ടിപത്രമായ ദേശാഭിമാനിയിലൂടെ സമരഭൂമി തീവ്രവാദികളുടെ കേന്ദ്രമാക്കി ചിത്രീകരിച്ചും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ശ്രമിക്കുന്ന തരത്തിലേക്ക് എത്തി നില്‍ക്കുന്നു’. ഡി.എച്ച്.ആര്‍.എം കൂട്ടിച്ചേര്‍ക്കുന്നു.

ഈ അവസരം മുതലെടുത്ത് സി.പി.ഐ.എമ്മിന്റെ പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരഭൂമി പിടിച്ചെടുക്കാന്‍ അയ്യായിരത്തോളം പാര്‍ട്ടിപ്രവര്‍ത്തകരെ ഉള്‍പെടുത്തി സമരഭൂമിയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം ലഭിച്ചതായും, തങ്ങളെ തീവ്രവാദികളും മാവോയിസ്റ്റുകളും മോഷ്ടാക്കളുമായി ചിത്രീകരിച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ സമരസമിതിയുടെ അനുവാദമില്ലാതെ സമരഭൂമിയില്‍ പ്രവേശിച്ചാല്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് വരുന്ന സമരക്കാരുടെ ജീവന്‍കൊടുത്തും സമരഭൂമിയെ സംരക്ഷിക്കുമെന്നും അതിനായി വേണ്ടുന്ന എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കണമെന്ന് എല്ലാ മനുഷ്യാവകാശ സംഘടനകളോടും പ്രവര്‍ത്തകരോടും ജനങ്ങളോടും അറിക്കണമെന്ന് ഡി.എച്ച്.ആര്‍.എമ്മിനോട് ചെങ്ങറ ഭൂസമരസമിതിയുടെ നേതൃത്വങ്ങള്‍ ആവശ്യപെട്ടതായും അവര്‍ അറിയിച്ചു.

Advertisement