കോഴിക്കോട്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സി.പി.ഐ.എം സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ അവരുടെ പുരോഗതിക്കും സമൃദ്ധിക്കും സമാധാനം അര്‍ഹിക്കുന്നുവെന്നും ഭീകരവാദം ഒന്നിനും പരിഹാരമല്ലെന്നും എം.എ ബേബി പ്രതികരിച്ചു.
‘സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മാര്‍ഗത്തില്‍ ജീവിക്കാന്‍ രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് അവകാശമുണ്ട്,’ എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തിന് അന്ത്യം കുറിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ടതുണ്ടെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.
ഇന്ന് വൈകീട്ടോടെയാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നത്.
അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന നീണ്ട രാത്രി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ അവകാശപ്പെട്ടത്. അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഇരുരാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ട്രംപ് പ്രതികരിച്ചു.
ഇന്ന് 3.35ന് പാകിസ്ഥാന്റെ ഡയറക്ടേഴ്സ് ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് (ഡി.ജി.എം.ഒ) ഇന്ത്യയുടെ ഡി.ജി.എം.ഒ യെ വിളിച്ചതായും കരയിലും കടലിലും ആകാശത്തും ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ എല്ലാ സൈനിക നടപടികളും നിര്‍ത്തിവെക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും പറഞ്ഞു.
തിങ്കളാഴ്ച്ച ഇരുരാജ്യത്തിന്റേയും ഡി.ജി.ഒമാര്‍ ചര്‍ച്ച നടത്തും. അതിന് ശേഷമാവും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങലും പിന്മാറുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ തുടരുമെന്ന് ഇന്ത്യന്‍ സൈനിക വക്താക്കളും അറിയിച്ചിട്ടുണ്ട്. പാകിസ്ഥാന് ഏറ്റവും വലിയ തിരിച്ചടിയാണ് നിലവില്‍ ഏറ്റതെന്നും ഏത് സാഹചര്യത്തിലും തിരിച്ചടിക്കാന്‍ ഇന്ത്യ സജ്ജമാണെന്നും സൈനിക വക്താക്കള്‍ പറഞ്ഞു.
ഇരുരാജ്യങ്ങളും കടലിലും കരയിലും ആകാശത്തുമുള്ള എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍ ധാരണയിലെത്തിയതായും മൂന്ന് സേന വിഭാഗങ്ങളോടും ഇക്കാര്യം പാലിക്കാന്‍ നിര്‍ദേശം നല്‍കിയതായും കമ്മഡോര്‍ രഘു. ആര്‍. നായര്‍ പ്രതികരിച്ചു.
സംഘര്‍ഷത്തിലുടനീളം പാകിസ്ഥാന്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തിയിരുന്നതായി കേണല്‍ സോഫിയ ഖുറേഷിയും പ്രതികരിച്ചു. ഇന്ത്യയ്ക്ക് കനത്ത നാശനഷ്ടം വരുത്തിയതായാണ് പലപ്പോഴും പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നത്. പാകിസ്ഥാന്‍ അവരുടെ ജെ.എഫ് 17 ഉപയോഗിച്ച് ഇന്ത്യയുടെ എസ്. 400 ബ്രഹ്‌മോസ് മിസൈല്‍ ബേസിന് വലിയ നാശം വരുത്തിയതായി അവകാശപ്പെട്ടത് തെറ്റാണെന്ന് മൂന്ന് സേനപ്രതിനിധികളും പറഞ്ഞു.
Content Highlight: CPI(M) welcomes India-Pak ceasefire; Terrorism is not a solution to anything: M.A. Baby