കയ്യില്‍ വാള്‍ കരുതിയത് സ്വയരക്ഷയ്ക്ക് വേണ്ടിയാകാം; വെഞ്ഞാറമൂട് കൊലപാതകം ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയെന്ന് ആനാവൂര്‍ നാഗപ്പന്‍
Kerala News
കയ്യില്‍ വാള്‍ കരുതിയത് സ്വയരക്ഷയ്ക്ക് വേണ്ടിയാകാം; വെഞ്ഞാറമൂട് കൊലപാതകം ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയെന്ന് ആനാവൂര്‍ നാഗപ്പന്‍
ന്യൂസ് ഡെസ്‌ക്
Thursday, 3rd September 2020, 2:38 pm

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് ഉന്നതരുടെ അറിവോടെയെന്ന് സി.പി.ഐ.എം. കൊല്ലപ്പെട്ടവരുടെ കയ്യില്‍ വാളുണ്ടായിരുന്നത് സ്വയരക്ഷയ്ക്ക് വേണ്ടി കരുതിയതാവാമെന്നും നേരത്തെ സംഘര്‍ഷമുണ്ടായ സ്ഥലമാണിതെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ കൂട്ടിച്ചേര്‍ത്തു.

അടൂര്‍ പ്രകാശ് എം.പിക്ക് കൊലപാതകത്തില്‍ മുഖ്യ പങ്കുണ്ട്. ഗൂഢാലോചന നടത്തിയതിലും അദ്ദേഹത്തിന് പങ്കുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘വെഞ്ഞാറമൂടിലെ ഇരട്ടക്കൊലപാതകം വളരെ ആസൂത്രിതമായി നടന്ന ഒന്നാണ്. രണ്ട് സ്ഥലങ്ങളില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. ഒരു വീട്ടില്‍ വെച്ചും ഫാം ഹൗസിലും വെച്ചാണ് ഗൂഢാലോചന നടന്നത്. ഒറ്റ വെട്ടില്‍ തന്നെ ഹൃദയം പിളര്‍ന്ന് പോയി എന്നത് തെളിയിക്കുന്നത് കൃത്യം ആസൂത്രിതമായി നടപ്പാക്കിയതാണ് ഈ കൊലപാതകം എന്നാണ്,’ നാഗപ്പന്‍ പറഞ്ഞു.

വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ അറസ്റ്റിലായ രണ്ട് പേര്‍ അടൂര്‍ പ്രകാശിന്റെ അടുത്തേക്ക് പോവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോന്നിയില്‍ ഒളിവില്‍ പോകുന്നതിന് മുമ്പാണ് സനല്‍, സജീവ് എന്നിവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഫൈസലിനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ അടൂര്‍ പ്രകാശ് എം.പി പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഫൈസല്‍ വധശ്രമക്കേസിലെ പ്രതികള്‍ തന്നെയാണ് വെഞ്ഞാറമൂട് കൊലപാതകക്കേസിലെ പ്രതികളെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലീനയുടെ വീട് ആക്രമിച്ചത് സി.പി.ഐ.എം അല്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് നേരത്തെ വീടാക്രമിച്ചത് കോണ്‍ഗ്രസ് തന്നെയാണ്. കരിമഠം കോളനിയിലെ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമാണ്. ജില്ലയിലെ മറ്റ് ഭാഗങ്ങളിലും വെഞ്ഞാറമൂട് ആവര്‍ത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM Thiruvananthapuram district secretary said Venjaramoodu murder is done by congress