കുറ്റ്യാടി പ്രതിഷേധം; എം.എല്‍.എയ്ക്ക് പിന്നാലെ പ്രാദേശിക നേതാക്കള്‍ക്കെതിരെയും സി.പി.ഐ.എം. നടപടി
Kerala News
കുറ്റ്യാടി പ്രതിഷേധം; എം.എല്‍.എയ്ക്ക് പിന്നാലെ പ്രാദേശിക നേതാക്കള്‍ക്കെതിരെയും സി.പി.ഐ.എം. നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th July 2021, 10:56 pm

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉണ്ടായ വിമത നീക്കത്തില്‍ കുറ്റ്യാടി എം.എല്‍.എയ്‌ക്കെതിരെയുണ്ടായ നടപടിക്ക് പിന്നാലെ പ്രാദേശിക നേതാക്കള്‍ക്കെതിരെയും നടപടിയുമായി സി.പി.ഐ.എം. മൂന്ന് പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് പാര്‍ട്ടിയുടെ നടപടി.

ഞായറാഴ്ച ചേര്‍ന്ന കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി യോഗത്തിലാണ് നടപടി. കുന്നുമ്മല്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.കെ. മോഹന്‍ദാസ്, കെ.പി. ചന്ദ്രന്‍, കുന്നുമ്മല്‍ കണാരന്‍ എന്നിവരോട് പാര്‍ട്ടി വിശദീകരണം തേടി. പ്രതിഷേധം തടയാത്തതിലാണ് പാര്‍ട്ടി നടപടി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായ പ്രതിഷേധത്തിന് ഒത്താശ നല്‍കിയെന്നാരോപിച്ചായിരുന്നു എം.എല്‍.എയായ കുഞ്ഞമ്മദ് കുട്ടിക്കെതിരെ സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കി നടപടിയെടുത്തത്. ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് ശേഷമായിരുന്നു നടപടി.

തീരുമാനത്തിനെതിരെ കുഞ്ഞമ്മദ് കുട്ടി അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു. പാര്‍ട്ടി നയത്തിന് വിരുദ്ധമായുള്ള അച്ചടക്കലംഘനത്തില്‍ പാര്‍ട്ടി കമ്മീഷനെ വെച്ചു അന്വേഷണം നടത്തിയ ശേഷമാണ് സി.പി.ഐ.എം. നടപടിയെടുക്കാറുള്ളത്. എന്നാല്‍ അന്വേഷണ കമ്മീഷനോ മറ്റു റിപ്പോര്‍ട്ടുകളോ ഇല്ലാതെയാണ് കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ നേതൃത്വം സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കാന്‍ സി.പി.ഐ.എം. തീരുമാനിച്ചിരുന്നു. ഇതിനെതിരെ പരസ്യപ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു.

പ്രതിഷേധത്തിന് പിന്നാലെ കുറ്റ്യാടി സീറ്റ് സി.പി.ഐ.എമ്മിന് തന്നെ വിട്ടുനല്‍കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. മണ്ഡലം വിട്ടുകൊടുക്കരുതെന്നും കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാര്‍ത്ഥിയാക്കണമെന്നുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയ പ്രവര്‍ത്തകരുടെ ആവശ്യം.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്നത് സി.പി.ഐ.എമ്മില്‍ പതിവില്ലാത്ത കാഴ്ചയാണ്. ചെങ്കൊടിയുടെ മാനം കാക്കാന്‍ എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയത്.

പൊന്നാനിയിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും കുറ്റ്യാടിയില്‍ മാത്രമായിരുന്നു പാര്‍ട്ടി പ്രതിഷേധത്തിന് വഴങ്ങിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM action against local leaders in Kuttyadi protest