ഏകാധിപത്യ അധികാരങ്ങള്‍ ഗവര്‍ണര്‍ പദവിയില്‍ ഇല്ല, രാഷ്ട്രപതി ഇടപെടണം: സി.പി.ഐ.എം പി.ബി
national news
ഏകാധിപത്യ അധികാരങ്ങള്‍ ഗവര്‍ണര്‍ പദവിയില്‍ ഇല്ല, രാഷ്ട്രപതി ഇടപെടണം: സി.പി.ഐ.എം പി.ബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th October 2022, 3:50 pm

ന്യൂദല്‍ഹി: മന്ത്രിമാരെ ഭീഷണിപ്പെടുത്തിയുള്ള കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെതിരെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. ഗവര്‍ണര്‍ അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക് നിരക്കാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ഏകാധിപത്യ അധികാരങ്ങള്‍ ഗവര്‍ണര്‍ പദവിയില്‍ ഇല്ല. ഏറ്റവും ഒടുവിലായി ഗവര്‍ണര്‍ ഓഫീസിന്റെ അന്തസിനെ താഴ്ത്തുന്ന തരത്തില്‍ ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്നിട്ടുള്ള പ്രസ്താവന, ഗവര്‍ണര്‍ക്ക് തന്റെ ഇഷ്ടത്തിനനുസരിച്ച് ഒരു മന്ത്രിയെ പിരിച്ചുവിടാമെന്ന് പറയുന്നതിന് തുല്യമാണെന്നും പി.ബി. പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരം ഏകാധിപത്യ അധികാരങ്ങള്‍ ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നില്ല. ട്വീറ്റിലൂടെ ഗവര്‍ണര്‍ തന്റെ രാഷ്ട്രീയ പക്ഷം വെളിപ്പെടുത്തിയിരിക്കുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാരിനോടുള്ള ഗവര്‍ണറുടെ വിദ്വേഷവും ഇതിലൂടെ വ്യക്തമാണ്. കേരളാ ഗവര്‍ണര്‍ ഇത്തരം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുന്നത് തടയാന്‍ അടിയന്തിരമായി രാഷ്ട്രപതി ഇടപെടണമെന്നും സി.പി.ഐ.എം പി.ബി. പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഗവര്‍ണര്‍ സ്ഥാനത്തിന്റെ അന്തസ് കുറച്ചുകാണിച്ചാല്‍ കടുത്ത നടപടി എടുക്കുമെന്നായിരുന്നു മന്ത്രിമാര്‍ക്കുള്ള ഗവര്‍ണറുടെ മുന്നറയിപ്പ്. മന്ത്രിമാരെ പിന്‍വലിക്കാന്‍ മടിക്കില്ലെന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തിരുന്നു.

‘ഗവര്‍ണറെ ഉപദേശിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണറുടെ പദവിയുടെ അന്തസ് കുറയ്ക്കുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിമാരെ പിന്‍വലിക്കാന്‍ മടിക്കില്ല,’ എന്നായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്.