കത്ത് വിവാദം; ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് തോമസ് ഐസക്ക്
Kerala
കത്ത് വിവാദം; ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് തോമസ് ഐസക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th August 2025, 10:41 pm

പത്തനംതിട്ട: സി.പി.ഐ.എമ്മിലെ കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഡോ. ടി.എം. തോമസ് ഐസക്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിലാണ് തോമസ് ഐസക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

മുഹമ്മദ് ഷര്‍ഷാദ്

അസംബന്ധ ആക്ഷേപങ്ങളെ തുടര്‍ന്നുണ്ടായ അപമാനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം, നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ വസ്തുതാവിരുദ്ധമായ പ്രസ്താനകള്‍ പിന്‍വലിച്ച് മാപ്പ് പറയണം തുടങ്ങിയ കാര്യങ്ങളാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

‘അസംബന്ധ ആക്ഷേപങ്ങള്‍ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട. എന്നെക്കുറിച്ച് പറഞ്ഞ ആക്ഷേപം പിന്‍വലിച്ച് മാപ്പ് പറയണം. അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കും,’ തോമസ് ഐസക്ക് വ്യക്തമാക്കി.

എന്‍. രഘുരാജ് അസോസിയേറ്റ്‌സ് മുഖേനയാണ് തോമസ് ഐസക്ക് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യാന്‍ സാധ്യതയുണ്ട്.

പിന്നീടുള്ള കാര്യങ്ങള്‍ കോടതിയില്‍ തീര്‍പ്പാക്കാമെന്നും തോമസ് ഐസക്ക് പറയുന്നു. പുതിയ വിവാദങ്ങള്‍ വന്നപ്പോള്‍ മുഹമ്മദ് ഷര്‍ഷാദിന്റെ ആരോപണങ്ങള്‍ മുങ്ങിപ്പോയത് സ്വാഭാവികമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.പി.ഐ.എം യു.കെ ഘടകം നേതാവായ രാജേഷ് കൃഷ്ണ തോമസ് ഐസകിന്റെ ബിനാമിയാണെന്ന പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടുള്ളതാണ് വക്കീല്‍ നോട്ടീസ്. നേരത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഹമ്മദ് ഷര്‍ഷാദിന് നോട്ടീസ് അയച്ചിരുന്നു.

ആക്ഷേപം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് എം.വി. ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. രാജേഷ് കൃഷ്ണക്കെതിരെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ പരാതി ചോര്‍ത്തിയത് എം.വി. ഗോവിന്ദനും മകനുമാണെന്നാണ് ഷര്‍ഷാദ് ആരോപിച്ചത്. എന്നാല്‍ എം.വി. ഗോവിന്ദന്‍ ഇത് നിശിതമായി തള്ളിയിരുന്നു.

കഴിഞ്ഞ ദിവസം എം.വി. ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മുഹമ്മദ് ഷര്‍ഷാദ് മറുപടി നല്‍കിയിരുന്നു. എം.വി. ഗോവിന്ദനെ വ്യക്തിഹത്യ ചെയ്യുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും കത്ത് ചോര്‍ത്തിയതില്‍ എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തിനെ സംശയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഷര്‍ഷാദ് മറുപടി നല്‍കിയത്. രാജേഷ് കൃഷ്ണയുമായി ശ്യാംജിത്തിനുള്ള ബന്ധമാണ് സംശയത്തിന് കാരണമായതെന്നും ഷര്‍ഷാദ് പറഞ്ഞിരുന്നു.

Content Highlight: Letter controversy; Thomas Isaac sends legal notice against Sharshad