തിരുവനന്തപുരം: പി.എം ശ്രീയിൽ പാർട്ടിക്കകത്ത് ഇനിയും ചർച്ചകൾ വേണ്ടിവരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഘടക കക്ഷികളെ ഇരുട്ടിലാക്കിയല്ല തീരുമാനം എടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 27 ന് നയപരമായ ചർച്ചകൾക്ക് വേണ്ടി സംസ്ഥാന എക്സിക്യൂട്ടീവ് ചേരുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു . പി.എം ശ്രീയിൽ സർക്കാർ ഒപ്പുവെച്ചതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ഇത്രയേറെ ഗൗരവമേറിയ കാര്യത്തില്‍ എല്‍.ഡി.എഫ് പങ്കാളിയാകുമ്പോള്‍ നയപരമായ കാര്യങ്ങള്‍ അറിയിക്കാത്തതിന്റെ യുക്തി മനസിലാകുന്നില്ലെന്നും എൻ.ഒ.യുവിനെ കുറിച്ച് മന്ത്രി സഭയ്ക്കകത്തും ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങളോട് മാത്രമല്ല മന്ത്രിസഭയ്ക്ക് അകത്തും ഇതിനെ പറ്റി ചര്‍ച്ചയുണ്ടായിട്ടില്ല. ഇത്രയേറെ ഗൗരവമേറിയ കാര്യത്തില്‍ എല്‍.ഡി.എഫ് പങ്കാളിയാകുമ്പോള്‍, ഒപ്പിടുമ്പോള്‍ നയപരമായ കാര്യങ്ങള്‍ അറിയിക്കാത്തതിന്റെ യുക്തി മനസിലാകുന്നില്ല,’ ബിനോയ് വിശ്വം പറഞ്ഞു.
മറ്റേതു പാർട്ടിയേക്കാളും എൽ ഡി എഫിന്റെ പിറവിയിലും വളർച്ചയിലും മഹത്തായ പങ്കു വഹിച്ച പാർട്ടിയാണ് സി.പി.ഐ. എൽ.ഡി.എഫിന്റെ ചരിത്രം അതുവന്ന വഴി അതെല്ലാം സി.പി.ഐക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘രണ്ട് തവണ ക്യാബിനറ്റില്‍ ഈ വിഷയം അജണ്ടയ്ക്ക് വന്നിരുന്നു. രണ്ടുതവണയും നയപരമായ തീരുമാനത്തിനായി മാറ്റിവെച്ചു. പിന്നീടൊരിക്കലും കാബിനറ്റില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ല.
എവിടെയും ചര്‍ച്ച ചെയ്യാതെ ആരോടും ആലോചിക്കാതെ ഘടകക്ഷികളെ ഇരുട്ടിലാക്കിക്കൊണ്ട് ഇത്രയും ഗൗരവമേറിയ ഒന്നില്‍ എല്‍.ഡി.എഫ് ഗവര്‍മെന്റിന് എങ്ങനെ മുന്നോട്ടുപോകാന്‍ പറ്റുമെന്ന് സി.പി.ഐക്ക് അറിയില്ല. ഇതല്ല എല്‍.ഡി.എഫിന്റെ ശൈലി. എല്‍.ഡി.എഫ് വാക്കിലും പ്രവര്‍ത്തിയിലും ഇടതുപക്ഷ ജനാധിമൂല്യങ്ങളെ അതിന്റെ മര്യാദകളെയും മാന്യതകളെയും എല്ലാം ഉള്‍ക്കൊള്ളാന്‍ കടപ്പെട്ട പക്ഷമാണെന്ന് സി.പി.ഐക്ക് ബോധ്യമുണ്ട്. ആ നിലപാട് സി.പി.ഐയ്ക്കുണ്ട്,’ ബിനോയ് വിശ്വം പറഞ്ഞു.
ആ ഒപ്പിടല്‍ മുന്നണി മര്യാദകളുടെ ലംഘനമാണെന്നും അത്തരം ലംഘനം എല്‍.ഡി.എഫിന്റെ ഭാഗത്ത് നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അസ്വാഭാവിക തിരക്കോടുകൂടിയാണ് പി.എം ശ്രീ ധാരണാപത്രത്തിൽ സർക്കാർ ഒപ്പുവെച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു.
Content Highlight: CPI State Secretary Binoy Vishwam says further discussions will be needed within the party regarding PM SHRI