കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍ പരമ ദയനീയം, ഇനി അങ്ങോട്ട് പോയിട്ട് കാര്യമില്ലാത്തവരാണ് മത്സരത്തിനില്ലെന്ന് പറയുന്നത്: എം.വി. ഗോവിന്ദന്‍
Kerala News
കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍ പരമ ദയനീയം, ഇനി അങ്ങോട്ട് പോയിട്ട് കാര്യമില്ലാത്തവരാണ് മത്സരത്തിനില്ലെന്ന് പറയുന്നത്: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th January 2023, 4:33 pm

തിരുവനന്തപുരം: പരമ ദയനീയമായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാരുടെ പ്രവര്‍ത്തനമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

ഇനി പാര്‍ലമെന്റില്‍ പോയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞവരാണ് മത്സരത്തിന് ഇല്ലെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എം.പിമാരുടെ പ്രവര്‍ത്തനം ശുദ്ധ ശൂന്യമാണ്. അത് ആദ്യം മനസിലായവര്‍ ആദ്യമാദ്യം പറയുന്നുവെന്നും എം.വി. ഗോവിന്ദന്‍ വിമര്‍ശിച്ചു.

കേന്ദ്രത്തിന്റെയും ആര്‍.എസ്.എസിന്റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ജനമുന്നേറ്റ ജാഥ നടത്തുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കാസര്‍ഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് ജാഥ. കേന്ദ്ര സര്‍ക്കാറിന്റേയും ആര്‍.എസ്.എസിന്റേയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ജനമുന്നേറ്റം വേണമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെയാണ് എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനമുന്നേറ്റ ജാഥ നടക്കുക. പി. കെ. ബിജുവാണ് ജാഥാ മാനേജര്‍. സി.എസ്. സുജാത, എം. സ്വരാജ്, കെ.ടി. ജലീല്‍ എന്നിവരാണ് ജാഥ അംഗങ്ങള്‍.

‘ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികത്തിന്റെ ഘട്ടമാകുമ്പോഴേക്ക് ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കണമെന്നാണ് ആര്‍.എസ്.എസ് അജണ്ട. മതനിരപേക്ഷമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ജനവിരുദ്ധ നയങ്ങളാണ് ഓരോ ദിവസവും സ്വീകരിക്കുന്നത്. ഇതിന്റെ ഫലമായി എല്ലാത്തിന്റേയും വില വര്‍ധിക്കുന്നു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നതാണ് നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം.

ചരിത്രത്തിലില്ലാത്ത രീതിയിലാണ് തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നത്. പട്ടിണിപ്പാവങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ ഫലപ്രദമായ നിലപാട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല.

ഇത്തരം കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ബദല്‍ നയങ്ങളെന്ന നിലയില്‍ അവതരിപ്പിക്കുക എന്നതും ജാഥയുടെ ലക്ഷ്യമാണ്,’ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Content Highlight: CPIM State Secretary MV Govindan on Press Meet