തിരുവനന്തപുരം: എസ്.ഐ.ആറിനെ വിമർശിച്ച് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് വേണ്ടി ചീഫ് ഇലക്ഷൻ കമ്മീഷൻ ഓഫീസർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്ന കരാർ പണിയാണ് എസ്.ഐ.ആറെന്ന് എം.എ. ബേബി പറഞ്ഞു.
അർഹരായ വോട്ടർമാരെ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള കുറ്റകൃത്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ നടന്ന കൃത്രിമങ്ങളെ കുറിച്ചും വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകൾക്ക് ഗ്യാനേഷ് കുമാർ ഒരു വിശദീകരണവും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ തുറന്നുകാണിക്കപ്പെട്ട സന്ദർഭം ഉണ്ടായിട്ടില്ലെന്നും ഇത് അപമാനകരമാണെന്നും എം.എ ബേബി പറഞ്ഞു.
തെരഞ്ഞടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർന്നെന്നും അത് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിന് സി.പി.ഐ.എം മാത്രമല്ല എൽ.ഡി.എഫ് ഒന്നാകെ സജ്ജമാണെന്നും കേരളം സി.പി.ഐ.എമ്മിന് ഒപ്പമെന്നും ദുഷ്പ്രചരണങ്ങൾ എല്ലാകാലത്തും ഉണ്ടാകുമെന്നും എം.എ.ബേബി പറഞ്ഞു.
‘ഒന്നാമത്തെ തെരഞ്ഞെടുപ്പ് കമ്മീഷനായ സുകുമാർ സെന്നിന്റെ നേതൃത്വത്തിൽ അർഹരായ സകലരെയും വോട്ടർ പട്ടികയിൽ ചേർത്ത് എല്ലാർക്കും വോട്ടവകാശം ഉറപ്പാക്കുമായിരുന്നു. എന്നാൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ അർഹരായ എല്ലാ വോട്ടർമാരെയും വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കുകയാണ്,’ എം.എ ബേബി പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപനത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് 12 മണിക്ക് (തിങ്കൾ) വാർത്താസമ്മേളനം നടത്തും.
Content Highlight: CPIM General Secretary M.A. Baby criticizes SIR