'കയ്യും കാലും വെട്ടും, വേണ്ടി വന്നാല്‍ തലയും' പി.കെ. ശശിക്കെതിരെ സി.പി.ഐ.എമ്മിന്റെ കൊലവിളി
Kerala
'കയ്യും കാലും വെട്ടും, വേണ്ടി വന്നാല്‍ തലയും' പി.കെ. ശശിക്കെതിരെ സി.പി.ഐ.എമ്മിന്റെ കൊലവിളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th July 2025, 9:37 pm

പാലക്കാട്: മണ്ണാര്‍ക്കാട്ട് സി.പി.ഐ.എം നേതാവും കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ. ശശിക്കെതിരെ പ്രകടനം. ‘കയ്യും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടും’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സി.പി.ഐ.എമ്മിന്റെ പ്രതിഷേധ പ്രകടനം.

‘സി.പി.ഐ.എമ്മിന് നേരെ പോരിന് വന്നാല്‍ തച്ചുതകര്‍ക്കും സൂക്ഷിച്ചോ’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഉയര്‍ത്തി. മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍.കെ. നാരായണന്‍ കുട്ടി, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി.എം. ആര്‍ഷോ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ബിലാല്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ പി.കെ. ശശിക്കെതിരെ പ്രകടനം നടത്തിയത്. പ്രകടനത്തിന് ശേഷം നടന്ന പ്രസംഗത്തില്‍ പി.കെ. ശശിക്ക് കടുത്ത മുന്നറിയിപ്പാണ് ആര്‍ഷോ നല്‍കിയത്.

ജനാധിപത്യ മറുപടിയല്ല, വൈകാരികമായ തിരിച്ചടിയായിരിക്കും നേരിടുകയെന്ന് പി.എം. ആര്‍ഷോ പ്രസംഗിച്ചു. ആ പ്രതികരണം താങ്ങാനുള്ള ശേഷി ആക്രമണത്തിന് നേതൃത്വം നല്‍കിയ ഒരു പൊന്നുമോനും ഉണ്ടാകില്ലെന്നും ആർഷോ പറഞ്ഞു. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പി.എം. ആര്‍ഷോ മുന്നറിയിപ്പ് നല്‍കിയത്.

ഏതെങ്കിലും തമ്പുരാന്റെ വാക്ക് കേട്ട് ഇറങ്ങിയാല്‍ രണ്ട് കാല്‍ കുത്തി നടക്കില്ലെന്നും ആർഷോ ഭീഷണി ഉയര്‍ത്തി. സി.പി.ഐ.എം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി അഷ്റഫിനുള്ള മുന്നറിയിപ്പെന്നോണമായിരുന്നു അര്‍ഷോയുടെ പരാമര്‍ശം.

‘കരിക്കാമുറി ഷണ്‍മുഖനാണ് ബിലാലാണ് എന്നാണ് ചിലരുടെ വിചാരം. എന്നാല്‍ വെറും പടക്കം ബഷീറാണ് എന്ന് എല്ലാവര്‍ക്കും മനസിലായി,’ പി.കെ. ശശിയെ പരിഹസിച്ച് ആർഷോ പറഞ്ഞു.

സി.പി.ഐ.എമ്മില്‍ അച്ചടക്ക നടപടി നേരിട്ടതിന് ശേഷം പങ്കെടുത്ത മണ്ണാര്‍ക്കാട് നഗരസഭയുടെ ആയുര്‍വേദ ഡിസ്പെന്‍സറി ഉദ്ഘാടന ചടങ്ങില്‍ വെച്ച്, ‘കൊച്ചി പഴയ കൊച്ചിയല്ല, ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്’ എന്ന് പി.കെ. ശശി പറഞ്ഞിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് പി.കെ. ശശിയെ ബിലാല്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് സി.പി.ഐ.എമ്മും ആര്‍ഷോയും പ്രകടനം നടത്തിയത്.

പി.കെ. ശശിയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം ആയുര്‍വേദ ഡിസ്പെന്‍സറി ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ജനപ്രതിനിധി അല്ലാതിരുന്നിട്ടും ശശിയെ പരിപാടിയിലേക്ക് ക്ഷണിച്ചതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് ആരോപിച്ചാണ് സി.പി.ഐ.എം പരിപാടി ബഹിഷ്‌കരിച്ചത്.

ഇതിനുപിന്നാലെ പരിപാടിക്കെത്തിയ ശശി സി.പി.ഐ.എമ്മിനെ വിമര്‍ശിക്കുകയായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി പി.കെ. ശശിയും പാര്‍ട്ടിയിലെ ഒരു വിഭാഗവും തമ്മില്‍ ഭിന്നത നിലനിന്നിരുന്നു. നഗരസഭയുടെ പരിപാടിയിലേക്ക് ക്ഷണിച്ചതിനെ തുടര്‍ന്ന് ഈ ഭിന്നത രൂക്ഷമാകുകയും ചെയ്തു.

ഈ അവസരം മുതലാക്കി കോണ്‍ഗ്രസും യു.ഡി.എഫും നീക്കങ്ങള്‍ നടത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പാലക്കാട് എം.പിയായ വി.കെ. ശ്രീകണ്ഠന്‍ പി.കെ. ശശിയെ പരോക്ഷമായി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു.

Content Highlight: CPIM Protest march against PK Sasi in Mannarkkad