മമ്പാട് പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവിന് മര്‍ദ്ദനം; പ്രസിഡന്റിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് സി.പി.ഐ.എം
Kerala News
മമ്പാട് പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവിന് മര്‍ദ്ദനം; പ്രസിഡന്റിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th August 2022, 8:35 pm

മലപ്പുറം: മമ്പാട് പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദ്ദനം. ആം ആദ്മി പാര്‍ട്ടി നേതാവിനെയാണ് പ്രസിഡന്റും കൂട്ടാളികളും മര്‍ദ്ദിച്ചത്.

ആം ആദ്മി പാര്‍ട്ടി വണ്ടൂര്‍ മണ്ഡലം കണ്‍വീനറായ സവാദ് അല്ലിപ്രയെയാണ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീനിവാസന്‍, സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗം മുജീബ് കാഞ്ഞിരാല, സി.പി.ഐ.എം ഏരിയ കമ്മറ്റി അംഗവും വാര്‍ഡ് മെമ്പറുമായ എം.ടി. അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

വീഡിയോ കാണാം:

മുമ്പ് ഗ്രാമസഭയില്‍ പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ ശ്രീനിവാസനുമായി ഉണ്ടായ പ്രശ്‌നമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഗ്രാമസഭയില്‍ പ്രസിഡന്റിന്റെ അഴിമതി ചോദ്യം ചെയ്ത് വീഡിയോ എടുത്തതിനെത്തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും പൊലീസ് എത്തി പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു.

അതിനെത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ വേറെ മിനുട്‌സ് എഴുതി സമര്‍പ്പിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ സവാദ് അല്ലിപ്ര വിവരാവകാശം കൊടുത്തിരുന്നു, ഇതാണ് പ്രകോപനം ഉണ്ടാവാന്‍ കാരണമെന്നാണ് വിവരം.

തുടര്‍ന്ന് ഇന്ന് പഞ്ചായത്ത് ഓഫീസില്‍ സെക്രട്ടറിയെ കാണാനെത്തിയ സവാദിനെയും പ്രസിഡന്റും സി.പി.ഐ.എം നേതാക്കളും ചേര്‍ന്ന് അധിക്ഷേപിക്കുകയും അടിക്കുകയുമായിരുന്നുവെന്നും, അക്രമത്തിന്റെ വീഡിയോ ചിത്രീകരിച്ച അദീബ് ലാല്‍ എന്ന വ്യക്തിയേയും ഇവര്‍ ആക്രമിച്ചു എന്നാണ് ആരോപണം.

അതേസമയം പഞ്ചായത്ത് പ്രസിഡന്റിനെ ഇയാള്‍ ജാതീയമായി അധിക്ഷേപിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സി.പി.ഐ.എം പക്ഷം. ഇയാള്‍ സ്ഥിരമായി പഞ്ചായത്ത് ഓഫീസില്‍ വന്ന് പ്രശ്‌നം ഉണ്ടാക്കാറുണ്ടെന്നും, തിരിച്ചും അക്രമണം ഉണ്ടായതെന്നുമാണ് സി.പി.ഐ.എം പറയുന്നത്.

Content Highlight: CPIM-AAP Clash In Mampad Panchayath office