അടൂര്‍ ഗോപാലകൃഷ്ണന്റേത് ധാര്‍ഷ്ട്യവും സവര്‍ണ മനോഭാവവും; ജാതിവിവേചനം ന്യായീകരിക്കാന്‍ ആര് ശ്രമിച്ചാലും അംഗീകരിക്കില്ല: സി.പി.ഐ.എം നേതാവ് എസ്. അജയകുമാര്‍
Kerala News
അടൂര്‍ ഗോപാലകൃഷ്ണന്റേത് ധാര്‍ഷ്ട്യവും സവര്‍ണ മനോഭാവവും; ജാതിവിവേചനം ന്യായീകരിക്കാന്‍ ആര് ശ്രമിച്ചാലും അംഗീകരിക്കില്ല: സി.പി.ഐ.എം നേതാവ് എസ്. അജയകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th January 2023, 9:14 am

കോട്ടയം കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിനും ആരോപണവിധേയരായ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍, ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കുമെതിരെ സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവുമായ എസ്. അജയകുമാര്‍.

ദേശാഭിമാനിയുടെ 80ാം വാര്‍ഷികാഘോഷ സമാപനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചൂരിക്കുമൊപ്പം കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്ണന്‍ പങ്കെടുത്തതിനെതിരെ വലിയ വിമര്‍ശനമുയരുകയും സി.പി.ഐ.എം നേതാവ് എം.എ. ബേബിയടക്കമുള്ളവര്‍ അടൂരിനെ പരസ്യമായി പിന്തുണച്ച് രംഗത്തുവരികയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് അജയകുമാറിന്റെ പ്രതികരണം.

കടുത്ത ജാതി വിവേചനവും സാമൂഹ്യ വെല്ലുവിളികളും നിറഞ്ഞ സാഹചര്യത്തില്‍ നിന്നും ഉയര്‍ന്നുവന്ന കെ.ആര്‍. നാരായണന്റെ പേരിലുള്ള സ്ഥാപനത്തില്‍ ഇരുന്നുകൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ തികച്ചും ധാര്‍ഷ്ട്യത്തോടെ, സവര്‍ണ മനോഭാവത്തോടെയുള്ള പ്രസ്താവനകള്‍ ഇറക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ പുരോഗമന കേരളം ശക്തമായി തന്നെ പ്രതികരിക്കുമെന്നും എസ്. അജയകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

ആരൊക്കെ ഏതൊക്കെ രൂപത്തില്‍ ജാതി വിവേചനത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചാലും അത് പ്രബുദ്ധ കേരളം അംഗീകരിക്കില്ലെന്ന് പറഞ്ഞ അജയകുമാര്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം സ്വാഗതാര്‍ഹമാണെന്നും ഇനിയെങ്കിലും തെറ്റുകള്‍ തിരുത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണാധികാരികള്‍ തയ്യാറാവണമെന്നും പറഞ്ഞു.

2019ല്‍ ശങ്കര്‍ മോഹന്‍ ഡയറക്ടറായി വന്നതിനുശേഷം നിയമിക്കപ്പെട്ട അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അത് അന്വേഷണ വിധേയമാക്കേണ്ടതാണെന്നും മുന്‍ എം.പിയും  സംസ്ഥാന എസ്.എസി എസ്.ടി കമ്മീഷന്‍ അംഗവും കൂടിയായ അജയകുമാര്‍ പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോട്ടയം കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടക്കാന്‍ പാടില്ലാത്തതും രാജ്യത്തെ ഭരണഘടനക്കും നീതിന്യായ വ്യവസ്ഥക്കും എതിരായ സംഭവങ്ങളാണ് നടക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്റെയും ഡയറക്ടറുടെയും പരസ്യ പ്രസ്താവനകള്‍ തെളിയിക്കുന്നത് അവര്‍ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളതിന് എതിരാണെന്നാണ്.

ശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ അവസരത്തെ സംവരണം ഇല്ലാതാക്കുന്നു എന്ന നിലപാടാണവര്‍ക്കുള്ളത്. എന്നാല്‍ ഒരു സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ സംവരണതത്വം പാലിക്കാനും നടപ്പാക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് അധികാരികള്‍ നിയമപരമായി തന്നെ ബാധ്യസ്ഥരാണെന്നിരിക്കെ സംവരണ മാനദണ്ഡം ലംഘിച്ചാണ് ഈ വര്‍ഷത്തെ (2022) പ്രവേശനം നല്‍കിയിരിക്കുന്നത്.

എല്ലാ ഡിപ്പാര്‍ട്‌മെന്റ് പ്രവേശനത്തിലും ഈ ലംഘനം നടന്നിട്ടുണ്ട്. ഡയറക്ഷന്‍ കോഴ്‌സ്/ ഡിപ്പാര്‍ട്‌മെന്റ് പ്രവേശനം ലഭിച്ച 10 വിദ്യാര്‍ത്ഥികളില്‍ ആരും തന്നെ സംവരണ വിഭാഗത്തില്‍പ്പെട്ടവരല്ല എന്നാണറിയുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ എല്ലാ പ്രൊഫസര്‍മാരും അധ്യാപകേതര ജീവനക്കാരും താത്കാലികാടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയിലോ ദിവസവേതനാടിസ്ഥാനത്തിലോ നിയമിക്കപ്പെട്ടവരാണ്. ഫിനാന്‍സ് ഓഫീസര്‍ മാത്രമാണ് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വന്നിട്ടുള്ളത്.

താത്കാലിക നിയമനം ആയതിനാല്‍ പിരിച്ചുവിടല്‍ ഭീഷണി എപ്പോഴും നിലനില്‍ക്കുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി ഡയറക്ടര്‍ എല്ലാവരെക്കൊണ്ടും നിയമവിരുദ്ധമായി ജോലി ചെയ്യിക്കുകയും ഇഷ്ടമില്ലാത്തവരുടെ കരാര്‍ വ്യവസ്ഥകള്‍ മതിയായ കാരണമില്ലാതെ ഏകപക്ഷീയമായി തിരുത്തി കാലാവധി കുറക്കുകയും മറ്റും ചെയ്യുന്നു. കൂടാതെ സ്ത്രീ ജീവനക്കാരെക്കൊണ്ട് ഡയറക്ടര്‍ വീട്ടുജോലിയും വീടുവൃത്തിയാക്കലും കക്കൂസ് കഴുകിക്കലുമടക്കം അടിമവേല ചെയ്യിക്കുന്നു എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

2019ല്‍ ശ്രീ ശങ്കര്‍ മോഹന്‍ ഡയറക്ടറായി വന്നതിനുശേഷം നിയമിക്കപ്പെട്ട അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അത് അന്വേഷണ വിധേയമാക്കേണ്ടതാണ്.

കടുത്ത ജാതി വിവേചനവും സാമൂഹ്യ വെല്ലുവിളികളും നിറഞ്ഞ സാഹചര്യത്തില്‍ നിന്നും ഉയര്‍ന്നുവന്ന മഹാനായ നേതാവ് ശ്രീ കെ.ആര്‍. നാരായണന്റെ പേരിലുള്ള സ്ഥാപനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അവിടെ ഇരുന്നുകൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ തികച്ചും ധാര്‍ഷ്ട്യത്തോടെ, സവര്‍ണ മനോഭാവത്തോടെയുള്ള പ്രസ്താവനകള്‍ ഇറക്കുന്നത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പുരോഗമന കേരളം ശക്തമായി തന്നെ പ്രതികരിക്കും.

ആരൊക്കെ ഏതൊക്കെ രൂപത്തില്‍ ജാതി വിവേചനത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചാലും അത് പ്രബുദ്ധ കേരളം അംഗീകരിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം സ്വാഗതാര്‍ഹമാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണാധികാരികള്‍ ഇനിയെങ്കിലും തെറ്റുകള്‍ തിരുത്താന്‍ തയ്യാറാവണം.

Content Highlight: CPIM leader S Ajayakumar on KR Narayanan Film Institute caste discrimination and Adoor Gopalakrishnan