കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം കോണ്‍ഗ്രസ് പതാകയുയര്‍ത്തി സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി. ഏലൂര്‍ പുത്തലത്താണ് സംഭവം. ഓഗസ്റ്റ് 15ന് രാവിലെ പതാക ഉയര്‍ത്തിയപ്പോഴാണ് തെറ്റ് പറ്റിയത് നേതാക്കള്‍ അറിഞ്ഞത്. പത്ത് മിനിറ്റിനകം തെറ്റ് മനസിലായി കോണ്‍ഗ്രസ് പതാക മാറ്റിയെങ്കിലും പതാക ഉയര്‍ത്തുന്നത്തിന്റെ വീഡിയോ അതിനകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
സംഭവം വിവാദമായതോടെ സി.പി.ഐ.എം നേതൃത്വം ഇടപെടുകയായിരുന്നു. നേതൃത്വം അന്വേഷണം നടത്തിയപ്പോള്‍ അബദ്ധം പറ്റിയതാണെന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും പാര്‍ട്ടി അംഗങ്ങളും സമ്മതിക്കുകയായിരുന്നു. വിഷയത്തില്‍ പാര്‍ട്ടി കൂടുതല്‍ നടപടികളിലേക്കൊന്നും കടക്കുന്നില്ലെന്ന് ലോക്കല്‍ സെക്രട്ടറി കെ.ബി സുലൈമാന്‍ അറിയിച്ചു.
ബി.ജെ.പി സ്വാതന്ത്ര്യദിനത്തിന്റെ അന്ന് തിരുവനന്തപുരത്തും കണ്ണൂരിലും ബി.ജെ.പിയുടെ കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത് വലിയ വിവാദമായിരുന്നു. തിരുവനന്തപുരം പേട്ട ജംഗ്ഷനിലും കണ്ണൂര്‍ മുയിപ്രയിലുമാണ് സംഭവം നടന്നത്. 2002 ലെ ഫ്‌ലാഗ് കോഡ് ഓഫ് ഇന്ത്യയുടെ ലംഘനമായിരുന്നു നടന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പാടില്ല എന്നുള്ള നിര്‍ദേശത്തിന്റെ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അതേസമയം മലപ്പുറം എടക്കരയില്‍ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ റീത്ത് വെച്ചതും വന്‍ വിവാദമായിരുന്നു. ബി.ജെ.പി പാലക്കാട് മേഖല വൈസ് പ്രസിഡന്റ് ടി.കെ. അശോക് കുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയ്ക്ക് റീത്ത് വെച്ചുവെന്നായിരുന്നു വിവാദം. എന്നാല്‍ ഗാന്ധിക്ക് പുഷ്പചക്രം സമര്‍പ്പിച്ചതാണ് എന്നായിരുന്നു അശോക് കുമാറിന്റെ വിശദീകരണം.
ഗാന്ധി പ്രതിമക്ക് മുന്നില്‍ വെച്ചിരിക്കുന്നത് പുഷ്പചക്രമല്ലെന്നും അതൊരു റീത്താണെന്നും അത് അനാദരവ് ആണെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പൊലീസിന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.