വയോധികയുടെ മാല പൊട്ടിച്ചോടിയ പ്രവര്‍ത്തകനെ പുറത്താക്കി സി.പി.ഐ.എം
Kerala
വയോധികയുടെ മാല പൊട്ടിച്ചോടിയ പ്രവര്‍ത്തകനെ പുറത്താക്കി സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th October 2025, 7:29 pm

കണ്ണൂര്‍: മാലമോഷണത്തില്‍ അറസ്റ്റിലായ രാജേഷ് പി.പിയെ പുറത്താക്കി സി.പി.ഐ.എം. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു രാജേഷ്.

കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയാണ് ഇയാള്‍. മോഷണക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് രാജേഷിനെതിരെ സി.പി.ഐ.എം നടപടിയെടുത്തത്.

വ്യാഴാഴ്ചയാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. 77കാരിയായ ജാനകിയുടെ സ്വര്‍ണമാലയാണ് രാജേഷ് മോഷ്ടിച്ചത്.

വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് മോഷണം നടന്നത്. തുറന്നുകിടന്നിരുന്ന മുന്‍വശത്തെ വാതിലിലൂടെയാണ് രാജേഷ് വയോധികയുടെ വീടിനുള്ളില്‍ കയറിയത്.

ഈ സമയം അടുക്കളയിലായിരുന്ന ജാനകിയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച് രാജേഷ് കടന്നുകളയുകയായിരുന്നു.

വയോധികയുടെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും മാല പൊട്ടിച്ചോടിയ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് ജാനകി നല്‍കിയ പരാതിയില്‍ ഹെല്‍മറ്റ് ധരിച്ച ഒരാളാണ് മാല പൊട്ടിച്ചതെന്ന് പറഞ്ഞിരുന്നു.

പിന്നാലെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഒടുവില്‍ രാജേഷില്‍ എത്തിനില്‍ക്കുകയായിരുന്നു. രണ്ട് ദിവസം നീണ്ടുനിന്ന അന്വേഷണത്തിലൊടുവിലാണ് പ്രതി രാജേഷ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

രാജേഷ് കുറ്റം സമ്മതിച്ചതായാണ് വിവരം. സി.സി.ടി.വി ദൃശ്യങ്ങളിലേയും രാജേഷിന്റെയും ബൈക്ക് ഒന്ന് തന്നെയാണ് പൊലീസ് കണ്ടെത്തുകയായിരുന്നു.

Content Highlight: CPIM expels worker who broke an elderly woman’s gold chain in kannur