സംസ്ഥാനത്തെ ഭവനരഹിതര്‍ക്ക് സി.പി.ഐ.എം ഇതുവരെ നിര്‍മിച്ചുനല്‍കിയത് 1947 വീടുകള്‍
Kerala
സംസ്ഥാനത്തെ ഭവനരഹിതര്‍ക്ക് സി.പി.ഐ.എം ഇതുവരെ നിര്‍മിച്ചുനല്‍കിയത് 1947 വീടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th July 2025, 10:03 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഭാവനരഹിതര്‍ക്ക് വീട് വെച്ചുനല്‍കുന്ന പദ്ധതിയില്‍ തുടര്‍നീക്കങ്ങളുമായി സി.പി.ഐ.എം. ഒരു ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള മേഖലയില്‍ ഒരു വീടെങ്കിലും നിര്‍മിച്ചു നല്‍കുക എന്നതാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.

2019ലെ തൃശൂര്‍ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 1947 വീടുകള്‍ നിലവില്‍ പൂര്‍ത്തീകരിച്ച് നല്‍കിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദന്‍ അറിയിച്ചു.

കാസര്‍ഗോഡ് 87, കണ്ണൂര്‍ 265, വയനാട് 54, കോഴിക്കോട് 305, മലപ്പുറം 169, പാലക്കാട് 132, തൃശൂര്‍ 165, എറണാകുളം 184, ഇടുക്കി 48, കോട്ടയം 157, പത്തനംതിട്ട 52, ആലപ്പുഴ 127, കൊല്ലം 82, തിരുവനന്തപുരം 120 വീടുകളുമാണ് സി.പി.ഐ.എം നിര്‍മിച്ച് നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയായ ലൈഫ് മിഷനില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സി.പി.ഐ.എം 2000 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നായിരുന്നു കോടിയേരിയുടെ പ്രഖ്യാപനം. 2019ലെ സി.പി.ഐ.എം സമ്മേളനത്തില്‍ അവതരിപ്പിച്ച 45 ഇന കര്‍മപരിപാടികളില്‍ ഒന്നായിരുന്നു ഇത്.

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് 2000 കേന്ദ്രങ്ങളില്‍ കുളങ്ങളും തോടുകളും മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളും പാര്‍ട്ടി ഏറ്റെടുക്കുമെന്ന് കോടിയേരി പ്രഖ്യാപിച്ചിരുന്നു.

ഒരു ജില്ലയില്‍ ഒരു പുഴ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റികള്‍ ഏറ്റെടുക്കണമെന്നായിരുന്നു തീരുമാനം. ജൈവകൃഷി, സംയോജിത കൃഷി എന്നിവയുടെ വ്യാപനം ലോക്കല്‍ കമ്മിറ്റി ഏറ്റെടുക്കുമെന്നും സി.പി.ഐ.എം പ്രഖ്യാപിച്ചിരുന്നു.

ഒരു ഏരിയയില്‍ ഒരു ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങളിലും സി.പി.ഐ.എം നേതൃത്വം നല്‍കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. ഇത്തരത്തില്‍ 209 ആശുപത്രികള്‍ ഏറ്റെടുക്കുമെന്നായിരുന്നു സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നത്.

പി.എസ്.സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനായി യുവാക്കള്‍ക്ക് പരിശീലന ക്ലാസുകള്‍ നല്‍കാനും തീരുമാനമുണ്ടായിരുന്നു.

Content Highlight: The CPI(M) has so far constructed 1947 houses for the homeless in the state