എഡിറ്റര്‍
എഡിറ്റര്‍
‘ഞങ്ങളുടെ നാടും നിങ്ങളുടെ നാടും ആകാശവും ഭൂമിയും പോലെ വ്യത്യസ്തമാണ്…’; കേരളം സന്ദര്‍ശിക്കാനെത്തിയ ഝാര്‍ഖണ്ഡിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
എഡിറ്റര്‍
Friday 29th September 2017 11:04pm

പാലക്കാട്: സോഷ്യല്‍ മീഡിയയില്‍ വൈറലായി പൂക്കോട്ട്കാവ് പഞ്ചായത്ത് പ്രസിഡന്റ് ജയദേവന്‍ കിഴക്കേപ്പാട്ടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ തങ്ങളുടെ നാട്ടില്‍ നടപ്പിലാക്കാം എന്നു പഠിക്കാനായി പൂക്കോട്ടു കാവിലെത്തിയ റാഞ്ചി ജില്ലയിലെ മനാതു പഞ്ചായത്ത് പ്രസിഡന്റിന്റേയും സംഘത്തിന്റേയും അനുഭവങ്ങളാണ് ജയദേവന്‍ തന്റെ പോസ്റ്റിലൂടെ പറയുന്നത്.

മനാതു പഞ്ചായത്ത് പ്രസിഡന്റായ താനോ മുണ്ടെ കേരളത്തിലെ വികസനം കണ്ട് അമ്പരന്നിരിക്കുകയാണെന്ന് ജയദേവന്‍ പറയുന്നു. ‘ഞങ്ങളുടെ നാടും നിങ്ങളുടെ നാടും തമ്മില്‍ ഒരു താരതമ്യവുമില്ല.അഥവാ ഉണ്ടെങ്കില്‍ അത് ആകാശവും ഭൂമിയും പോലെ വ്യത്യസ്തവുമാണ്…’ എന്നായിരുന്നു താനെ മുണ്ടെയുടെ വാക്കുകള്‍.


Also Read:   ‘കേദാര്‍ ജാദവിനെ കേദാര്‍ നാഥിലേക്ക് അയക്കൂ, റെയ്‌നയെ മടക്കി കൊണ്ടു വരൂ’; നന്നായി കളിച്ചിട്ടും കേദാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍


ജയജേവന്റെ പോസ്റ്റിലേക്ക്,

‘ പ്രധാന്‍ ജീ… ‘
ബുള്ളറ്റില്‍ എന്നോട് കുറച്ചു കൂടി ചേര്‍ന്നിരുന്ന് തനോ മുണ്ടെ പറഞ്ഞു – ‘ഞങ്ങളുടെ നാടും നിങ്ങളുടെ നാടും തമ്മില്‍ ഒരു താരതമ്യവുമില്ല.അഥവാ ഉണ്ടെങ്കില്‍ അത് ആകാശവും ഭൂമിയും പോലെ വ്യത്യസ്തവുമാണ്…’
ഗോത്രവര്‍ഗ്ഗ പ്രാദേശിക ഭാഷയുടെ ചുവയുള്ള അയാളുടെ ഹിന്ദി, അയാളെപ്പോലെത്തന്നെ ആര്‍ഭാടരഹിതമായിരുന്നു. പൊന്‍മണി നെല്ലിന്റെ വിളഞ്ഞ കതിരുകള്‍ പോലെ അത് ഉച്ചവെയിലില്‍ നൃത്തം വെച്ചു.
തനോ മുണ്ടേ ഝാര്‍ക്കണ്ട് കാരനാണ് .റാഞ്ചി ജില്ലയിലെ മനാതു പഞ്ചായത്തിന്റെ പ്രസിഡണ്ട്. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ പ്രധാന്‍ ജി. കേരളത്തില്‍ വന്നത് വികേന്ദ്രീകൃത ആസൂത്രണത്തിന്റെ അനുഭവങ്ങള്‍ കാണാന്‍ .കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഝാര്‍ക്കണ്ടില്‍ നടപ്പിലാക്കാന്‍ എന്ത് ചെയ്യണമെന്ന് പഠിക്കാനാണ് പത്തംഗ സംഘത്തെ നയിച്ച് അയാള്‍ പൂക്കോട്ടുകാവിലെത്തിയത്. ഊര് മൂപ്പനായ
സകേനെ കൂടാതെ ബാക്കിയുള്ള എട്ട് പേര്‍ സന്നദ്ധ പ്രവര്‍ത്തകരും ട്രെയിനര്‍മാരുമാണ്. മിടുക്കിയായ അഷിതയും കുഞ്ഞുണ്ണി മാഷുടെ ഛായയുള്ള കൃഷ്ണന്‍കുട്ടി സാറുമുണ്ട് കൂടെ. ഇവിടെ മൂന്ന് ദിവസം അവര്‍ കണ്ടതത്രയും അത്ഭുതങ്ങള്‍ .ഝാര്‍ക്കണ്ടിലെന്നല്ല; കേരളത്തിന് പുറത്ത് ഇന്ത്യയിലെ ഒരു ഗ്രാമത്തിലും കാണാത്ത, തീരാത്ത അത്ഭുതങ്ങള്‍.
ആദ്യം ഞങ്ങളവരെ കൊണ്ടുപോയത് ഒരു അംഗന്‍വാടിയിലേക്കായിരുന്നു. മനോഹരമായ ഇരുനില കെട്ടിടം.വെളുത്ത ടൈല്‍ വിരിച്ച തളത്തില്‍ സുന്ദരികളായ അമ്മമാരും വൃത്തിയുള്ള കുഞ്ഞുങ്ങളും ഒരു പൂന്തോട്ടം പോലെ ചിരിച്ചു. ‘മൂക്കൊലിക്കാത്ത കുട്ടികള്‍.. ‘ സകേന്‍ അത്ഭുതം കൂറി. ‘പോഷകാഹാരക്കുറവിന്റെ ലാഞ്ചനപോലുമില്ല…’ ഊര്‍മ്മിളാ ദേവിയുടെ കൂട്ടിച്ചേര്‍ക്കല്‍.
അതിമനോഹരമായ താനിക്കുന്ന് ജി.എല്‍.പി.സ്‌കൂള്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു – ‘ഞങ്ങള്‍ക്ക് ഇതുപോലൊരു ഹയര്‍ സെക്കന്റ്‌റി പോലുമില്ല.’
പഞ്ചായത്ത് തലത്തില്‍ ആശുപത്രികളില്ല. ബ്ലോക് തലത്തിലുള്ള ആശുപത്രിയില്‍ മരുന്നോ ഡോക്ടറോ ഇല്ല. ജനപ്രതിനിധികളും പോലീസും വനിതാ വക്കീലും ചേര്‍ന്നിരിക്കുന്ന ജാഗ്രതാ സമിതികളില്ല.എല്ലാ ഗ്രാമങ്ങളിലും കൃത്യമായി തുറക്കുന്ന പഞ്ചായത്ത് ഓഫീസ് പോലുമില്ല….
അവര്‍ വന്ന വണ്ടിയില്‍ കയറാതെ തനോ എന്റെ ബുള്ളറ്റിലായിരുന്നു മൂന്ന് ദിവസവും.ചില വീടുകള്‍ക്ക് മുന്നിലെത്തിയാല്‍ അയാള്‍ പറയും- ‘ ഇതുപോലുള്ള വീടുകളൊന്നും അവിടെയില്ല. എല്ലാം മണ്ണ് കൊണ്ടുള്ള ചെറിയ വീടുകള്‍ .. ‘
ഞങ്ങളവരെ എല്ലായിടത്തും കൊണ്ടുപോയി. തൊഴിലുറപ്പിന്റെ പണിസ്ഥലത്ത്, പട്ടികജാതി കോളനികളില്‍, സ്ഫടിക തുല്യമായ വെള്ളം കവിഞ്ഞു നില്‍ക്കുന്ന, ഞങ്ങളുടെ ട്രേഡ് മാര്‍ക്കായ കിണറ്റിന്‍കരകളില്‍, വസന്തം വിട്ടൊഴിഞ്ഞിട്ടില്ലത്ത ചെണ്ടുമല്ലിപ്പാടത്ത് …അങ്ങിനെ എല്ലായിടത്തും .
ഒടുവില്‍ ,പിരിയാന്‍ നേരം തനോ പറഞ്ഞു – ‘ പ്രധാന്‍ ജി, നിങ്ങളൊരു ഭാഗ്യവാനാണ്. ഈ നാട്ടില്‍ ജീവിക്കാനായല്ലോ.. ആളുകള്‍ക്ക് നിങ്ങളോടെന്തൊരു ബഹുമാനമാണ്. എവിടെയും സ്‌നേഹം .. ആദരം..ഒരുമ..’
അത് പറയുമ്പോള്‍ അയാളുടെ ശബ്ദം ചിലമ്പിച്ചത് പോലെ എനിക്ക് തോന്നി. അപ്പോള്‍ ആകാശം ഇരുണ്ടിരുന്നു. പെട്ടെന്ന് പെയ്യാനിരുന്ന മഴയുടെ ഒരു തുള്ളി എന്റെ മുഖത്ത് വീണു.അതിനെ കവിളിലൂടെ ഒലിച്ചിറങ്ങാന്‍ അനുവദിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു – ‘ഒരര്‍ത്ഥത്തില്‍ ഭാഗ്യം തന്നെ മുണ്ടാജി.മറ്റൊരര്‍ത്ഥത്തില്‍ അതൊരു ചരിത്രത്തിന്റേയും വര്‍ത്തമാനത്തിന്റേയും ബാക്കിയാണ്.കര്‍ഷക സമരങ്ങളുടെയും നവോത്ഥാനത്തിന്റേയും ചരിത്രം … കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വര്‍ത്തമാനം .. കുറവുകളൊക്കെയുണ്ട്. എങ്കിലും, ഓര്‍ത്തുനോക്കിയാല്‍ അതൊരു ഭാഗ്യം തന്നെ… ‘
തനോ മുണ്ടേ ഝാര്‍ക്കണ്ടിലേക്ക് തിരിച്ചു പോയി. അയാളിപ്പോള്‍ ഉറങ്ങുകയാവും.ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുന്ന വൃത്തിയുള്ള മുറ്റങ്ങളെ സ്വപ്നം കണ്ടു കൊണ്ട്.
മുണ്ടാ ജീ, നമ്മുടെ രാജ്യത്ത് ആ സ്വപ്നങ്ങളില്‍ പൂക്കള്‍ വിരിയാന്‍ കാലമെത്ര കഴിയണം..?

Advertisement