ലാലേട്ടന്‍ പെട്ടെന്ന് കാറില്‍ നിന്നിറങ്ങി ബസില്‍ ചാടിക്കയറി, ഫൂട്‌ബോര്‍ഡില്‍ നിന്ന് അരമണിക്കൂര്‍ യാത്ര ചെയ്തു: സന്തോഷ് ദാമോദരന്‍
Film News
ലാലേട്ടന്‍ പെട്ടെന്ന് കാറില്‍ നിന്നിറങ്ങി ബസില്‍ ചാടിക്കയറി, ഫൂട്‌ബോര്‍ഡില്‍ നിന്ന് അരമണിക്കൂര്‍ യാത്ര ചെയ്തു: സന്തോഷ് ദാമോദരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th October 2022, 3:03 pm

മോഹന്‍ലാല്‍ ഏറ്റവുമധികം സ്വാതന്ത്ര്യം അനുഭവിച്ച സ്ഥലം കുരുക്ഷേത്രയുടെ ലൊക്കേഷന്‍ ആയിരിക്കാമെന്ന് നിര്‍മാതാവ് സന്തോഷ് ദാമോദരന്‍. അവിടെയുള്ള ആളുകള്‍ക്കൊന്നും അദ്ദേഹത്തെ അറിയില്ലായിരുന്നുവെന്നും അവിടുത്തെ ബസിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന് മോഹന്‍ലാല്‍ യാത്ര ചെയ്യുമായിരുന്നുവെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് ദാമോദരന്‍ പറഞ്ഞു.

‘ലാലേട്ടന്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്‌തൊരു സ്ഥലം കുരുക്ഷേത്രയുടെ ലൊക്കേഷനായിരിക്കും. ആര്‍ട്ടിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതം മുഴുവന്‍ നാല് ചുമരിനുള്ളിലാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഇവര്‍ക്കൊന്നും റോഡിലിറങ്ങി നടക്കാന്‍ പറ്റില്ല. ആള്‍ക്കാര് വന്ന് ഫോട്ടെയടുക്കുകയും പിടിക്കുകയുമൊക്കെ ചെയ്യും. അവര്‍ നാടുവിട്ട് അമേരിക്കയിലോ യൂറോപ്പിലോ പോയാല്‍ പോലും പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല.

എന്നാല്‍ കുരുക്ഷേത്രയുടെ ലൊക്കേഷനിലെ ആളുകള്‍ക്കൊന്നും ലാലേട്ടനെ അറിയില്ല. രാവിലെ പിള്ളേരെ വിളിച്ചുണര്‍ത്തി നടക്കാന്‍ പോവും. വഴിയില്‍ നിന്ന് ചായ കുടിക്കുകയും ബസ് വന്നാല്‍ അതിലേക്ക് ചാടികയറുകയുമൊക്കെ ചെയ്യും. ഫൂട്‌ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്തിട്ട് കൊറേക്കാലമായി.

ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ ലാലേട്ടന്‍ കാറില്‍ നിന്നിറങ്ങി ഒരു ബസില്‍ ചാടിക്കയറി. ഫൂട്‌ബോര്‍ഡില്‍ നിന്ന് ഏതാണ്ട് ഒരു അര മണിക്കൂര്‍ യാത്ര ചെയ്ത് ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ തിരിച്ചുവന്ന് കാറില്‍ കയറി. അതുപോലെ ഒരു ഫ്രീഡമാണ് ലാലേട്ടന് കിട്ടിയത്.

മിലിട്ടറിയിലുള്ള മലയാളി കുടുംബങ്ങള്‍ മാത്രം വന്ന് ലാലേട്ടനോട് സംസാരിക്കും. ബാക്കിയാര്‍ക്കും പുള്ളിയെ അറിയില്ല,’ സന്തോഷ് പറഞ്ഞു.

മോണ്‍സ്റ്ററാണ് ഉടന്‍ പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ ചിത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന  ഉദയകൃഷ്ണയാണ്. ഒക്ടോബര്‍ 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും മോണ്‍സ്റ്ററില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Santosh Damodaran about an incident that Mohanlal used to travel in footboard of the bus during the shoot of kurukshetra movie