ആര്യാ രാജേന്ദ്രന്‍-സച്ചിന്‍ ദേവ് വിവാഹം സെപ്റ്റംബര്‍ നാലിന്; ക്ഷണക്കത്തുമായി സി.പി.ഐ.എം, ലളിതമായ ചടങ്ങ്
Kerala News
ആര്യാ രാജേന്ദ്രന്‍-സച്ചിന്‍ ദേവ് വിവാഹം സെപ്റ്റംബര്‍ നാലിന്; ക്ഷണക്കത്തുമായി സി.പി.ഐ.എം, ലളിതമായ ചടങ്ങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th August 2022, 9:46 am

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ ദേവുമായുള്ള വിവാഹ ക്ഷണക്കത്തുമായി സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരില്‍ പുറത്തിറങ്ങിയ ലളിതമായ കത്തില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ക്ഷണിതാവ്.

സെപ്തംബര്‍ നാലിന് നടക്കാനിരിക്കുന്ന വിവാഹം ആര്‍ഭാടങ്ങളില്ലാതെ ആഘോഷമാക്കാനാണ് പാര്‍ട്ടി തീരുമാനം. രക്ഷകര്‍ത്താക്കളുടെ പേരും വീടിന്റെ മേല്‍വിലാസവും സൂചിപ്പിക്കുന്ന രീതിക്ക് പകരം സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടി ഭാരവാഹിത്തമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ സെപ്റ്റംബര്‍ നാലിന് രാവിലെ 11നാണ് ചടങ്ങ്. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം കോഴിക്കോട് വെച്ച് വിവാഹ സത്കാരം നടക്കും.

സെപ്റ്റംബര്‍ 6ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ച് നടക്കുന്ന വിവാഹ സത്കാരത്തിന്റെ ക്ഷണക്കത്ത് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയും പങ്കുവെച്ചിരുന്നു. കൈപ്പടയില്‍ എഴുതിയിരിക്കുന്ന ലളിതമായ കത്തില്‍ ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററാണ് ക്ഷണിതാവ്.

സി.പി.ഐ.എം ചാല കമ്മിറ്റി അംഗമായ ആര്യാ രാജേന്ദ്രനും കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ സച്ചിന്‍ ദേവും ബാലസംഘം- എസ്.എഫ്.ഐ പ്രവര്‍ത്തന കാലയളവിലാണ് അടുപ്പത്തിലാകുന്നത്.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു യുവ നേതാക്കളുടെ വിവാഹ നിശ്ചയം. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ ദേവ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ 21ാം വയസ്സിലാണ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറാകുന്നത്.

Content Highlight: CPIM released marriage invitation of Mayor Arya Rajendran and Sachin Dev MLA