തിരുവനന്തപുരം: കേരളത്തെ തഴഞ്ഞുകൊണ്ടുള്ള 2026-27 കേന്ദ്ര ബഡ്ജറ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ (ചൊവ്വ) സി.പി.ഐ.എം കരിദിനം ആചരിക്കും. കേന്ദ്ര അവഗണക്കെതിരെ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയര്‍ത്തിയായിരിക്കും സി.പി.ഐ.എം പ്രതിഷേധിക്കുക.
ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം നിലനില്‍ക്കുന്നില്ലെന്ന രീതിയിലുള്ള ബഡ്ജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. ബഡ്ജറ്റിന് മുമ്പ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം 29 ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അതില്‍ ഒന്നുപോലും കേന്ദ്രം പരിഗണിച്ചില്ലെന്നും സി.പി.ഐ.എം പ്രതികരിച്ചു.
സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ഒരു പദ്ധതിയും കേരളത്തിന് ലഭിച്ചില്ല. കേരളത്തിന്റെ സ്വപ്നമായ എയിംസ് ഈ ബജറ്റിലും പ്രഖ്യാപിച്ചില്ല. റെയില്‍വെ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികളിലും കേരളമില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനുള്ള പ്രത്യേക പാക്കേജും അംഗീകരിക്കപ്പെട്ടില്ലെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.
ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന് ആയുര്‍വേദ എയിംസ് ഇല്ല. ഉള്‍നാടന്‍ ജല ഗതാഗത പദ്ധതിയിലും കേരളമില്ല. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചില്ല.
സര്‍വകലാശകളും ടൗണ്‍ഷിപ്പുകളും പ്രഖ്യാപിച്ചതിലും കേരളത്തെ ഉള്‍പ്പെടുത്തിയില്ല. റബ്ബറിന്റെ വില സ്ഥിരതാ ഫണ്ടും ഇല്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന റെയില്‍വെ കോച്ച് ഫാക്ടറിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമില്ലെന്നും സി.പി.ഐ.എം സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിന്റെ സമ്പദ്ഘടനയെ ഏറെ സഹായിക്കുന്ന പ്രവാസി ക്ഷേമം ലക്ഷ്യമാക്കിയുള്ള യാതൊരു നടപടിയും കേന്ദ്ര ബഡ്ജറ്റില്‍ സ്വീകരിച്ചില്ല. ആശ ഉള്‍പ്പെടെയുള്ള സ്‌കീം വര്‍ക്കര്‍മാരെ പൂര്‍ണമായും അവഗണിച്ചുവെന്നും വിമര്‍ശനമുണ്ട്.
സാധാരണക്കാരെ പൂര്‍ണമായും കൈയൊഴിഞ്ഞ് കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്ന ഒരു ബഡ്ജറ്റ് കൂടിയാണിത്. കോര്‍പ്പറേറ്റുകളുടെ നികുതി വര്‍ധിപ്പിച്ചില്ലെന്ന് മാത്രമല്ല, വന്‍കിട കമ്പനികളുടെ ആള്‍ട്ടര്‍നേറ്റ് ടാക്സ് കുറയ്ക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ എല്ലാവിധ താത്പര്യങ്ങളെയും ഹനിക്കുന്ന ഒന്നായി കേന്ദ്ര ബഡ്ജറ്റ് മാറിയെന്നും സി.പി.ഐ.എം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിലുണ്ടായ വന്‍ വെട്ടിക്കുറവ് കേരളത്തില്‍ ഫലപ്രദമായി നടന്നുകൊണ്ടിരിക്കുന്ന ഈ പദ്ധതിയേയും തകിടം മറിക്കുന്നതാണ്.
ക്ഷേമ പദ്ധതികള്‍ വര്‍ധിപ്പിക്കുന്നതിനുള്ള യാതൊരു നീക്കവും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പാവങ്ങളെ പൂര്‍ണമായും അവഗണിച്ച ഈ ബഡ്ജറ്റ് കേരളത്തിനും വലിയ അവഗണനയാണ് സംഭാവന ചെയ്തിരിക്കുന്നതെന്നും സി.പി.ഐ.എം പറഞ്ഞു.
Content Highlight: CPI(M) will observe a black day in the state tomorrow (Tuesday) to protest against the 2026-27 Union Budget