ലോകത്തെ തീവ്രവാദ സംഘടനകളില്‍ 12ാം സ്ഥാനത്ത് സി.പി.ഐ.എം; ലഷ്‌കര്‍ ഇ ത്വയ്ബയേക്കാള്‍ മുന്നിലെന്ന് ബി.ജെ.പി നേതാവ്
Kerala News
ലോകത്തെ തീവ്രവാദ സംഘടനകളില്‍ 12ാം സ്ഥാനത്ത് സി.പി.ഐ.എം; ലഷ്‌കര്‍ ഇ ത്വയ്ബയേക്കാള്‍ മുന്നിലെന്ന് ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th April 2023, 8:29 am

തിരുവനന്തപുരം: ലോകത്ത് തീവ്രവാദ സംഘടനകളിലെ 12ാം സ്ഥാനത്ത് സി.പി.ഐ.എമ്മാണെന്ന തെറ്റായ വാദവുമായി ബി.ജെ.പി നേതാവ് പി.കൃഷ്ണദാസ്. ഗ്ലോബല്‍ ടെററിസം ഇന്‍ഡക്‌സ് 2023ല്‍ ലഷ്‌കര്‍ ഇ ത്വയ്ബ 16ാസ്ഥാനത്താണെന്നും 12ാം സ്ഥാനത്ത് നില്‍ക്കുന്നത് സി.പി.ഐ.എമ്മുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

മാതൃഭൂമി ന്യൂസിലെ ചാനല്‍ ചര്‍ച്ചയ്ക്കിടയിലായിരുന്നു ബി.ജെ.പി നേതാവിന്റെ തെറ്റായ വാദങ്ങള്‍.

‘ഞാനൊരു വാര്‍ത്തയുടെ തലക്കെട്ട് വായിക്കാം. വാര്‍ത്തയല്ല, ഒരു റിപ്പോര്‍ട്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ റാങ്ക്‌സ് 12ത്ത് ഇന്‍ ദ ലിസ്റ്റ് ഓഫ് 20 ഡെഡ്‌ലിയസ്റ്റ് ടെറര്‍ ഗ്രൂപ്പ് ഇന്‍ ദ വേള്‍ഡ്. ലഷ്‌കറി ത്വയ്ബ ഇന്‍ 16ത് പൊസിഷന്‍. അതില്‍ പറയുന്നത് സി.പി.ഐ.എമ്മാണ് ലോകത്തിലെ തന്നെ തീവ്രവാദ സംഘടനകളുടെ 12ാം സ്ഥാനത്ത് നില്‍ക്കുന്നത് എന്നാണ്. ലഷ്‌കറി ത്വയ്ബയ്ക്ക് പോലും 16ാം സ്ഥാനമാണ്,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ ഉടനെ തന്നെ അവതാരകയായ മാതു സജി, റൈറ്റ് വിങ് ആക്റ്റിവിസ്റ്റ് രാഹുല്‍ ഈശ്വര്‍, സി.പി.ഐ.എം നേതാവ് എന്‍. വി വൈശാഖന്‍ എന്നിവര്‍ ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നു.

ഏത് റിപ്പോര്‍ട്ടാണിതെന്ന് അവതാരക ചോദിച്ചു. അതേസമയം ഇത് മാവോയിസ്റ്റ് സംഘടനയെ കുറിച്ചാണെന്നും സി.പി.ഐ.എമ്മിനെക്കുറിച്ചുള്ളതല്ലെന്നും രാഹുല്‍ ഈശ്വരും എന്‍.വി. വൈശാഖനും വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലെ ഡിസ്‌നി ആസ്ഥാനമാക്കിയുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ് (ഐ.ഇ.പി) ആണ് ആഗോള ഭീകരവാദ സൂചിക (ജി.ടി.ഐ) പുറത്തിറക്കിയത്. എന്നാല്‍ ആദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്നതിന് പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നായിരുന്നു രേഖപ്പെടുത്തിയത്.

തുടര്‍ന്ന് പരാതികള്‍ ഉയര്‍ന്നപ്പോള്‍ അത് തിരുത്തി വീണ്ടും റിപ്പോര്‍ട്ട് ഇറക്കുകയായിരുന്നു. എന്നാല്‍ ഇതിനെയാണ് കൃഷ്ണദാസ് സി.പി.ഐ.എമ്മാക്കി ചിത്രീകരിച്ചിരിക്കുന്നത്.

പട്ടിക പ്രകാരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംഘടന ഇസ്‌ലാമിക് സ്റ്റേറ്റാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്‌സിസ്റ്റ് 61 ആക്രമണങ്ങള്‍ നടത്തുകയും 39 മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അഫ്ഗാനിസ്ഥാനാണ് നില്‍ക്കുന്നത്. ഇന്ത്യ 13ാം സ്ഥാനത്താണ് നില്‍ക്കുന്നത്.

content highlight: CPIM ranks 12th among terrorist organizations in the world; BJP leader says that Lashkar is ahead of this Tayba