ടാറ്റയെ ബംഗാളില്‍ നിന്ന് ഓടിച്ചുവിട്ടത് ഞാനല്ല, സി.പി.ഐ.എമ്മാണെന്ന് മമത; നുണ പറയുന്നതില്‍ മമതക്ക് ഡി.ലിറ്റ് കൊടുക്കണമെന്ന് സി.പി.ഐ.എം
national news
ടാറ്റയെ ബംഗാളില്‍ നിന്ന് ഓടിച്ചുവിട്ടത് ഞാനല്ല, സി.പി.ഐ.എമ്മാണെന്ന് മമത; നുണ പറയുന്നതില്‍ മമതക്ക് ഡി.ലിറ്റ് കൊടുക്കണമെന്ന് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th October 2022, 9:12 am

കൊല്‍ക്കത്ത: ടാറ്റ നാനോ ഫാക്ടറി സിംഗൂരില്‍ നിന്ന് പോയതിന്റെ ഉത്തരവാദിത്തം സി.പി.ഐ.എമ്മിനാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വടക്കന്‍ ബംഗാളില്‍ സിലിഗുരിയില്‍ ‘ബിജയ സമ്മിലാനി’പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.

‘ഒരുപാട് പേര്‍ക്ക് ജോലി നല്‍കുമായിരുന്ന ടാറ്റയെ പറഞ്ഞുവിട്ടത് ഞാനാണെന്ന് പലരും പറയുന്നുണ്ട്. സംസ്ഥാനത്ത് നിന്ന് ടാറ്റയെ ഓടിച്ചുവിട്ടത് ഞാനല്ല, അത് സി.പി.ഐ.എമ്മാണ്. അവര്‍ക്ക് ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കണമായിരുന്നു. ഞങ്ങള്‍ ഭൂമി നല്‍കാന്‍ തയ്യാറല്ലാത്ത കര്‍ഷകര്‍ക്ക് അത് തിരിച്ചുനല്‍കുകയായിരുന്നു.’, മമത ബാനര്‍ജി പറഞ്ഞു.

സി.പി.ഐ.എം ജനങ്ങളുടെ ഭൂമി ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ ആ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുകൊടുക്കുകയാണ്. ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ലെന്നും മമത ആരോപിച്ചു.

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മമതയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.
‘മമത ലോകത്ത് ഏറ്റവും നന്നായി നുണ പറയുന്ന വ്യക്തിയാണ്. ജീവിതത്തിലിതുവരെ ഒരു സത്യം പോലും അവര്‍ പറഞ്ഞിട്ടില്ല. ബംഗാളിനെ അവര്‍ നശിപ്പിച്ചു, ഒരു വ്യവസായം പോലും ഇനി ഇങ്ങോട്ട് വരില്ല,’ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

‘മമതക്ക് നുണ പറയുന്നതില്‍ ഡി.ലിറ്റ് കൊടുക്കണം. മമത ഇപ്പോള്‍ പറയുന്നത് ബുദ്ധദേബ് ഭട്ടാചാര്യ ടാറ്റയെ സിംഗൂരില്‍ നിന്ന് ഓടിക്കാന്‍ സമരം നയിച്ചുവെന്നാണ്,’ സി.പി.ഐ.എം നേതാവ് സുജന്‍ ചക്രബര്‍ത്തി പറഞ്ഞു.

ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നണി ഭരണകാലത്താണ് സിംഗൂരിലും, നന്ദിഗ്രാമിലും ടാറ്റയുടെ നാനോ കാര്‍ ഫാക്ടറി പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയത്.

ഈ പ്രക്ഷോഭങ്ങളെ തുടര്‍ന്നുണ്ടാക്കിയ വിവാദങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ബംഗാളില്‍ അടിവേരുണ്ടാക്കിയതും, 34 വര്‍ഷത്തെ ഇടത് ഭരണം താഴെ വീഴാന്‍ കാരണമായതും.

Content Highlight: CPIM drove Tata away from Singur, not me says Mamata Banerjee