ന്യൂദല്‍ഹി: വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ദേശീയ തലത്തിലുള്ള വിശാല സഖ്യത്തിന് സി.പി.ഐ.എം ഉണ്ടാകില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മത്സരമെന്നും സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള സഖ്യത്തിലാകും സി.പി.ഐ.എം ഉണ്ടാകുകയെന്നും യെച്ചൂരി പറഞ്ഞു.
രണ്ട് ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് എം.പിമാരെ അയോഗ്യരാക്കുന്നതിന് ബി.ജെ.പി ക്രിമിനല്‍ അപകീര്‍ത്തി മാര്‍ഗം(defamation law) ഉപയോഗിക്കുകയാണെണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ നിലവില്‍ രൂപപ്പെട്ട ഐക്യം തെരഞ്ഞെടുപ്പിലെ വിശാല സഖ്യമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെ അപലപിക്കുന്നു.
രാഹുലിന്റെ ശിക്ഷാവിധിയും അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള തിടുക്കവും വിമര്‍ശനങ്ങളോടുള്ള ബി.ജെ.പിയുടെ അസഹിഷ്ണുതയെയും സ്വേച്ഛാധിപത്യ സ്വഭാവത്തേയും പ്രതിഫലിപ്പിക്കുന്നതാണ്.
സി.ബി.ഐ, ഇ.ഡി എന്നീ കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി പകപോക്കലിനായി ഉപയോഗിക്കുകയാണ്. അതിനും മുകളിലാണ് അപകീര്‍ത്തി നിയമം ദുരുപയോഗം ചെയ്തുള്ള ഈ നടപടി,’ യെച്ചൂരി പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെ ലജ്ജയില്ലാതെ പ്രതിരോധിക്കുകയാണെന്നും ജെ.പി.സി അന്വേഷണം പ്രഖ്യാപിക്കാന്‍ വൈകുന്നത് സര്‍ക്കാരിന് എന്തോ മറക്കാന്‍ ഉള്ളതിന്റെ സൂചനയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ആന്ധ്രാപ്രദേശ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പി.ബി നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ആന്ധ്രാപ്രദേശില്‍ സി.പി.ഐ.എമ്മില്‍ ചില ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ പി.ബി നിര്‍ദേശങ്ങള്‍ നടപ്പാക്കും. ബി.വി. രാഘവുലു പോളിറ്റ് ബ്യൂറോയില്‍ തുടരും,’ സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
Content Highlight: CPIM General Secretary Sitaram Yechury says will not be part of a broad alliance at the national level in the upcoming general elections