മഹാരാഷ്ട്രയില്‍ ചെങ്കൊടിയേന്തി പതിനായിരങ്ങള്‍; നാസിക് - മുംബൈ ലോങ് മാര്‍ച്ച് ആരംഭിച്ചു
national news
മഹാരാഷ്ട്രയില്‍ ചെങ്കൊടിയേന്തി പതിനായിരങ്ങള്‍; നാസിക് - മുംബൈ ലോങ് മാര്‍ച്ച് ആരംഭിച്ചു
ആദര്‍ശ് എം.കെ.
Monday, 26th January 2026, 7:46 am

 

നാസിക്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.ഐ.എമ്മിന്റെയും അഖിലേന്ത്യാ കിസാന്‍ സഭയുടെയും നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ വീണ്ടും സമരത്തീ ആളിപ്പടരുന്നു. തൊഴിലാളികളും കര്‍ഷകരും അടക്കം 40,000ലധികം ആളുകളുടെ ലോങ് മാര്‍ച്ചിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിക്കുന്നത്.

നാസിക്കില്‍ നിന്നാരംഭിച്ച് മുംബൈയിലേക്കാണ് ലോങ് മാര്‍ച്ച്. 2018ലെ കിസാന്‍ ലോങ് മാര്‍ച്ചിനെ തുടര്‍ന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെതിരെയും കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ നയങ്ങള്‍ സ്വീകരിക്കുന്നതിനെതിരെയും പ്രതിഷേധിച്ചാണ് സമരം.

വനാവകാശ നിയമം കര്‍ശനമായി നടപ്പിലാക്കുക, എല്ലാ ക്ഷേത്രഭൂമികളും ഇനാം ഭൂമികളും സര്‍ക്കാര്‍ ഭൂമികളും കൃഷി ചെയ്യുന്ന കര്‍ഷകരുടെ പേരില്‍ ഉടമസ്ഥാവകാശം നല്‍കുക, കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി റദ്ദാക്കുക, തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിച്ച്, വര്‍ഷത്തില്‍ 200 ദിവസം ജോലിയും പ്രതിദിനം 600 രൂപ കൂലിയും ഉറപ്പാക്കുക, വാധ്വാന്‍, മുര്‍ബെ തുറമുഖ പദ്ധതികള്‍ ഉപേക്ഷിക്കുക, ജലജീവന്‍ മിഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുക, കുടിവെള്ളവും ജലസേചനവും ഉറപ്പാക്കുക, വീടില്ലാത്തവര്‍ക്ക് വീട് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ ഡോ. അശോക് ധാവ്ളെ, മറിയം ധാവ്ളെ, വിജൂ കൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ഡോ. അജിത് നാവാലെ, ദഹാനു എം.എല്‍.എയായ വിനോദ് നിക്കോലെ, കിരണ്‍ ഗഹാല തുടങ്ങിയ പ്രമുഖ നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

അഖിലേന്ത്യാ കിസാന്‍ സഭ (എ.ഐ.കെ.എസ്), സി.ഐ.ടി.യു, ജനാധിപത്യ മഹിളാ അസോസിയേഷന്‍ (എ.ഐ.ഡി.ഡബ്ല്യൂ.എ), ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് തുടങ്ങിയ സംഘടനകളും മാര്‍ച്ചിന്റെ ഭാഗമാണ്.

”ഈ പോരാട്ടം കാലാതീതമാണ്, അടിമത്തത്തില്‍ നിന്ന് ആരംഭിച്ച് ഇപ്പോള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള ദീര്‍ഘകാല പ്രശ്‌നത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ വനാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്,” ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പ്രാചി ഹതിവ്ലേക്കര്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച പാല്‍ഘറില്‍ സി.പി.ഐ.എം നേതൃത്വത്തില്‍ നടന്ന ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് കളക്ടര്‍ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു.

 

Content Highlight: CPIM-AIKS march in Nashik, raising agricultural and labor issues

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.