ഇന്ത്യ മുന്നണിയിലെ ഏറ്റവും ശക്തമായ പ്രസ്ഥാനമായി സി.പി.ഐ.എം ഉണ്ടാകും: എം.വി. ഗോവിന്ദന്‍
Kerala News
ഇന്ത്യ മുന്നണിയിലെ ഏറ്റവും ശക്തമായ പ്രസ്ഥാനമായി സി.പി.ഐ.എം ഉണ്ടാകും: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th September 2023, 2:55 pm

കോഴിക്കോട്: ഇന്ത്യ മുന്നണിയില്‍ ഏറ്റവും ശക്തമായ പ്രസ്ഥാനമായി സി.പി.ഐ.എം ഉണ്ടാകുമെന്ന്  സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോണ്‍ഗ്രസുമായി ഇപ്പോഴും വേദി പങ്കിടുന്നുണ്ടെന്നും ഇന്ത്യ മുന്നണിയുടെ യോഗങ്ങളില്‍ തങ്ങളുടെ ജനറല്‍ സെക്രട്ടറി ഇപ്പോഴും പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ ഇന്ത്യ എന്ന ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ മഹാസഖ്യത്തില്‍ ഏറ്റവും ശക്തമായി സി.പി.ഐ.എം ഉണ്ടാകും. ആ കൂട്ടുകെട്ട് എന്ന് പറയുന്നത്‌ വിശാലമായ ഒരു വ്യവസ്ഥയാണ്. ആ കൂട്ടുകെട്ടില്‍ ഞങ്ങളുണ്ട്. ഇപ്പോള്‍ തന്നെ 28 പാര്‍ട്ടികള്‍ ഉണ്ട്. ഈ 28 പാര്‍ട്ടികളില്‍ പ്രധാനപ്പെട്ട പാര്‍ട്ടിയായി സി.പി.ഐ.എം ഉണ്ടാകും.

കോണ്‍ഗ്രസുമായി ഇപ്പോഴും വേദി പങ്കിടുന്നുണ്ട്. ഇന്ത്യ മുന്നണിയുടെ യോഗങ്ങളില്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ പങ്കെടുത്ത് കൊണ്ടാണ് പരിപാടികള്‍ നടക്കുന്നത്,’ എ.വി. ഗോവിന്ദന്‍ പറഞ്ഞു.

സി.പി.ഐ.എം ഇന്ത്യ മുന്നിയുടെ ഭാഗമാകുന്നത് എല്‍.ഡി.എഫിന് ക്ഷീണം ചെയ്യില്ല എന്ന സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ അഭിപ്രായത്തോടുള്ള പ്രതികരണവും എം.വി. ഗോവിന്ദന്‍ നടത്തി. ഓരോരുത്തര്‍ക്കും ഓരോരുത്തരുടേതായ നിലപാടുകളുണ്ടെന്നും തന്റെ നിലപാടാണ് താന്‍ പറഞ്ഞതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ബി.ജെ.പിയെ താഴെ ഇറക്കുക, ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയെ ഫലപ്രദമായി എതിര്‍ക്കുന്ന മതനിരപേക്ഷ ഉള്ളടക്കമുള്ള ഇന്ത്യ സഖ്യത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി സി.പി.ഐ.എം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

content highlights: CPI(M) will be the most powerful movement on the India front: M.V. Govindan